മുംബൈ: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് വിരുന്നെത്തുന്ന ലോകകപ്പിന് ഒക്ടോബര്‍ 5നാണ് ആരംഭമാവുന്നത്. അവസാന ലോകകപ്പ് ഫൈനലിന്റെ ഓര്‍മ പുതുക്കി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ് ഒട്ടുമിക്ക വിദേശ താരങ്ങളും.
അതുകൊണ്ടുതന്നെ ഇന്ത്യയില്‍ കളിക്കുമ്പോള്‍ അവര്‍ക്ക് വലിയ ആശങ്കകളുണ്ടാവില്ല. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഇത്തവണ സജീവ പ്രതീക്ഷയിലാണ്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ കപ്പടിച്ച് കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നതാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ്. സഞ്ജു സാംസണേയും ഇഷാന്‍ കിഷനേയും മുഹമ്മദ് സിറാജിനേയും തഴഞ്ഞുകൊണ്ടുള്ള പ്ലേയിങ് 11നാണ് കൈഫ് നിര്‍ദേശിച്ചത്. ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലിനാണ് അവസരം. ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന കൂട്ടുകെട്ടാണിത്. രണ്ട് പേരും ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളവരാണ്.
ഈ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇരുവരുടേയും പ്രകടനത്തെ കാണുന്നത്. രണ്ടാള്‍ക്കും ഇന്ത്യയില്‍ മികച്ച റെക്കോഡുണ്ട്. മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ഇത്തവണ കോലിക്ക് ലോകകപ്പ് നേടിക്കൊടുക്കാനായാവും ഇന്ത്യ കളിക്കുക. ഇതിഹാസ താരത്തിന്റെ ബാറ്റിങ് ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്ന കാര്യം ഉറപ്പാണ്.

നാലാം നമ്പര്‍ ഏറെ നാളുകളായി ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. ഈ റോളില്‍ ശ്രേയസ് അയ്യരെയാണ് കൈഫ് നിര്‍ദേശിക്കുന്നത്. നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്തുള്ള ശ്രേയസ് ഏഷ്യാ കപ്പിലൂടെ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. നിലയുറപ്പിച്ച് വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള ശ്രേയസിനെ ഇന്ത്യ നാലാം നമ്പറിലെ വിശ്വസ്തനായാണ് കാണുന്നത്. അഞ്ചാം നമ്പറില്‍ കെല്‍ രാഹുലിനാണ് സ്ഥാനം. ടീമിന്റെ വിക്കറ്റ് കീപ്പറും രാഹുലാണ്.
രാഹുലും പരിക്കേറ്റ് ടീമിന് പുറത്താണ്. ഏഷ്യാ കപ്പിലൂടെ രാഹുലും തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം രാഹുലിന് ഉറപ്പാണ്. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയാണുള്ളത്. ടീമിന്റെ വൈസ് ക്യാപ്റ്റനായ ഹാര്‍ദികിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. 2011ല്‍ യുവരാജ് ചെയ്തത് ഇത്തവണ ഹാര്‍ദിക്കിന് ചെയ്യാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന് കൈഫ് പ്ലേയിങ് 11 സ്ഥാനം നല്‍കിയിട്ടില്ല. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയാണുള്ളത്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ മധ്യനിരയില്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍-ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്. പിച്ചിന്റെ സാഹചര്യം അനുസരിച്ച് ഇവരിലൊരാളെ പരിഗണിക്കാനാണ് കൈഫ് നിര്‍ദേശിക്കുന്നത്.
ഒമ്പതാം നമ്പറില്‍ സ്പിന്‍ സ്‌പെഷ്യലിസ്റ്റായി കുല്‍ദീപ് യാദവ് വരുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറ കളിക്കും. ഇന്ത്യയുടെ ഒന്നാം നമ്പര്‍ പേസറാണ് ബുംറ. പക്ഷെ പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്താണ്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ബുംറ തിരിച്ചുവരവിനൊരുങ്ങുകയാണ്. 11ാമനായി മുഹമ്മദ് ഷമിക്കാണ് അവസരം. മുഹമ്മദ് സിറാജിനെ കൈഫ് തഴഞ്ഞതാണ് വിചിത്രമായത്. ഇന്ത്യക്കായി സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന പേസറാണ് സിറാജ്.
കൈഫിന്റെ ലോകകപ്പ് 11- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍-ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി