
ടീം ലൈനപ്പ്
ലേലത്തിനു മുമ്പ് പുതിയ സീസണില്‍ ടീമിന്റെ ലൈനപ്പിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിരുന്നു. ഏതു തരത്തിലായിരിക്കണം ടീം അടുത്ത സീസണില്‍ ഇറങ്ങുകയെന്നത് ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് കോലിയെ ഓപ്പണറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇതു പറയുമ്പോള്‍ ഒരു സര്‍പ്രൈസുമില്ലെന്നും ഹെസ്സന്‍ ആര്‍സിബി പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.
ഇന്ത്യക്കു വേണ്ടി ടി20യില്‍ കോലിക്കു ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഏറെ ആഹ്ലാദവാനാണ്. തനിക്കു എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് അദ്ദേഹം കാണിച്ചുതരികയും ചെയ്തു. ഇതു എല്ലാവര്‍ക്കുമുള്ള ഓര്‍പ്പമെടുത്തല്‍ കൂടിയാണെനന്നും ഹെസ്സന്‍ പറഞ്ഞു.

കോലി- ദേവ്ദത്ത്
ദേവ്ദത്ത് പടിക്കലായിരിക്കും ആര്‍സിബിയില്‍ കോലിയുടെ ഓപ്പണിങ് പങ്കാളി. രണ്ടു വ്യത്യസ്ത ശൈലിയിലുള്ള താരങ്ങളുടെ ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൂടിയാണിത്. പവര്‍പ്ലേ പിന്നിടാനായാല്‍ കോലിക്കു എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. അദ്ദേഹം പ്രതിഭാസം തന്നെയാണ്, പ്രത്യേകിച്ചും മുന്‍നിരയില്‍ കളിക്കാനായാല്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുമെന്നും ഹെസ്സന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിലായിരുന്നു ദേവ്ദത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. 15 മല്‍സരങ്ങളില്‍ നിന്നും 473 റണ്‍സുമായി എമേര്‍ജിങ് പ്ലെയറായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി ഏഴു കളികളില്‍ നിന്നും 737 റണ്‍സും ദേവ്ദത്ത് വാരിക്കൂട്ടിയിരുന്നു.

എബിഡി വിക്കറ്റ് കാക്കും
ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് തന്നെ പുതിയ സീസണിലും ആര്‍സിബിക്കു വേണ്ടി വിക്കറ്റ് കാക്കുമെന്ന് ഹെസ്സന്‍ അറിയിച്ചു. എബിഡിയെക്കൂടാതെ കെഎസ് ഭരത്, പുതുതായി ടീമിലെത്തിയ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി ആര്‍സിബിയിലുണ്ട്. മറ്റൊരു വിക്കറ്റ് കീപ്പറായ ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പെ വരാനിരിക്കുന്ന സീസണില്‍ നിന്നും പിന്‍മാറിയിരുന്നു. എബിഡി തന്നെ വിക്കറ്റ് കീപ്പറായി തുടരാനാണ് ആര്‍സിബി ആഗ്രഹിക്കുന്നത്.
എബിഡിക്കു വിശ്രമം നല്‍കാന്‍ ആര്‍സിബി തീരുമാനിച്ചാല്‍ മാത്രമേ അസ്ഹര്‍, ഭരത് എന്നിവരിലൊരാള്‍ക്കു അവസരം ലഭിക്കുകയുള്ളൂ.

അസ്ഹര്‍, ഭരത്
വിക്കറ്റ് കീപ്പറാവുന്നത് എബിഡിയും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഈ റോള്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍ എബിഡിയില്ലെങ്കില്‍ മറ്റു ചില ഓപ്ഷനുകള്‍ കൂടി ആര്‍സിബിക്ക് ഉണ്ടെന്നത് വലിയ കാര്യമാണെന്നും ഹെസ്സന്‍ പറഞ്ഞു.
വിക്കറ്റ് കാത്താലും ഫീല്‍ഡ് ചെയ്താലും വളരെ മികച്ച പ്രകടം നടത്തുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ ഞങ്ങള്‍ക്കുണ്ട്. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ കെഎസ് ഭരതും ടീമിലുണ്ട്. ഇതു വ്യത്യസ്തമായ ഓപ്ഷനുകളാണ് നല്‍കുന്നത്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും ഹെസ്സന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications
