മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശം കെട്ടടങ്ങിയതോടെ ഇനി ടി20 ലോകകപ്പിനായുള്ള പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. അടുത്ത വര്‍ഷം ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി പിഴവുകള്‍ നികത്തി ശക്തമായ ടീമിനെ സൃഷ്ടിച്ചെടുക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും വരുന്ന സീസണ്‍ നിര്‍ണ്ണായകമാണ്. 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ല.
തട്ടകത്തില്‍ ഏകദിന ലോകകപ്പും കൈവിട്ട ഇന്ത്യക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരനിരയെ വളര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യക്കായി രോഹിത് ശര്‍മയും വിരാട് കോലിയുമൊന്നും ഈ വര്‍ഷം ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. സീനിയേഴ്‌സിനെ തഴഞ്ഞ് യുവതാരങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ആശങ്കകളുമുണ്ട്.
അതിലൊന്ന് വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. റിഷഭ് പന്ത് വരാനിരിക്കുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരവ് നടത്തുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ അഞ്ച് താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരടിക്കാനുണ്ടാവും. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഇഷാന്‍ കിഷനേയും സഞ്ജു സാംസണേയും ഇര്‍ഫാന്‍ തഴഞ്ഞു.
രണ്ട് സീനിയര്‍ വിക്കറ്റ് കീപ്പര്‍മാരും വേണ്ടെന്നും ജിതേഷ് ശര്‍മയെ വിക്കറ്റ് കീപ്പറാക്കണമെന്നുമാണ് ഇര്‍ഫാന്‍ പഠാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ജിതേഷ് കാഴ്ചവെച്ചത്. 'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ജിതേഷ് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇഷാന്‍ കിഷനെ നിങ്ങള്‍ ടീമിലെടുപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുമ്പോള്‍ ടോപ് ഓഡറിലേക്ക് തന്നെ പരിഗണിക്കണം.

എന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറില്‍ സ്ഥാനം നേടിയെടുക്കുക വളരെ പ്രയാസമാണ്. എന്നാല്‍ ടീം മാനേജ്‌മെന്റ് എന്താണ് കരുതുന്നതെന്ന് മനസിലാകുന്നില്ല. ഇഷാന് ന്യൂബോളില്‍ മികവ് കാട്ടാനാവും. എന്നാല്‍ മധ്യ ഓവറിലേക്കാണ് ഇന്ത്യക്ക് താരങ്ങളെ ആവശ്യമുള്ളത്. ഈ സ്ഥാനത്തേക്ക് ഇന്ത്യ ജിതേഷിനെയാണ് പരിഗണിക്കേണ്ടത്. ക്രിയേറ്റീവായ താരമാണ് ജിതേഷ്. സൂര്യകുമാര്‍ യാദവിനെപ്പോലെ മികവുള്ള താരമാണ് ജിതേഷ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ അവന് കഴിവുണ്ട്'- ഇര്‍ഫാന്‍ വിലയിരുത്തി.
ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്നത് ഇഷാന്‍ കിഷനേയും ജിതേഷ് ശര്‍മയേയുമാണെന്നാണ് റിപ്പോര്‍ട്ട്. ഇഷാനെ ഓപ്പണിങ് ബാക്കപ്പായി പരിഗണിക്കുമ്പോള്‍ ആറാം നമ്പറിലോ അഞ്ചാം നമ്പറിലോ ജിതേഷിന് കളിക്കാന്‍ സാധിക്കും. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ജിതേഷ് വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. ഏഷ്യന്‍ ഗെയിംസിലൂടെയാണ് ജിതേഷ് ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ചത്. നിലവിലെ സാധ്യത പ്രകാരം ടി20 ലോകകപ്പില്‍ ജിതേഷിന് സീറ്റുണ്ടാവും.
എന്നാല്‍ റിഷഭ് പന്ത് തിരിച്ചുവന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മുന്നില്‍ വലിയ ആശയക്കുഴപ്പമുണ്ടാവും. അടുത്ത ഐപിഎല്ലിലൂടെ റിഷഭ് തിരിച്ചുവരുമെന്നാണ് വിവരം. മടങ്ങിവരവില്‍ റിഷഭിന് പഴയ മികവ് കാട്ടാനായാല്‍ താരത്തെ മാറ്റിനിര്‍ത്താനാവില്ല. കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ അവസരം തേടുന്നുണ്ടെങ്കിലും ടി20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല. ജിതേഷിനും ഇഷാനും മുഖ്യ പരിഗണന ലഭിക്കുമെന്നുറപ്പാണ്. ഇവരിലാര് പ്ലേയിങ് 11ലെത്തുമെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യക്ക് സമീപകാലത്തായി മികച്ച ടി20 താരങ്ങളെ ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്നവരുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് ടി20 ലോകകപ്പിലുള്ളത്.