സിഡ്‌നി: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇതില്‍ കൂടുതല്‍ പേരും ഉയര്‍ത്തിയ ആരോപണം ഇന്ത്യക്ക് പിച്ചിന്റെ മുന്‍തൂക്കം ലഭിച്ചുവെന്നാണ്. പാകിസ്താന്‍ ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ചത് ദുബായിലാണ്. മറ്റ് ടീമുകളെല്ലാം പാകിസ്താനിലും ദുബായിലും മാറി മാറി കളിച്ചപ്പോഴും ഇന്ത്യക്ക് ദുബായില്‍ മാത്രമാണ് കളിക്കേണ്ടി വന്നത്. ഇന്ത്യക്ക് യാത്ര ചെയ്യേണ്ടി വരാത്തതും ഒരേ ഹോട്ടലില്‍ തന്നെ താമസമൊരുക്കിയതും ഒരേ പിച്ചില്‍ പരിശീലനത്തിന് സൗകര്യമൊരുക്കിയതും ഗുണകരമായെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.
ദുബായിലെ പിച്ചില്‍ എല്ലാ മത്സരവും കളിച്ചത് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്നും ഒരു മത്സരം പോലും തോല്‍ക്കാതെ കപ്പിലേക്കെത്താനും ഇത് സഹായിച്ചുവെന്നുമാണ് എതിരാളികള്‍ പറയുന്നത്. എതിര്‍ ടീം താരങ്ങളും മുന്‍ പ്രമുഖ താരങ്ങളുമടക്കം ഈ ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ ദുബായിലല്ല ഏത് പിച്ചില്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യ കപ്പ് നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസറും ഇതിഹാസവുമായ ഗ്ലെന്‍ മഗ്രാത്ത്.
ഇന്ത്യന്‍ ടീം കരുത്ത് അതി ശക്തം
ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതി ശക്തമാണെന്ന് നിസംശയം പറയാം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം അനുഭവസമ്പന്നരായ താരങ്ങളും എല്ലാ പിച്ചിലും മികവ് കാട്ടാന്‍ കഴിവുള്ളവരുമാണ്. അതുകൊണ്ട് തന്നെ ദുബായിലോ മറ്റ് ഏത് പിച്ചിലായാലും മികവ് കാട്ടാന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യക്ക് പുറത്ത് കളിച്ച പല പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും ശോഭിക്കാന്‍ ടീമിനായിട്ടുണ്ട്.
'ഇന്ത്യ എന്തായാലും പാകിസ്താനിലേക്ക് പോകില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. അതുകൊണ്ടുതന്നെ ദുബായില്‍ മത്സരങ്ങള്‍ കളിക്കേണ്ടി വന്നു. കിരീടം നേടിയതില്‍ ഇന്ത്യയെ അഭിനന്ദിക്കുകയാണ് വേണ്ടത്. അവര്‍ സാഹചര്യത്തിനനുസരിച്ച് ബുദ്ധിപൂര്‍വ്വം കളിച്ചു. സ്പിന്‍ സൗഹൃദ പിച്ചില്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യക്ക് നന്നായി അറിയാമായിരുന്നു. ഇന്ത്യക്ക് മറ്റ് ടീമുകള്‍ക്ക് ലഭിക്കാത്ത ആനുകൂല്യം ലഭിച്ചെന്ന് കരുതുന്നില്ല.
ആതിഥേയരാവുമ്പോള്‍ ഇന്ത്യ എല്ലാ മത്സരങ്ങളും ഇന്ത്യയിലും ആതിഥേയരാവുമ്പോള്‍ ഓസ്‌ട്രേലിയ എല്ലാ മത്സരങ്ങളും ഓസ്‌ട്രേലിയയിലും കളിക്കും. അതുപോലെ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയും ചെയ്തിരിക്കുന്നത്. മറ്റ് വിമര്‍ശനങ്ങളില്‍ കഴമ്പില്ല' മഗ്രാത്ത് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്തുന്നത് ഐപിഎല്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ശോഭിക്കുന്ന ടീമാണ്. മികച്ച പ്രകടനങ്ങളോടെ കൈയടി നേടാന്‍ ഇന്ത്യക്ക് സാധിക്കുന്നു. മികച്ച യുവതാരനിരയെ സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഒരേ സമയം മികച്ച മൂന്നോ നാലോ ടീമിനെ കളത്തിലിറക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിന് സാധിക്കും. ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഐപിഎല്ലിന് വലിയ പങ്കുണ്ടെന്ന് നിസംശയം പറയാം. ഇത് തന്നെയാണ് മഗ്രാത്തും ചൂണ്ടിക്കാട്ടുന്നത്.
'ഐപിഎല്ലും ടി20 ക്രിക്കറ്റിലെ ഫോമും ഏകദിനത്തില്‍ ഇന്ത്യയെ വളരെയധികം സഹായിക്കുന്നുണ്ട്. ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് പോലും മികച്ച ക്രിക്കറ്റ് ബുദ്ധിയുണ്ട്. അവര്‍ക്ക് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുന്നു. ഏകദിനത്തില്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാം. മറ്റ് ടീമുകള്‍ക്കെല്ലാം ഇന്ത്യയെ മറികടക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഞാന്‍ എപ്പോഴും ആ വെല്ലുവിളി ഇഷ്ടപ്പെടുന്നയാളാണ്. എന്നാല്‍ ഇന്ത്യ പ്രതിഭാശാലികളുടെ നിരയാണ്' മഗ്രാത്ത് പറഞ്ഞു.
ഇന്ത്യന്‍ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെത്താന്‍ കാരണം ഐപിഎല്ലാണെന്ന് പറയാം. ഓരോ സീസണിന് ശേഷവും മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരുന്നു. ഇത് ഇന്ത്യന്‍ ടീമിന്റെ ബാക്കപ്പ് കരുത്തുയര്‍ത്തുകയും കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.