ലോക ക്രിക്കറ്റില്‍ ഒരു കാലത്തു എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമെന്നു വിലയിരുത്തപ്പെട്ട താരമാണ് മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. 14 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒട്ടുമിക്ക ലോകോത്തര ബൗളര്‍മാരെയും നേരിയാനുളള ഭാഗം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരെ ഇക്കൂട്ടത്തിലുണ്ട്. ഏതു ബൗളററെയും നിര്‍ഭയനായി നേരിടാനും ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കളിക്കാനും മിടുക്കനായിരുന്നു എബിഡി.
തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരു ബൗളറെ നേരിടാനാണ് ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ളതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് എബിഡി. പക്ഷെ അതു മഗ്രാത്തോ, ബുംറയോ, ലസിത് മലിങ്കയോ, ബ്രെറ്റ് ലീയോ ഒന്നും തന്നെയല്ലെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

ആ ബൗളറാര്?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദീര്‍ഘകാലമൊന്നും കളിച്ചിട്ടില്ലാത്ത ഒരു ബൗളറാണ് തന്നെ വെള്ളം കുടിച്ചിട്ടുള്ളതെന്നാണ് എബി ഡിവില്ലിയേഴ്‌സ് പറയുന്നത്. അതു പാക്‌സതാന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫാണ്. പാകിസ്താന്‍ കുപ്പായത്തില്‍ വളരെ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെ ഒത്തുകളി വിവാദത്തിലകപ്പെട്ട് പിന്നീട് കരിയര്‍ പോലും അസ്തമിച്ച താരമാണ് അദ്ദേഹം.
സ്‌പോര്‍ട്‌സ് തക്കുമായി (Sports Tak) സംസാരിക്കവെയാണ് തന്റെ ഉറക്കം കെടുത്തിയിട്ടുള്ള ആ ബൗളറെ കുറിച്ച് ആസിഫ് തുറന്നു പറഞ്ഞത്. എനിക്കു ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആ ബൗളര്‍ മുഹമ്മദ് ആസിഫാണ്. ചെറുപ്പകാലത്തു എന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതായിരുന്നില്ല.
എന്റെ വീക്ക്‌നെസ് അദ്ദേഹം (ആസിഫ്) മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹം വളരെ മനോഹരമായി പന്തെറിഞ്ഞ ബൗളറായിരുന്നു ലോകമെമ്പാടുമുള്ള ചില ബാറ്റര്‍മാര്‍ക്കു ആസിഫ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എബിഡി വിശദമാക്കി.
2005ല്‍ പാകിസ്താനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരമാണ് വലംകൈയന്‍ ഫാസ്റ്റ് ബൗളറായ ആസിഫ്. വേഗതയേക്കാള്‍ ലൈനും ലെങ്ത്തുമായിരുന്നു അദ്ദേഹത്തിന്റെ ആയുധം.
പാക് ടീമിനായി 23 ടെസ്റ്റുകളും 38 ഏകദിനങ്ങളും 11 ടി20കളും ആസിഫ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 24.36 ശരാശരിയില്‍ 106 വിക്കറ്റുകളെടുത്ത അദ്ദേഹം ഏകദിനത്തില്‍ 46ഉം ടി20യില്‍ 13ഉം വിക്കറ്റുകള്‍ പോക്കറ്റിലാക്കുകയും ചെയ്തു.
2010ല്‍ ഇംഗ്ലണ്ടുമായുള്ള ഒരു ടെസ്റ്റില്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടതോടെ ആസിഫിന്റെ കരിയറും തകരുകയായിരുന്നു. പാക് ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ഭട്ടും അന്നു കത്തിനിന്ന യുവപേസര്‍ മുഹമ്മദ് ആമിറും ഈ സംഭത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു.
ഇതോടെ ഇവര്‍ക്കെല്ലാം വിലക്കും ലഭിക്കുകയായിരുന്നു. വിലക്കിനു ശേഷം ആമിര്‍ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയപ്പോള്‍ ആസിഫിനും ബട്ടിനും അതു സാധിച്ചതുമില്ല.

സ്റ്റെയ്‌നോ, ബുംറയോ
ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളറെ കുറിച്ചു ചോദിച്ച ഇതേ പരിപാടിയില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അതു ആരെയാവുമെന്നും എബിഡിയോടു ചോദിച്ചു. പക്ഷെ കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു അദ്ദേഹം മറുപടി നല്‍കിയില്ല. രണ്ടു പേരെയും തന്റെ ടീമിലെടുക്കുമെന്നായിരുന്നു എബിഡിയുടെ രസകരമായ മറുപടി.
2018ല്‍ തികച്ചും അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എങ്കിലും ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളി തുടര്‍ന്നു. 2021ലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കുപ്പായത്തില്‍ എബിഡിയെ ഐപിഎല്ലില്‍ അവസാനമായി കളിച്ചത്.