മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കെത്തുകയെന്നത് ഏതൊരു താരവും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ അതൊട്ടും എളുപ്പമല്ല. പ്രകടനംകൊണ്ടും നായക മികവുകൊണ്ടും സ്ഥിരതയോടെ കരുത്തുകാട്ടാതെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കെത്തുക പ്രയാസമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് പ്രതിഭാശാലികളായ താരങ്ങളുടെ ഒഴുക്കാണ്. അതുകൊണ്ടുതന്നെ ടീമില്‍ ഇടം നേടുകയെന്നത് പോലും പ്രയാസമാണെന്ന് പറയാം.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ സജീവ താരമല്ലെങ്കിലും സഞ്ജുവിന്റെ പ്രതിഭ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. സഞ്ജു ഒരിക്കല്‍ ഇന്ത്യയുടെ നായകനാവണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഇതുവരെ അതിനുള്ള അവസരം സഞ്ജുവിന് ലഭിച്ചിട്ടില്ല. സഞ്ജുവിന് എന്നെങ്കിലും ഇന്ത്യയുടെ നായകനാവാന്‍ ഒരു അവസരം ലഭിച്ചാല്‍ ആരെയൊക്കെയാവും പ്ലേയിങ് 11ല്‍ പിന്തുണക്കുക?.
ഓപ്പണിങ്ങില്‍ ശുബ്മാനും ജയ്‌സ്വാളും
ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനേയും യശ്വസി ജയ്‌സ്വാളിനേയും സഞ്ജു പിന്തുണച്ചേക്കും. ജയ്‌സ്വാളിന്റെ ശൈലിയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. ഇക്കാര്യം നേരത്തെ തന്നെ സഞ്ജു പറഞ്ഞിട്ടുമുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാളിന് സാധിക്കും. പവര്‍പ്ലേയിലെ അപകടകാരിയായ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. രാജസ്ഥാനില്‍ സഞ്ജു സാംസണിന് കീഴില്‍ കളിച്ച് വളര്‍ന്നുവന്ന താരമാണ് ജയ്‌സ്വാള്‍.
ശുബ്മാന്‍ ഗില്‍ അടുത്ത വിരാട് കോലിയെന്ന വിശേഷണമുള്ള താരമാണ്. കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ് ശുബ്മാനെന്ന് പറയാനാവില്ല. എന്നാല്‍ പക്വതയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള ക്ലാസിക് ബാറ്റ്‌സ്മാനാണ് ഗില്‍. അതുകൊണ്ടുതന്നെ ഗില്ലിനെ സഞ്ജു പിന്തുണക്കാനാണ് സാധ്യത കൂടുതല്‍.
സഞ്ജു, സൂര്യകുമാര്‍, ജുറേല്‍
മൂന്നാം നമ്പറില്‍ സഞ്ജു തന്നെ ബാറ്റ് ചെയ്യും. സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് പൊസിഷനാണത്. എന്നാല്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ അവസരം ലഭിച്ചപ്പോഴും പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. അവസാന ശ്രീലങ്കന്‍ പരമ്പരയിലടക്കം സഞ്ജു ഫ്‌ളോപ്പായിരുന്നു. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ഇന്ത്യയുടെ നിലവിലെ ടി20 നായകനാണ് സൂര്യകുമാര്‍ യാദവ്. കടന്നാക്രമിക്കാന്‍ ശേഷിയുള്ള സൂര്യകുമാര്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന താരമാണ്.
നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് സഞ്ജു അവസരം നല്‍കില്ല. പകരം ദ്രുവ് ജുറേലിനെ കളിപ്പിക്കും. റിഷഭിന്റെ സമീപകാല പ്രകടനം നോക്കുമ്പോള്‍ ടി20യില്‍ കാര്യമായ മികവ് കാട്ടുന്നില്ല. അതുകൊണ്ടുതന്നെ നിഷ്പക്ഷമായി ടീം തിരഞ്ഞെടുപ്പ് നടന്നാല്‍ റിഷഭിനെ ഇപ്പോള്‍ ടി20 ടീമിലെടുക്കാനാവില്ല. ജുറേല്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാനില്‍ വളര്‍ന്ന താരാണ്. അതുകൊണ്ടുതന്നെ സഞ്ജു പിന്തുണക്കും.

റിങ്കു സിങ്, അക്ഷര്‍, രവി ബിഷ്‌നോയ്
ആറാം നമ്പറില്‍ റിങ്കു സിങ്ങിനെയാവും പരിഗണിക്കുക. സഞ്ജു സാംസണും റിങ്കുവുമായി അടുത്ത ബന്ധമാണുള്ളത്. ഇന്ത്യയുടെ മികച്ച ഫിനിഷര്‍മാരിലൊരാളാണ് റിങ്കു. നിലവില്‍ റിങ്കുവിനെ തഴയുന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനുള്ളത്. എന്നാല്‍ സഞ്ജു ക്യാപ്റ്റനാണെങ്കില്‍ റിങ്കുവിന് പിന്തുണ ഉറപ്പ്. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനാണ് അവസരം.
സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ മാച്ച് വിന്നറായ താരമാണ്. ഹാര്‍ദിക് പാണ്ഡ്യയെ സഞ്ജു പരിഗണിക്കില്ല.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയിയെ പരിഗണിക്കും. സഞ്ജുമായി നല്ല സൗഹൃദത്തിലുള്ള താരമാണ് ബിഷ്‌നോയി. അതുകൊണ്ടുതന്നെ ബിഷ്‌നോയിക്ക് സീറ്റുണ്ടാവുമെന്ന് ഉറപ്പാണ്.
ബുംറ, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ്
പേസ് നിരയില്‍ ബുംറക്ക് സഞ്ജു സീറ്റ് നല്‍കുമെന്നുറപ്പാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ് ബുംറ. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സന്ദീപ് ശര്‍മയെ സഞ്ജു ദേശീയ ടീമിലേക്കെത്തിച്ചേക്കും. സ്വിങ് പേസറായ സന്ദീപിന് ടി20യില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഇതുവരെ ഇന്ത്യ അദ്ദേഹത്തെ കളിപ്പിച്ചിട്ടില്ല.
ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനും സഞ്ജുവിന്റെ ടീമില്‍ ഇടം ലഭിക്കും. ഇന്ത്യയുടെ ടി20 ടീമില്‍ ഇതിനോടകം സജീവമായിട്ടുള്ള താരമാണ് അര്‍ഷ്ദീപ്.