ലോക ക്രിക്കറ്റിലെ തന്റെ ഓള്‍ടൈം ഫേവറിറ്റുകള്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്റ്റില്‍ ടീം ഇന്ത്യയുടെ പുതിയ താരോദയമാവാന്‍ തയ്യാറെടുക്കുന്ന സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് 26 കാരനായ സര്‍ഫറാസ്.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു സീസണുകളായി മുംബൈക്കു വേണ്ടി റണ്‍വേട്ട നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ഇതാദ്യമായിട്ടാണ് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. അടുത്ത ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു അരങ്ങേറാന്‍ ഭാഗ്യം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സര്‍ഫറാസ്.

കുറച്ചു മുമ്പ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഏറ്റവും പ്രിയപ്പെട്ട നാലു ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു അദ്ദേഹം തുറന്നു പറഞ്ഞത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയെ സര്‍ഫറാസ് തഴഞ്ഞുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പകരെ നിലവിലെ ടീമിലെ മറ്റൊരാളുടെ പേലാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഫേവറിറ്റായി പറഞ്ഞിരിക്കുന്ന നാലു പേരില്‍ രണ്ടും ഇന്ത്യന്‍ താരങ്ങളാണ്. മറ്റു രണ്ടു പേര്‍ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ ടീമുകളുടെ മുന്‍ ഇതിഹാസങ്ങളുമാണ്. ആരാണ് ഫേവറിറ്റ് ബാറ്ററെന്നുള്ള അഭിമുഖത്തിലെ ചോദ്യത്തിനു പലരുമുണ്ടെന്നായിരുന്നു സര്‍ഫറാസിന്റെ മറുപടി.
എനിക്കു ഫേവറിറ്റുകളായി പലരുമുണ്ട്. സച്ചിന്‍ (ടെണ്ടുല്‍ക്കര്‍) സാറും രോഹിത് (ശര്‍മ) ഭായിയും എന്റെ ഫേറിറ്റുകളാണ്. പിതാവ് എനിക്കു വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും ജാവേദ് മിയാന്‍ദാദിന്റെയുമെല്ലാം ബാറ്റിങ് വീഡിയോ കാണിച്ചു തരാറുണ്ട്. ഇവരും തനിക്കു വളരെയധികം പ്രിയപ്പെട്ട ക്രിക്കറ്റര്‍മാരാണെന്നും സര്‍ഫറാസ് വ്യക്തമാക്കി.
എക്കാലത്തെയും മികച്ച ഇന്ത്യന്‍ ഓപ്പണര്‍മാരെയെടുത്താല്‍ അവരില്‍ തന്റെ ഫേവറിറ്റ് രോഹിത് ശര്‍മയാണെന്നും താരം വെളിപ്പെടുത്തി. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ എന്നീ മൂന്നു ഓപ്ഷനുകളാണ് അഭിമുഖത്തില്‍ സര്‍ഫറാസിനു നല്‍കിയത്. ഇവരില്‍ ഏറ്റവും ബെസ്റ്റായി ആരെ തിരഞ്ഞെടുക്കുമെന്നുള്ള ചോദ്യത്തിനാണ് രോഹിത്തെന്നു അല്‍പ്പസമയം ആലോചിച്ചതിനു ശേഷം അദ്ദേഹം മറുപടി നല്‍കിയത്. ഇതിനുള്ള കാരണം തുറന്നു പറയുകയും ചെയ്തു.
രോഹിത് ശര്‍മയെക്കുറിച്ച് ഞങ്ങളുടെ ഡ്രസിങ് റൂമില്‍ പലപ്പോഴും സംസാരിക്കാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തു മുതല്‍ ഞാന്‍ സച്ചിന്‍ സാറിനെയാണ് കണ്ടു കൊണ്ടിരുന്നത്. രോഹിത് ശര്‍മയാവട്ടെ ഇപ്പോഴും ഗംഭീരമായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഏകദിനത്തില്‍ അദ്ദേഹം ഒരു മല്‍സരത്തില്‍ 264 റണ്‍സ് അടിച്ചെടുത്തു. മൂന്നു ഡബിള്‍ സെഞ്ച്വറികളും ഏകദിനത്തില്‍ നേടി.

വളരെ നന്നായി പുള്‍ ഷോട്ടുകള്‍ കളിക്കുന്ന ബാറ്ററാണ് രോഹിത് ഭായ്. ഗെയിം അടിമുടി മാറ്റി മറിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹമെന്നും സര്‍ഫറാസ് ചൂണ്ടിക്കാട്ടി. സച്ചിന്‍ സാറിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് പഠിച്ചതും കളിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടാണ്. പക്ഷെ ഇപ്പോഴത്തെ ക്രിക്കറ്റര്‍മാരെ നോക്കിയാല്‍ അവരില്‍ താന്‍ ഏറ്റവും ബെസ്റ്റായി തിരഞ്ഞെടുക്കുക രോഹിത് ശര്‍മയെയാണെന്നും സര്‍ഫറാസ് വ്യക്തമാക്കി.
നിലവിലെ ക്രിക്കറ്റര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായി രണ്ടു പേരെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ആരൊക്കെയാവും താന്‍ പരിഗണിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. റുതുരാജ് ഗെയ്ക്വാജ്. ശുഭ്മന്‍ ഗില്‍, പൃഥ്വി ഷാ, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, രജത് പാട്ടിധാര്‍, റിഷഭ് പന്ത് എന്നിവരെയാണ് സര്‍ഫറാസിനു ഓപ്ഷനുകളായി നല്‍കിയത്. ഇവരില്‍ നിന്നും റുതുരാജിനെയും പൃഥ്വിയെയുമാണ് ഫേവറിറ്റ് ഓപ്പണര്‍മാരായി അദ്ദേഹം തിരഞ്ഞെടുത്തത്.