ലോക ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ഒരുപാട് ബൗളര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. കണ്ണഞ്ചിപ്പിക്കുന്ന ലൈനും ലെങ്ത്തും കൊണ്ടു മാത്രമല്ല മാരകമായ ബൗണ്‍സറും യോര്‍ക്കറുകളും കൊണ്ട് ലോക ക്രിക്കറ്റില്‍ വിലസിയ പല ഇതിഹാസങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ തന്റെ ബൗളിങിലൂടെ ഏറ്റവുമധികം ബാറ്റര്‍മാര്‍ക്കു പരിക്കേല്‍പ്പിച്ചിട്ടുള്ള ബൗളര്‍ ആരാണെന്നറിയാമോ?
റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ലോകം വിശേഷിപ്പിക്കുന്ന പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഭയപ്പെടുത്തുന്ന റണ്ണപ്പും തീയുണ്ട കണക്കെയുള്ള വേഗതയും കൊണ്ട് അക്തര്‍ എല്ലാ കാലത്തും ബാറ്റര്‍മാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. അക്തറെ നേരിടാന്‍ വലിയ ഭയമായിരുന്നുവെന്നു പല താരങ്ങളും പിന്നീട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും കുറഞ്ഞത് 19 ബാറ്റര്‍മാരെങ്കിലും അക്തറെ നേരിടവെ പരിക്കേറ്റ ശേഷം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ ചിലരുടെ പരിക്കാവട്ടെ സാരമുള്ളതുമായിരുന്നു. തന്റെ ബൗളിങിലൂടെ ക്രീസിലുള്ള ബാറ്റര്‍ പരിക്കേറ്റ് വീണ് പിടഞ്ഞാലും അക്തര്‍ക്കു അതൊന്നും അത്ര വലിയ വിഷയമായിരുന്നില്ല. കരിയറിലുടനീളം ബൗണ്‍സറുകളും ഷോര്‍ട്ട് ബോളുകളും ശരീരം ലക്ഷ്യമാക്കിയുള്ള ബോളുകളുമെറിഞ്ഞ് അദ്ദേഹം ബാറ്റര്‍മാര്‍ക്കു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.
അക്തറിനെതിരേ ബാറ്റ് ചെയ്യവെ പരിക്കേറ്റവരുടെ നിരയില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമുണ്ട്. അക്തറിന്റെ ബോള്‍ ദേഹത്തു തട്ടിയതിനെ തുടര്‍ന്നു രണ്ടു തവണയാണ് അദ്ദേഹത്തിന്റെ വാരിയെല്ലിനു പൊട്ടലേറ്റിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയ്ക്കും ഒരിക്കല്‍ അക്തറിനെതിരേ കളിക്കവെ ഗുരുതര പരിക്കേറ്റിരുന്നു.
പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മല്‍സരത്തിനിടെയായിരുന്നു സംഭവം. അക്തറുടെ ബൗണ്‍സറില്‍ നിന്നും ഒഴിയാന്‍ ശ്രമിക്കവെ ബോള്‍ ലാറയുടെ കഴുത്തില്‍ പതിക്കുകയായിരുന്നു. തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ബോധരഹിതനായി ക്രീസില്‍ വീഴുകയും ചെയ്തു. ഇതിനു പിന്നാലെ ലാറയെ ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടതായി വന്നിരുന്നു.
ഇതേക്കുറിച്ച് അക്തര്‍ മല്‍സരശേഷം പ്രതികരിക്കുകയും ചെയ്തിരുന്നു. ബ്രയാന്‍ ലാറ മരിച്ചുപോവാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. കാരണം തലയ്ക്കു ഇഞ്ചുകള്‍ മാത്രം താഴെയായിരുന്നു ബോള്‍ കൊണ്ടത്. അതു തലയിലാണ് പതിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ തലയോട്ടിയുടെ എല്ല് പോലും തകര്‍ന്നു പോവുമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാതിരുന്നതില്‍ ദൈവത്തോടു നന്ദി പറയുകയാണെന്നായിരുന്നു അക്തറുടെ വാക്കുകള്‍.
സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ഗാരി കേസ്റ്റണും ഒരിക്കല്‍ ഷുഐബ് അക്തറിനെതിരേ കളിക്കവെ മുഖത്തു ഗുരുതരമായി പരിക്കേറ്റിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും കേസ്റ്റണിനെ ഇതു മാരകമായ പരിക്കില്‍ നിന്നും രക്ഷിച്ചില്ല. മുഖത്ത് 10 തുന്നലുകളാണ് അദ്ദേഹത്തിനു അന്നു വേണ്ടിവന്നത്. കൂടാതെ മൂക്കിനും കണ്ണിനു താഴെയും പൊട്ടലേല്‍ക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളറെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അക്തറുടെ പേരില്‍ ഭദ്രമാണ്. 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ അക്തറിന്റെ ഒരു ബോളിന്റെ വേഗത മണിക്കൂറില്‍ 161 കിമിയായിരുന്നു. 20 വര്‍ഷത്തിലേറെ പിന്നിട്ടും അക്തറുടെ ഈ ലോക റെക്കോര്‍ഡിനെ വെല്ലുവിളിക്കാന്‍ മറ്റൊരു ബൗളര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

അക്തറുടെ അന്താരാഷ്ട്ര കരിയറിലേക്കു വരികയാണെങ്കില്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം പാകിസ്താനു വേണ്ടി കളിച്ചിട്ടുണ്ട്. എങ്കിലും ഏകദിനത്തിലാണ് അക്തറിനെ ഏറ്റവുമധികം തവണ പാക് കുപ്പായത്തില്‍ കണ്ടിട്ടുള്ളത്.
163 മല്‍സരങ്ങളില്‍ റാവല്‍പിണ്ടി എക്‌സ്പ്രസ് പാകിസ്താനു വേണ്ടി പന്തെറിഞ്ഞു. 4.77 ഇക്കോണമി റേറ്റില്‍ 247 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം. അഞ്ചു ഫൈഫറുകള്‍ ഏകദിനത്തില്‍ അക്തറിന്റെ പേരിലുണ്ട്.
ടെസ്റ്റില്‍ 46 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 3.37 ഇക്കോണമി റേറ്റില്‍ 178 വിക്കറ്റുകളും സ്വന്തമാക്കി. 10 വിക്കറ്റ് നേട്ടം രണ്ടു തവണയും അഞ്ചു വിക്കറ്റ് നേട്ടം 12 തവണയും കൈവരിക്കാന്‍ അക്തറിനായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനം 11 റണ്‍സിനു ആറു പേരെ പുറത്താക്കിയതാണ്. ടി20യില്‍ വെറും 15 മല്‍സരങ്ങളില്‍ മാത്രമേ അക്തറിനു കളിക്കാനായുള്ളൂ. 8.15 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് 19 വിക്കറ്റുകള്‍ മാത്രമാണ്.