ലോക ക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുപോയ വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച അതുല്യ പ്രതിഭ. ക്രിക്കറ്റ് ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ഇതിഹാസം. ക്രിക്കറ്റിന്റെ എല്ലാ അഴകും ഒത്തുചേര്‍ന്ന സച്ചിന്റെ ബാറ്റിങ് പ്രതിഭയെ ഭയക്കാത്ത ബൗളര്‍മാരില്ല. വസിം അക്രം, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, ഷുഹൈബ് അക്തര്‍ ഇങ്ങനെ നീളുന്ന പേസര്‍മാര്‍ക്കൊന്നും സച്ചിനെ വിറപ്പിക്കാനായിട്ടില്ല.
ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്പിന്‍ നിരയും സച്ചിന്റെ മികവിന് മുന്നില്‍ മുട്ടുകുത്തിയുണ്ട്. ഇവര്‍ക്കെല്ലാം എതിരേ മികച്ച റെക്കോഡുകള്‍ സച്ചിനുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനെ വിറപ്പിച്ച ഒരു ബൗളറുണ്ട്. സച്ചിന്‍ തന്നെ ഈ ബൗളറെക്കുറിച്ച് പല വട്ടം തുറന്നുപറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അതൊരു സ്‌പെഷ്യലിസ്റ്റ് ബൗളറായിരുന്നില്ലെന്നതാണ് കൗതുകകരമായ കാര്യം.
ആ ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഹാന്‍സി ക്രോണ്യെയാണ്. 1992ല്‍ ക്രിക്കറ്റിലേക്കെത്തി 2000ത്തോടെ അദ്ദേഹം കളം വിട്ടെങ്കിലും ഇക്കാലയളവില്‍ ഗംഭീര റെക്കോഡുകള്‍ സ്വന്തം പേരിലാക്കി. കൂടാതെ ബാറ്റിങ് മികവിന്റെ അവസാന വാക്കെന്ന് പറയാന്‍ സാധിക്കുന്ന സച്ചിന്‍ പോലും ഭയപ്പെട്ട ഏക ബൗളറെന്ന് പേരെടുക്കാനും ഹാന്‍സിക്കായി. ഒന്നിലധികം വേദികളില്‍ ഹാന്‍സിയുടെ ബൗളിങ് നേരിടാന്‍ പ്രയാസപ്പെട്ടിരുന്നുവെന്ന് സച്ചിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
'ഞാന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമുള്ള ബൗളര്‍ ഹാന്‍സി ക്രോണ്യെയാണ്. ബുദ്ധിമാനായ ബൗളറാണവന്‍. ബാറ്റ്‌സ്മാന്റെ തന്ത്രത്തെ കൃത്യമായി മനസിലാക്കും. ഞാന്‍ ക്രീസില്‍ നിലയുറപ്പിച്ച ശേഷവും ഹാന്‍സി പന്തെറിയാന്‍ വരുമ്പോള്‍ അല്‍പ്പം സമ്മര്‍ദ്ദം തോന്നിയിരുന്നു. എന്നെ ഒന്നു രണ്ടു തവണ അവന്‍ പുറത്താക്കിയിട്ടുമുണ്ട്.

ഒരു തവണ അവന്‍ പന്തെറിയാന്‍ വന്നപ്പോള്‍ നീ എന്തിനാണ് പന്തെറിയുന്നത് അലന്‍ ഡൊണാള്‍ഡിന് പന്ത് നല്‍കൂ എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്'- ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവെ സച്ചിന്‍ പറഞ്ഞു. ഹാന്‍സിയുടെ തന്ത്രങ്ങളാണ് സച്ചിനെ പ്രയാസപ്പെടുത്തിയിരുന്നത്. സച്ചിന്റെ നീക്കങ്ങളെ മുന്‍കൂട്ടി കണ്ടിരുന്ന ബൗളറായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സച്ചിന് വലിയ പ്രകടനം ഹാന്‍സിക്കെതിരേ നടത്താനായിട്ടില്ല.
സച്ചിനെതിരേ 32 ഏകദിനത്തില്‍ പന്തെറിഞ്ഞപ്പോള്‍ 3 വട്ടമാണ് ഹാന്‍സി പുറത്താക്കിയത്. ടെസ്റ്റിലാണ് അദ്ദേഹം സച്ചിനെ കൂടുതല്‍ വെള്ളം കുടിപ്പിച്ചത്. 11 ടെസ്റ്റില്‍ നിന്ന് 5 തവണയാണ് സച്ചിനെ ഹാന്‍സി പുറത്താക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസമായി വിരമിക്കേണ്ടിയിരുന്ന താരമായിരുന്നെങ്കിലും 2000ല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടു. താരം കുറ്റ സമ്മതം നടത്തിയതോടെ ആജീവനാന്ത വിലക്ക് നേരിടുകയായിരുന്നു. 32ാം വയസില്‍ വിമാന അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടത് തീരാ നോവായി.
ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറക്കാനാവാത്ത പേരാണ് ഹാന്‍സി ക്രോണ്യെ. ദക്ഷിണാഫ്രിക്കയ്ക്കായി 68 ടെസ്റ്റില്‍ നിന്ന് 3714 റണ്‍സും 43 വിക്കറ്റും 188 ഏകദിനത്തില്‍ നിന്ന് 5565 റണ്‍സും 114 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഒത്തുകളി കേസില്‍ അകപ്പെട്ടില്ലായിരുന്നെങ്കില്‍ ജാക്‌സ് കാലിസിനെക്കാളും മികച്ച റെക്കോഡോടെ അദ്ദേഹത്തിന് വിരമിക്കാമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനത് സാധിക്കാതെ പോയി.
അതേ സമയം 1989ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സച്ചിന്‍ 2013 നവംബര്‍ 4നാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നത്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 436 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സുമാണ് സച്ചിന്റെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇന്നും സച്ചിന്റെ പേരിലാണുള്ളത്. സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന റെക്കോഡും റണ്‍സും ഭേദിക്കാന്‍ ഇനിയൊരു താരം പിറവിയെടുക്കേണ്ടിയിരിക്കുന്നു.