ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആവേശകരമായി പുരോഗമിക്കവെ ടെസ്റ്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസ താരം ഡേവിഡ് ലോയ്ഡ്. ഇന്ത്യയെ തീര്‍ത്തും അവഗണിച്ചാണ് അദ്ദേഹം ടെസ്റ്റിലെ എക്കാലത്തെയും മികച്ച 11 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഒരാളെ മാത്രം ലോയ്ഡ് പരിഗണിച്ചെങ്കിലും ഇലവനില്‍ സ്ഥാനമുറപ്പില്ലെന്നതാണ് ശ്രദ്ധേയം. മുന്‍ ക്യാപ്റ്റനും റണ്‍ മെഷീനുമായ വിരാട് കോലിയാണ് ഈ താരം.
മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെപ്പോലും തന്റെ ഇലവനില്‍ നിന്നും അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. 1965നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളവരെ മാത്രമേ ലോയ്ഡ് ഇലവനിലേക്കു പരിഗണിച്ചിട്ടുള്ളൂ. ലോയ്ഡിന്റെ ഇലവനില്‍ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കാണ് ആധിപത്യം. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകളില്‍ നിന്നും മൂന്നു പേരെ വീതം അദ്ദേഹം ഇലവനിലുള്‍പ്പെടുത്തി.

സ്വന്തം രാജ്യമായ ഇംഗ്ലണ്ടില്‍ നിന്നും രണ്ടു പേരെ ലോയ്ഡ് ഇലവന്റെ ഭാഗമാക്കിയപ്പോള്‍ സൗത്താഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഓരോ കളിക്കാര്‍ക്കു വീതവും ഇലവനില്‍ ഇടം ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചിനെയും സൗത്താഫ്രിക്കയുടെ ബാരി റിച്ചാര്‍ഡ്‌സിനെയുമാണ് ഇലവന്റെ ഓപ്പണര്‍മാരായി ലോയ്ഡ് കണ്ടെത്തിയത്. 118 ടെസ്റ്റുകളില്‍ നിന്നും 20 സെഞ്ച്വറികളും 46 ഫിഫ്റ്റികളുമടക്കം 8900 റണ്‍സാണ് ഗൂച്ചിന്റെ സമ്പാദ്യം. റിച്ചാര്‍ഡ്‌സാവട്ടെ വെറും നാലു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.
വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ മറ്റൊരു ബാറ്റിങ് വിസ്മയമായ ബ്രയാന്‍ ലാറയുടെ ഊഴമാണ്. അഞ്ചാം നമ്പറില്‍ വിരാട് കോലി അല്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സന്‍ ഇവരിലൊരാളെ കളിപ്പിക്കാമെന്നാണ് ലോയ്ഡിന്റെ അഭിപ്രായം. ബാറ്റിങ് ലൈനപ്പില്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സ്, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ വിക്കറ്റ് കീപ്പറെന്നാണ് ഗില്‍ക്രിസ്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. 1990കളുടെ അവസാനം മുതല്‍ 2007 വരെ ഓസീസ് ടീം ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളായി വിലസിയപ്പോള്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. മികച്ച വിക്കറ്റ് കീപ്പിങിനൊപ്പം അഗ്രസീവ് ബാറ്റിങുമാണ് ഗില്ലിയെ അപകടകാരിയാക്കി മാറ്റിയത്. 97 ടെസ്റ്റുകളില്‍ നിന്നും 47.61 ശരാശരിയില്‍ 5570 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 81.96 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.

ലോയ്ഡ്‌സിന്റെ ടെസ്റ്റ് ഇലവനിലെ ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ പാകിസ്താന്റെ വസീം അക്രവും ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയുമാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. സ്പിന്‍ ബൗളിങിന്റെ ചുമതല ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിനുമാണ്.
റെഡ് ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടു വിക്കറ്റ് വേട്ടക്കാരാണ് മുരളിയും വോണും. മുരളി 800 വിക്കറ്റുകളുമായി ലോക റെക്കോര്‍ഡിന് അവകാശിയായപ്പോള്‍ വോണിന്റെ സമ്പാദ്യം 708 വിക്കറ്റുകളുമാണ്. അക്രമാവട്ടെ 23.62 ശരാശരിയില്‍ 414 വിക്കറ്റുകള്‍ ടെസ്റ്റില്‍ വീഴ്ത്തിയിട്ടുണ്ട്. 25 തവണയാണ് അദ്ദേഹം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്.
ലോയ്ഡിന്റെ ഓള്‍ടൈം ടെസ്റ്റ് 11
ഗ്രഹാം ഗൂച്ച് (ഇംഗ്ലണ്ട്), ബാരി റിച്ചാര്‍ഡ്‌സ് (സൗത്താഫ്രിക്ക), വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്) / വിരാട് കോലി (ഇന്ത്യ), ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), ഡെന്നിസ് ലില്ലി (ഓസ്‌ട്രേലിയ).