ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നും ഓള്‍ ഫോര്‍മാറ്റ് പ്ലെയറെന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്നയാളാണ് യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ ടെസ്റ്റില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇപ്പോള്‍ സ്ഥാനമുള്ള. ടി20യില്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ട ജയ്‌സ്വാള്‍ ഏകദിനത്തിലാവട്ടെ ബാക്കപ്പ് ഓപ്പണറുമാണ്.
സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. പരിക്കു കാരണം ക്യാപ്റ്റനും ഫസ്റ്റ് ചോയ്സ് ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു പിന്‍മാറേണ്ടി വന്നപ്പോള്‍ ജയ്‌സ്വാളിനു നറുക്കുവീഴുകയായിരുന്നു. അവസാന കളിയില്‍ സെഞ്ച്വറിയോടെ അദ്ദേഹം സാന്നിധ്യമറിയിക്കുകയും ചെയ്തു.

ഇനി അടുത്ത ആഗസ്റ്റില്‍ ശ്രീലങ്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പമ്പരയില്‍ മാത്രമേ ജയ്‌സ്വാള്‍ കളിക്കാനിടയുള്ളൂ. അതിനിടെ ഒരു കളി ടൈയാവുകുയും തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്കു കടക്കുകയു ചെയ്താല്‍ ബാറ്റിങ് പങ്കാളിയായി ആഗ്രഹിക്കുന്നയാളെ കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഫേവറിറ്റ് പങ്കാളിയാര്?
പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സൂപ്പര്‍ ഓവറില്‍ ആര്‍ക്കൊപ്പം ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്നു യശസ്വി ജയ്‌സ്വാള്‍ തുറന്നു പറഞ്ഞത്.
ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ അഭിഷേക് ശര്‍മയോ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണോയല്ല അദ്ദേഹത്തിന്റെ ഫേവറിറ്റ്. മറിച്ച് മുന്‍ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ മാന്‍, സ്‌പൈഡര്‍മാന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ആര്‍ക്കെല്ലാം നല്‍കാമെന്നതായിരുന്നു അഭിമുഖത്തിലെ രസകരമായ മറ്റു രണ്ടു ചോദ്യങ്ങള്‍. തിലക് ര്‍മയെ സൂപ്പര്‍ മാനാക്കിയ ജയ്‌സ്വാള്‍ സ്‌പൈഡര്‍ മാനെന്ന് വിളിക്കാവുന്നത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെയാണെന്നും വ്യക്താമാക്കി.
അതേസമയം, സൗത്താഫ്രിയുമായുള്ള അവസാന ഏകദിന പരമ്പരയിലെ മൂന്നു കളിയിലും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തത് ജയ്‌സ്വാളാണ്. നേരത്തേ ടെസ്റ്റിലും ടി20യിലുമെല്ലാം ഓപ്പണിങ് പങ്കാളികളായവരാണ് ഇരുവരും. സൗത്താഫിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ 18 (16 ബോള്‍), 22(38) എന്നിങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ പ്രകടനം.

എന്നാല്‍ അവസാന കളിയില്‍ അദ്ദേഹം ഈ ക്ഷീണം തീര്‍ത്തു. 121 ബോളില്‍ 12 ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 116 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബാറ്റിങില്‍ യാതൊരു ടൈമിങുമില്ലാതെ താരം വലഞ്ഞിരുന്നു.
പിന്നീട് താളം വീണ്ടെടുത്ത ശേഷം വളരെ അശ്രദ്ധമായ പല ഷോട്ടുകള്‍ക്കു ജയ്‌സ്വാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ സമയങ്ങളിലെല്ലാം ക്രീസിന്റെ മറുവശത്തുള്ള രോഹിത് അരികിലേക്കു വരികയും കുറേക്കൂടി ശാന്തമായി കളിച്ച് വലിയ സ്‌കോറിനായി ശ്രമിക്കൂയെന്നു ജയ്‌സ്വാളിനെ ഉപദേശിക്കുകയും ചെയ്തു. ഇതാണ് കന്നി സെഞ്ച്വറിയിലേക്കും താരത്തെ നയിച്ചത്.