മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പൊളിച്ചെഴുത്തിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുകയാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഇനി അധികനാള്‍ മുന്നോട്ട് പോകാനാവില്ല. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ തോല്‍വിക്ക് പിന്നാലെ രോഹിത്തിനെതിരായ വിമര്‍ശനം ശക്തമാണ്. പരിശീലകനായ ഗൗതം ഗംഭീറും രോഹിത്തിനെതിരായിരിക്കുകയാണ്. ഓസീസില്‍ ഏഴ് ശരാശരിയിലാണ് രോഹിത്തിന്റെ ബാറ്റിങ് പ്രകടനം. മികച്ച യുവതാരങ്ങള്‍ പുറത്തിരിക്കവെ രോഹിത്തിന് ഇനിയും അധികനാള്‍ ടീമില്‍ തുടരാനാവില്ല.
ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫിയടക്കം കളിക്കാന്‍ രോഹിത് തയ്യാറായിരിക്കുകയാണ്. എന്നാല്‍ പഴയ മികവിലേക്ക് തിരിച്ചെത്തുക രോഹിത്തിന് പ്രയാസമായിരിക്കും. രോഹിത്തിനെ മാറ്റിനിര്‍ത്തുമ്പോള്‍ പുതിയ നായകനെക്കൂടി ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. അത് ആരാവുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമായുള്ളത്. ജസ്പ്രീത് ബുംറ, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ തുടങ്ങി നിരവധി താരങ്ങളെ നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.
ഐപിഎല്ലിലൂടെയടക്കം മികവ് തെളിയിച്ച നിരവധി ക്യാപ്റ്റന്മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. പല പ്രമുഖരും പല നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ട രണ്ട് പേര്‍ ആരൊക്കെയാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.
ജയ്‌സ്വാളോ റിഷഭോ നായകനാവണം
നിലവിലെ ഇന്ത്യന്‍ ടീമിലെ സീനിയോരിറ്റി പരിഗണിക്കുമ്പോള്‍ ജസ്പ്രീത് ബുംറക്കാണ് കൂടുതല്‍ സാധ്യത. ഇതിനോടകം ഇന്ത്യയുടെ ടെസ്റ്റ് നായകനായി കളിക്കാന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഒരു നായകനെന്ന നിലയിലേക്ക് ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ ബുംറക്ക് നറുക്ക് വീഴാനാണ് സാധ്യത. എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസറെ ക്യാപ്റ്റനാക്കേണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ നായകനാവണമെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്.
'യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരിലൊരാളെയാണ് ഇന്ത്യ ക്യാപ്റ്റനാക്കേണ്ടത്. കുറച്ച് മാസങ്ങള്‍ക്കൂടി ടീമിനെ നയിക്കാമെന്ന് രോഹിത് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അതിന് ശേഷം ആരെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ജസ്പ്രീത് ബുംറയെ നായകനാക്കിയാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. തീരുമാനം അവരുടേതാണ്' യുട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു. ബുംറക്ക് ഇപ്പോള്‍ത്തന്നെ ജോലി ഭാരം കൂടുതലാണ്. നായകസ്ഥാനം കൂടി ലഭിച്ചാല്‍ ബുംറയെ അത് പ്രതികൂലമായി ബാധിച്ചേക്കും.

ഗംഭീറിന് താല്‍പര്യം ജയ്‌സ്വാളിനെ
ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ യശ്വസി ജയ്‌സ്വാളിനെ നായകനാക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞിടെ നടന്ന ബിസിസി ഐയുടെ യോഗത്തില്‍ ജയ്‌സ്വാളിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കാര്യം ഗംഭീര്‍ സൂചിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. ജയ്‌സ്വാള്‍ ഇന്ത്യയുടെ യുവതാരമാണ്. ഇപ്പോള്‍ നായകസ്ഥാനത്തേക്കിയാല്‍ ജയ്‌സ്വാളിന്റെ വളര്‍ച്ചയെ അത് ബാധിച്ചേക്കും.
സമ്മര്‍ദ്ദം മൂലം യുവതാരത്തിന്റെ ബാറ്റിങ് പ്രകടനം മോശമാകാനുള്ള സാധ്യതകളും ഏറെയാണ്. അതുകൊണ്ടുതന്നെ യശ്വസി ജയ്‌സ്വാളിനെ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് മണ്ടത്തരമാവും. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് ജയ്‌സ്വാളിനില്ല. റിഷഭ് പന്തിന്റെ സമീപകാല ഫോം മോശമാണ്. പഴയതുപോലെ സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ റിഷഭിനേയും ക്യാപ്റ്റനാക്കുക പ്രയാസം.
സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയേ ഫലം കാണൂ
ഇന്ത്യ ഏറെ നാളുകളായി പിന്തുടരുന്ന രീതി മൂന്ന് ഫോര്‍മാറ്റിലും ഒരേ നായകനെന്നതായിരുന്നു. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിങ്ങനെ ഈ പട്ടിക നീളുകയാണ്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോര്‍മാറ്റിലേക്കുമായി ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന താരമില്ല. ടി20യിലെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവ് മാറിയേക്കില്ല. ഏകദിനത്തില്‍ കെ എല്‍ രാഹുലിനേയും ടെസ്റ്റില്‍ ജസ്പ്രീത് ബുംറയേയും നായകനാക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.