
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന വിശ്വസിക്കപ്പെടുന്ന സച്ചിന്റെ റെക്കോഡുകളുടെ പിന്നാലെ അതിവേഗത്തില്‍ കുതിച്ച താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ വിസ്മയിപ്പിച്ച കോലി ഒരു സമയത്ത് തുടര്‍ സെഞ്ച്വറികളോടെ എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെക്കുന്നത്. 2019 ഡിസംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. ഇതിനിടെ നായകസ്ഥാനവും ഒഴിയേണ്ടി വന്ന കോലി വലിയ ഉന്നതിയില്‍ നിന്നാണ് താഴേക്ക് വീണിരിക്കുന്നത്. കോലിക്ക് ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് അഭിപ്രായപ്പെടുന്നവരേറെയാണ്. എന്നാല്‍ കോലി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ക്ക് ഒപ്പമെത്തുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്.

കോലിക്ക് ഇനിയും 10 വര്‍ഷമെങ്കിലും കളിക്കാനാവുമെന്നും സച്ചിന്റെ 200 ടെസ്റ്റ് റെക്കോഡിനൊപ്പം കോലിയെത്തുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. '100 ടെസ്റ്റ് കളിക്കുകയെന്നത് വലിയ നേട്ടമാണ്. ഇനിയും മുന്നോട്ട് അവന്‍ പോകും. വലിയ വ്യത്യാസമെന്ന് പറയുന്നത് 100 മത്സരം കളിച്ചുള്ള അവന്റെ അനുഭവസമ്പത്താണ്. അവന്‍ ഫിറ്റായിരിക്കുന്നിടത്തോളം ഒരാള്‍ക്കും കോലിയെ തൊടാനാവില്ല. അവന്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്നവനാണ്.
വളരെ ഗൗരവകരമായി ക്രിക്കറ്റ് കളിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ 200 ടെസ്റ്റ് കളിച്ചാലും ഞാന്‍ അത്ഭുതപ്പെടില്ല. പ്രധാനപ്പെട്ട ചോദ്യം അടുത്ത ഏഴ്, എട്ട് വര്‍ഷമെങ്കിലും കോലിക്ക് കളിക്കാനാവുമോയെന്നതാണ്. അടുത്ത 10 വര്‍ഷമെങ്കിലും കളിക്കാന്‍ അവനാകുമെന്ന് എനിക്കുറപ്പുണ്ട്- ഗെയ്ക് വാദ് ന്യൂസ് 18നോട് സംസാരിക്കവെ പറഞ്ഞു.
കോലി നിലവില്‍ നായകസ്ഥാനം പൂര്‍ണ്ണമായും ഒഴിഞ്ഞ് ബാറ്റ്‌സ്മാനെന്ന നിലയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുകയാണ്. എന്നാല്‍ പഴയ പ്രതാപത്തിലേക്ക് കോലി തിരിച്ചെത്താനാവുന്നില്ല. ഒരു സെഞ്ച്വറി നേടിയാല്‍ പഴയ കോലിയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അധികം വൈകാതെ അദ്ദേഹത്തിന് ഈ നേട്ടത്തിലേക്കെത്താനാവുമെന്നുറപ്പാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ പരിശീലിപ്പിച്ചിട്ടുള്ള ഗെയ്ക് വാദ് സുനില്‍ ഗവാസ്‌കറിനോടും കോലിയെ ഉപമിച്ചു.

'കോലിയുടെ സാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ മുന്‍തൂക്കമാണ് നല്‍കുന്നത്. മികച്ച പ്രകടനം നടത്തുക മാത്രമല്ല മുന്നില്‍ നിന്ന് നയിക്കാനും അവന് സാധിക്കുന്നുണ്ട്. താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും എത്രത്തോളം അനുഭവസമ്പത്ത് അവനുണ്ടെന്ന് നോക്കുക. അതൊരു ചെറിയ കാര്യമല്ല. തോല്‍വിയെ അംഗീകരിച്ചുകൊടുക്കുന്നവനല്ല കോലി. വളരെ പോസിറ്റീവായി ചിന്തിക്കുന്നവനാണ്. അവസാനംവരെ മുട്ടുമടക്കാന്‍ കോലി തയ്യാറാവില്ല' -ഗെയ്ക് വാദ് കൂട്ടിച്ചേര്‍ത്തു.

സച്ചിന്റെ 200 ടെസ്റ്റ് മത്സരമെന്നത് നിലവിലെ ഫോമില്‍ കോലിക്ക് ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍ കരിയറില്‍ ഫോമിലേക്ക് തിരിച്ചെത്താനായാല്‍ ഇനിയും ഏറെക്കാലം മുന്നോട്ട് പോകാന്‍ കോലിക്ക് സാധിക്കും. അതിനുള്ള മികവും ഫിറ്റ്‌നസും അദ്ദേഹത്തിനുണ്ട്. സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ സാധ്യത കുറവാണെങ്കിലും എത്രത്തോളം അടുത്തെത്താനാവുമെന്നത് കാത്തിരുന്ന് തന്നെ കാണാം.