ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായിരുന്ന ഷാക്വിബുല്‍ ഹസന്‍. സ്‌പോര്‍ട്‌സ്‌കീഡയുമായി സംസാരിക്കവെയാണ് മികച്ച ഇലവനില്‍ ആരൊക്കെയാവും താന്‍ ഉള്‍പ്പെടുത്തുകയെന്നു അദ്ദേഹം തുറന്നുപറഞ്ഞത്. ഇന്ത്യയില്‍ നിന്നും മൂന്നു പേര്‍ക്കാണ് ഇലവനില്‍ ഇടം ലഭിച്ചത്. കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടതും ഇന്ത്യയില്‍ നിന്നു തന്നെയാണ്.
ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ താരങ്ങളുള്ളത് പാകിസ്താന്‍, ഓസ്‌ട്രേലിയ ടീമുകളില്‍ നിന്നാണ്. രണ്ടു വീതം കളിക്കാരാണ് ഈ ടീമുകളില്‍ നിന്നും ഷാക്വിബുലിന്റെ ഇലവനില്‍ സ്ഥാനം നേടിയത്. സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ഇലവനിലെത്തി. മാത്രമല്ല ഇലവനില്‍ സ്വന്തം പേരും കൂടി ഷാക്വിബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ് ഇലവന്റെ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുത്തത്.

വമ്പന്‍ താരങ്ങളില്‍ പലരും ഷാക്വിബിന്റെ ഇലവനിലുണ്ടെങ്കിലും ഉറപ്പായും സ്ഥാനമര്‍ഹിച്ച ചിലര്‍ തഴയപ്പെടുകയും ചെയ്തു. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ലോകത്തിലെ ഏക താരവുമായ രോഹിത് ശര്‍മയെ ഷാക്വിബ് പരിഗണിച്ചില്ല.
ഏകദിനത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയും അദ്ദേഹം തഴഞ്ഞിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയെയും ഓള്‍ടൈം ഇലവനില്‍ ഷാക്വിബ് ഉള്‍പ്പെടുത്തിയില്ല.
ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ സ്റ്റാര്‍ ബാറ്റര്‍ സഈദ് അന്‍വറുമാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറിലുള്ളത് യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. ഓപ്പണിങാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനെങ്കിലും മൂന്നാം നമ്പറാണ് അദ്ദേഹത്തിനു ഷാക്വിബ് നല്‍കിയിരിക്കുന്നത്.
റണ്‍മെഷീനെന്നു ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ബാറ്റിങിലെ സൂപ്പര്‍ ഹീറോ വിരാട് കോലിയാണ് ഇലവനില്‍ നാലാം നമ്പറില്‍ കളിക്കുക. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് അദ്ദേഹം. അഞ്ചാം നമ്പറിലുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസാണ്. ആറാമനായാണ് ധോണി കളിക്കുക. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. ഏഴാമനായാണ് ഷാക്വിബ് സ്വന്തം പേരുള്‍പ്പെടുത്തിയത്.

എട്ട്, ഒമ്പത് സ്ഥാനങ്ങളിലുള്ളത് സ്പിന്‍ ബൗളിങിലെ രണ്ടു ചക്രവര്‍ത്തിമാരാണ്. ഒരാള്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണെങ്കില്‍ മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണുമാണ്. അതിനു ശേഷം ഇലവനിലുള്ളത് രണ്ടു ഫാസ്റ്റ് ബൗളര്‍മാരാണ്. മുന്‍ ഇതിഹാസങ്ങളായ പാകിസ്താന്റെ വസീം അക്രവും ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തുമാണ് പേസ് ബൗളിങ് കൈകാര്യം ചെയ്യുക.
ഷാക്വിബിന്റെ ഓള്‍ടൈം ഏകദിന 11
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഈദ് അന്‍വര്‍, ക്രിസ് ഗെയ്ല്‍, വിരാട് കോലി, ജാക്വസ് കാലിസ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്.