ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരേയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് പാകിസ്താന്റെ യുവ സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്. ഒരു യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയ ശേഷം പറഞ്ഞ കാര്യത്തിന്റെ പേരിലാണ് താരം പുലിവാല്‍ പിടിച്ചിരിക്കുന്നത്.
ക്രിക്കറ്റ് പ്രേമികളില്‍ ഒരു വിഭാഗം പേര്‍ അബ്രാറിനെതിരേ ആഞ്ഞിടിക്കുമ്പോള്‍ അതു കാര്യമാക്കേണ്ടെന്നും തമാശയായി മാത്രം എടുത്താല്‍ മതിയെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ റണ്ണറപ്പായ പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നു അബ്രാര്‍.
ഫൈനലുള്‍പ്പെടെ ഇന്ത്യക്കെതിരായ മല്‍സരങ്ങളില്‍ താരം നനഞ്ഞ പടക്കമായി മാറിയപ്പോള്‍ മറ്റു എതിരാളികള്‍ക്കെതിരേ നന്നായി പന്തെറിയുകയു ചെയ്തു. ബാറ്ററെ പുറത്താക്കിയ ശേഷമുള്ള അബ്രാറിന്റെ രസകരമായ ആഘോഷപ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്രീസിലുള്ള ബാറ്റര്‍ മടങ്ങവെ അയാളെ നോക്കി തല കൊണ്ട് പുറേേത്തക്ക്, പുറത്തേക്ക് എന്നു ആംഗ്യം കാണിക്കുന്ന രീതിയിലായിരുന്നു പാക് സ്പിന്നറുടെ ആഹ്ലാദപ്രകടനം. ഫൈനലില്‍ സഞ്ജു ഔട്ടായപ്പോഴും ട്രേഡ്മാര്‍ക്കായ തന്റെ ആഹ്ലാദപ്രകടനവും അബ്രാര്‍ നടത്തി. പിന്നീട് ഫൈനലിനു ശേഷം പാക് താരത്തെ പരിഹസിച്ച് കൊണ്ട് അര്‍ഷ്ദീപ് സിങുള്‍പ്പെടെയുള്ള ടീമിലെ ചിലര്‍ ഇതു അനുകരിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
അബ്രാര്‍ പറഞ്ഞതെന്ത്?
പാകിസ്താനില്‍ നിന്നുള്ള ഒരു യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴായിരുന്നു അബ്രാര്‍ അഹമ്മദ് രസകപമായ ഒരു ചോദ്യത്തിന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേരുപറഞ്ഞത്. ബോക്‌സിങ് റിങില്‍ നേരിടാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റര്‍ ആരാണെന്നായിരുന്നു അബ്രാറിനോടുള്ള ആങ്കറുടെ ചോദ്യം.
ഞാന്‍ ബോക്‌സിങിനു ഇറങ്ങുകയാണെങ്കില്‍ റിങ്ങില്‍ മറുഭാഗത്ത് ശിഖര്‍ ധവാനുണ്ടാവണമെന്നാണ് ആഗ്രഹമെന്നായിരുന്നു ചിരിയോടെയുള്ള അബ്രാറിന്റെ മറുപടി. ഇതു കേട്ടു ആങ്കറും ഒന്നു വണ്ടറടിക്കുക തന്നെ ചെയ്തു. ശിഖര്‍ ധവാന്‍ നിങ്ങള്‍ തയ്യാറാണോയെന്നായിരുന്നു തുടര്‍ന്നു ക്യാമറയ്ക്കു നേരെ നോക്കിയുള്ള അവരുടെ ചോദ്യം.
ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കളത്തിന് അകത്തും പുറത്തുമുള്ള ബന്ധം ഒരുപോലെ വഷളായി മാറിയിരിക്കുക്കുന്ന ഈ സാഹചര്യത്തില്‍ അബ്രാറിന്റെ ഈ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഒട്ടും തന്നെ രസിച്ചിട്ടില്ല. വീഡിയോക്കു താഴെ പാക് സ്പിന്നറെ പരിഹസിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേര്‍ രംഗത്തു വരികയും ചെയ്തു.
ശിഖര്‍ ധവാനുമായി ബോക്‌സിങ് റിങില്‍ ഏറ്റമുട്ടണം പോലും. അബ്രാര്‍ അഹമ്മദിന് ബോക്‌സിങിന്‍െ സ്‌പെല്ലിങ് എന്താണെന്നു പോലും കൃത്യമായി അറിയാനിടയില്ല. അതിനിടെയാണ് ഇടിക്കൂട്ടിലേക്കു ധവാനെ വെല്ലുവിളിച്ചിരിക്കുന്നത്.

പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന്റെ ആഗ്രഹം കേട്ടില്ലേ? ശിഖര്‍ ധവാനെ ബോക്‌സിങ് റിങില്‍ ഇടിച്ചിടാനുള്ള ശേഷിയൊന്നും ഇയാള്‍ക്കില്ല. ഗബ്ബാറിന്റെ (ശിഖര്‍ ധവാന്‍) രണ്ടു ഇടിക്കു തന്നെ ഇവന്‍ താഴെ വീണിട്ടുണ്ടാവും.
ചില ഗായകര്‍ പറയാറുള്ളതു പോലെ ആയിപ്പോയി അബ്രാര്‍ അഹമ്മദിന്റെ ഈ ആഗ്രഹം. പാട്ടു പാടിക്കൊണ്ടിരിക്കെ സ്റ്റേജില്‍ വച്ചു മരിക്കാനാണ് ആഗ്രഹമെന്നു ചില പാട്ടുകാര്‍ പറയാറുണ്ട്. അതു പോലെ ബോക്‌സിങ് റിങില്‍ ശിഖര്‍ ധവാനുമായി ഏറ്റുമുട്ടിയാല്‍ അബ്രാറും ഇതുപോലെ വീണു മരിക്കാനിടയുണ്ട്- എന്നിങ്ങനെയായിരുന്നു ആരാധകരില്‍ നിന്നുള്ള ചില രസകരമായ പ്രതികരണങ്ങള്‍.
അതേസമയം, 27 കാരനായ അബ്രാര്‍ മൂന്നു ഫോര്‍മാറ്റുകളിലും പാകിസ്താനു വേണ്ടി ഇതിനകം കളച്ചു കഴിഞ്ഞു. ടി20യില്‍ 23 മല്‍സരങ്ങളില്‍ നിന്നും 6.6 ഇക്കോണമി റേറ്റില്‍ 29 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 10 കളിയില്‍ 46ഉം ഏകദിനത്തില്‍ 11 മല്‍സരങ്ങളില്‍ നിന്നും 18ഉം വിക്കറ്റുകള്‍ ലെഗ് സ്പിന്നര്‍ വീഴ്ത്തിയിട്ടുണ്ട്.