മുംബൈ: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള മുന്നൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യക്കായി പാകിസ്താനില്‍ നിന്ന് വേദി മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയ്ക്കായുള്ള മുന്നൊരുക്കത്തില്‍ തന്നെയാണുള്ളത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ആദ്യത്തെ ഐസിസി ട്രോഫിയാണിത്.
അതുകൊണ്ടുതന്നെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ ടൂര്‍ണമെന്റിനെ നോക്കിക്കാണുന്നത്. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടും?. സാധ്യതാ 11 പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണുള്ളത്. നായകന്‍ രോഹിത് ശര്‍മയുടെ കരിയറിലെ നിര്‍ണ്ണായക ടൂര്‍ണമെന്റായി ഇത് മാറുമെന്നുറപ്പാണ്. കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് രോഹിത് കടന്ന് പോകുന്നത്.
അതുകൊണ്ടുതന്നെ രോഹിത്തിന്റെ നായകസ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ ചാമ്പ്യന്‍സ് ട്രോഫി നിര്‍ണ്ണായകമാവും. ഏകദിനത്തില്‍ ഓപ്പണറായി ശുബ്മാന്‍ ഗില്‍ തന്നെ തുടരാനാണ് സാധ്യത. ഇന്ത്യ ഇതിനോടകം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വളര്‍ത്തിയ താരമാണ് ഗില്‍. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന വിശേഷണം ഇതിനോടകം ഗില്‍ നേടിക്കഴിഞ്ഞു. യശ്വസി ജയ്‌സ്വാളിനെ ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചേക്കില്ല. ബാക്കപ്പായി ടീമിലിടം നേടാനാണ് സാധ്യത.
മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. ഇന്ത്യയുടെ ഇതിഹാസ താരമായ കോലിയുടെ പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പാണ്. നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യര്‍ക്കാവും അവസരം നല്‍കുക. കെ എല്‍ രാഹുലിനെ കളിപ്പിച്ചേക്കില്ല. ഗൗതം ഗംഭീര്‍ രാഹുലിനെക്കാള്‍ കൂടുതല്‍ പിന്തുണക്കുന്നത് ശ്രേയസിനെയാണ്.

അമിത പ്രതിരോധത്തിലേക്ക് പോകാതെ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു ശ്രേയസ്. ഗംഭീറുമായുള്ള ശ്രേയസിന്റെ അടുത്ത സൗഹൃദം താരത്തിന് ഗുണം ചെയ്യുമെന്ന് തന്നെ കരുതാം. അഞ്ചാം നമ്പറില്‍ റിഷഭ് പന്താവും ഉണ്ടാവുക. റിഷഭ് പന്താവും ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം തിളങ്ങാന്‍ കഴിവുള്ള താരമാണ്.
ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിയെഴുതാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക് പാണ്ഡ്യ. താരം 10 ഓവര്‍ പന്തെറിയണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്. അവസാന ടി20 ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലുണ്ടാവും. രവീന്ദ്ര ജഡേജക്ക് സീറ്റുണ്ടാവില്ല. മധ്യനിരയില്‍ സഞ്ജു സാംസണിനേയും പരിഗണിക്കില്ല.
ഏകദിനത്തില്‍ ഭേദപ്പെട്ട റെക്കോഡുള്ള സഞ്ജു ദക്ഷിണാഫ്രിക്കയിലടക്കം സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ഉറപ്പാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാകും ടീമിലുണ്ടാവുക. ചൈനാമാന്‍ സ്പിന്നറുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. പേസ് നിരയില്‍ മുഹമ്മദ് ഷമി തിരിച്ചെത്തും. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. 10ാം നമ്പറില്‍ സ്റ്റാര്‍ പേസറായി ജസ്പ്രീത് ബുംറയുണ്ടാവും.
ബുംറയുടെ ഫോം ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാവും. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള പേസറാണ് ബുംറ. 11ാമനായി മുഹമ്മദ് ഷമിക്കാണ് സ്ഥാനം. തന്റേതായ ദിവസം ഏത് എതിരാളികളേയും തകര്‍ക്കാന്‍ സിറാജിനാവും. ഏകദിന ടീമില്‍ സിറാജിന് നിര്‍ണ്ണായക റോളാണുള്ളത്.