ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഉപദേശകന്‍റെ റോളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയതോടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്കു അദ്ദേഹം ഫേവറിറ്റായി മാറിയത്. ടീം ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ഗംഭീര്‍ സമ്മതം മൂളിക്കഴിഞ്ഞതായും അധികം വൈകാതെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് ഒരു ഐപിഎല്‍ ടീമുടമയുടെ വെളിപ്പെടുത്തല്‍.
രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് അദ്ദേഹത്തിന്റെ മുന്‍ ടീമംഗം കൂടിയായ ഗംഭീര്‍ ചുമതലയേറ്റെടുക്കുക. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. തുടര്‍ന്നാണ് ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കു വരിക. കളിക്കളത്തിലും പുറത്തും ഒരുപോലെ അഗ്രസീവായ വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ നായകസ്ഥാനമേറ്റെടുത്താല്‍ പല ബോള്‍ഡായ തീരുമാനങ്ങളും ഗംഭീറില്‍ നിന്നും പ്രതീക്ഷിക്കാം.

ഗംഭീര്‍ കോച്ചായി വരുന്നത് ചില താരങ്ങള്‍ക്കു തിരിച്ചടിയാണെങ്കില്‍ മറ്റു ചിലര്‍ക്കു ഗുണവും ചെയ്യും. മൂന്നു വര്‍ഷത്തെ കരാറിലായിരിക്കും അദ്ദേഹം ബിസിസിഐയുമായി ഒപ്പുവയ്ക്കുക. ഇതു പ്രകാരം 2027ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്യും. രണ്ടു ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പുമായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന ദൗത്യങ്ങള്‍. അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ തയ്യാറാക്കി നിര്‍ത്താനായിരിക്കും ഗംഭീര്‍ ആദ്യം ശ്രമിക്കുക.
യുവതാരങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഒരു അഗ്രസീവ് ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും അദ്ദേഹത്തിന്റെ പ്ലാന്‍. അതുകൊണ്ടു തന്നെ ഗംഭീര്‍ വന്നാല്‍ ആദ്യം ചെയ്യാന്‍ പോവുന്ന കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെ ഒഴിവാക്കുകയായിരിക്കും. രോഹിത്തിനു പകരം പുതിയൊരു നായകനെയും അദ്ദേഹം കണ്ടെത്തും. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റനെങ്കിലും അദ്ദേഹം നായകന്റെ റോളിലേക്കു വരുമോയെന്നതു സംശയമാണ്. പകരം കെകെആറില്‍ തന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്കു ഗംഭീര്‍ കൊണ്ടു വന്നേക്കും.
ഗംഭീര്‍ കോച്ചായാല്‍ മലയാളി താരം സഞ്ജു സാംസണണിന്റെ സമയം തെളിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം സഞ്ജുവിന്റെ പ്രതിഭയെക്കുറിച്ച് പലപ്പോഴും സംസാരിക്കുകയും അദ്ദേഹത്തെ ടീമിലെടുക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ സഞ്ജു ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയാലും ഇനി അദ്ഭുതപ്പെടാനില്ല.

പ്രതിഭാശാലികളായ യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും ഗംഭീര്‍ അവസരം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ് തുടങ്ങി പലരെയും അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്നേക്കുകയും ചെയ്യും. പുതിയൊരു ലുക്കിലുള്ള ഇന്ത്യന്‍ ടീമിനെയാവും ഗംഭീറിനു കീഴില്‍ നമുക്കു കാണാന്‍ സാധിക്കുകയെന്നുറപ്പാണ്.
ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുക എന്നതായിരിക്കും കോച്ചായാല്‍ ഗംഭീറിന്റെ ആദ്യ ലക്ഷ്യം. അതിനു വേണ്ടി നിര്‍ഭയമായി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്ന ഒരു സംഘത്തെയായിരിക്കും അദ്ദേഹം വളര്‍ത്തിയെടുക്കുക. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പലപ്പോഴും നോക്കൗട്ട് റൗണ്ടുകളില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ ശ്രമിക്കാത്തതാണെന്നു ഗംഭീര്‍ പലപ്പോഴും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.