Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്

ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചായിരുന്നു ഇന്ത്യയുടെ ടി20 നായകസ്ഥാനം താന്‍ ഒഴിയുകയാണെന്ന് വിരാട് കോലിയുടെ പ്രഖ്യാപനം വന്നത്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ആരും തന്നെ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ടി20 ലോകകപ്പിനു ശേഷം ടി20യില്‍ ദേശീയ ടീമിനെ നയിക്കില്ലെന്നും എന്നാല്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ തുടര്‍ന്നും ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയും കോലി ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ നടക്കുന്ന രണ്ടാംഘട്ട മല്‍സരങ്ങള്‍ കഴിയുന്നതോടെ നായകസ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. ദേശീയ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി കോലി ഉപേക്ഷിച്ചതിനെക്കുറിച്ചും ഇതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്.

 നേരത്തേ തന്നെ ആലോചിച്ചു

നേരത്തേ തന്നെ ആലോചിച്ചു

ഇന്ത്യയുടെ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് വളരെ മുമ്പ് തന്നെ വിരാട് കോലി ആലോചിച്ചിരുന്നു. പക്ഷെ അവനെ ഞാനാണ് ഇതില്‍ നിന്നും തടഞ്ഞത്, അത് വളരെ നേരത്തെയായി പോവുമെന്നും ഞാന്‍ ഉപദേശിക്കുകയായിരുന്നു. ജോലിഭാരം വളരെ കൂടുതലാണെന്നും സമയമെത്തിയിരിക്കുകയാണെന്നുമായിരുന്നു വിരാട് പറഞ്ഞത്. കുടുംബത്തിനു വേണ്ടി കുറച്ചു സമയം ചെലവഴിക്കണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. ഇതു കാരണമാണ് ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടതെന്നും രാജ്കുമാര്‍ ശര്‍മ വിശദമാക്കി.

 ബിസിസിഐയുടെ സമ്മര്‍ദ്ദമില്ല

ബിസിസിഐയുടെ സമ്മര്‍ദ്ദമില്ല

ബിസിസിഐയുടെ ഭാഗത്ത് നിന്നു ക്യാപ്റ്റന്‍സിയില്‍ വിരാട് കോലി ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും നേരിട്ടിരുന്നില്ല. നായകസ്ഥാനത്തോട് അവന് ആര്‍ത്തിയുണ്ടായിരുന്നില്ല. അവന്റെ റെക്കോര്‍ഡുകള്‍ ഇത് തെളിയിക്കുന്നു. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി വിരാട് തുടരുക തന്നെ ചെയ്യും. 2023ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് നേടുകയെന്നതാണ് അവന്റെ വലിയ ആഗ്രഹമെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു.

 ടെസ്റ്റാണ് ഫേവറിറ്റ്

ടെസ്റ്റാണ് ഫേവറിറ്റ്

ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളുമെടുക്കുകയാണെങ്കില്‍ ടെസ്റ്റാണ് വിരാട് കോലിയുടെ ഫേവറിറ്റെന്നും രാജ്കുമാര്‍ ശര്‍മ വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലം കളിക്കണമെന്നും അവന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ 2-1ന് മുന്നിലെത്തിക്കാനും അദ്ദേഹത്തിനായിരുന്നു. പക്ഷെ പരമ്പരയിലെ അവസാന മല്‍സരം കൊവിഡ് ഭീഷണിയെ തുടര്‍ന്നു റദ്ദാക്കിയതിനാല്‍ പരമ്പരയുടെ ഫലം ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. റദ്ദാക്കപ്പെട്ട ടെസ്റ്റ് അടുത്ത വര്‍ഷം നടത്തുന്നതിനെക്കുറിച്ച് ഇരുക്രിക്കറ്റ് ബോര്‍ഡുകളും ആലോചിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

ക്യാപ്റ്റന്‍സിയൊഴിയാനുള്ള കാരണങ്ങള്‍

ക്യാപ്റ്റന്‍സിയൊഴിയാനുള്ള കാരണങ്ങള്‍

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയാന്‍ കോലിയെ പ്രേരിപ്പിച്ചതിനു പിന്നില്‍ പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉള്ളതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയാണ് ആദ്യത്തേത്. ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കോലിക്കേറ്റ രണ്ടാം തോല്‍വിയായിരുന്നു ഇത്. 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെയും കലാശക്കളിയില്‍ അദ്ദേഹത്തിനു പരാജയം നേരിട്ടിരുന്നു.
ടെസ്റ്റ് ഫൈനലില്‍ ഇന്ത്യക്കേറ്റ പരാജയത്തില്‍ ബിസിസിഐയില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നും കോലിയുടെ ടീം സെലക്ഷനിലും ചിലര്‍ക്കു പരാതിയുണ്ടായിരുന്നുവെന്നുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിസിസിഐയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ കോലിക്കു മുന്നിലുള്ള അവസാനത്തെ കച്ചിത്തുരുമ്പ് കൂടിയായിരുന്നു ലോക ടെസ്റ്റ് ഫൈനല്‍.
ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുമായുള്ള ചില അസ്വാരസ്യങ്ങള്‍ കോലിയെ നിരാശനാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരേ ഈ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാന്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്ന് കോലി വാദിച്ചിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി ഇതു തള്ളുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇത് സെലക്ഷന്‍ കമ്മിറ്റിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം ഒരു കിരീടം പോലുമില്ലെന്നതാണ് കോലിയെ അലട്ടിയിരുന്ന മറ്റൊരു കാര്യം. ദേശീയ ടീമില്‍ അസിസ്റ്റന്റായ രോഹിത് ശര്‍മ അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ കിരീടങ്ങളിലേക്കു നയിച്ചിട്ടും തനിക്ക് ഒന്നുപോലുമില്ലെന്നതും കോലിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Story first published: Monday, September 20, 2021, 16:54 [IST]
Other articles published on Sep 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+