2023 കടന്നുപോകാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണുള്ളത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശകരമായ പല മത്സരങ്ങളും നല്‍കിയാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ഏകദിന ലോകകപ്പിന്റെ പോരാട്ടവീര്യമടക്കം നിരവധി വാശിയേറിയ മത്സരങ്ങള്‍ ഈ വര്‍ഷം കണ്ടു. 2023 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11നെ പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? എത്ര ഇന്ത്യക്കാരുണ്ടാവും? പരിശോധിക്കാം.
ഓപ്പണര്‍മാരായി ട്രാവിസ് ഹെഡും ഉസ്മാന്‍ ഖ്വാജയുമാണുള്ളത്. രണ്ട് പേരും ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഗംഭീര റെക്കോഡുള്ള രണ്ട് പേരും മികച്ച പ്രകടനമാണ് ഈ വര്‍ഷവും നടത്തിയത്. ഉസ്മാന്‍ ഖ്വാജ 1210 റണ്‍സുമായി ഈ വര്‍ഷത്തെ ടെസ്റ്റ് റണ്‍വേട്ടക്കാരിലെ ഒന്നാമനായിരിക്കുകയാണ്. ട്രാവിസ് ഹെഡ് മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടിയ വര്‍ഷമാണ് കടന്ന് പോകുന്നത്. ഈ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ട് കിരീടങ്ങള്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയിട്ടുണ്ട്.
ഈ വര്‍ഷം 12 ടെസ്റ്റില്‍ നിന്ന് 919 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊന്നും അവസരമില്ല. ഇവര്‍ പ്രതീക്ഷിച്ച നിലവാരമല്ല ഈ വര്‍ഷം ടെസ്റ്റ് പരമ്പരകളില്‍ കാഴ്ചവെച്ചത്. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്തിനാണ് അവസരം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായി സ്മിത്തിനെ വിശേഷിപ്പിക്കാം. ഓസ്‌ട്രേലിയക്കാരനായ താരം മൂന്ന് സെഞ്ച്വറിയാണ് ഈ വര്‍ഷം നേടിയത്.
ഇതില്‍ ഇന്ത്യക്കെതിരേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നേടിയ സെഞ്ച്വറിയും ഉള്‍പ്പെടും. 13 മത്സരത്തില്‍ നിന്ന് 879 റണ്‍സാണ് സ്മിത്ത് ഈ വര്‍ഷം നേടിയത്. നാലാം നമ്പറില്‍ വിരാട് കോലിക്കാണ് സീറ്റ്. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകനും ഇതിഹാസവുമായ കോലി 595 റണ്‍സാണ് ഈ വര്‍ഷം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഈ 11ന്റെ നായകനായും കോലിയെ പരിഗണിക്കാം. അഞ്ചാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനാണ് അവസരം.

ക്ലാസിക് ബാറ്റ്‌സ്മാനായ റൂട്ട് 65 ശരാശരിയില്‍ 787 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. ആറാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിനാണ് അവസരം. അഞ്ച് ടെസ്റ്റാണ് ഈ വര്‍ഷം മാര്‍ഷ് കളിച്ചത്. എന്നാല്‍ 63 ശരാശരിയില്‍ നേടിയത് 444 റണ്‍സാണ്. ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ക്കാണ് അവസരം. ഇന്ത്യയുടെ തുറുപ്പുചീട്ടായ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം.
ഇടം കൈയന്‍ താരമായ ജഡേജ ഇന്ത്യക്ക് പുറത്തും മികച്ച റെക്കോഡുള്ളവനാണ്. 7 ടെസ്റ്റില്‍ നിന്ന് 33 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. എട്ടാം നമ്പറില്‍ ഇന്ത്യയുടെ മറ്റൊരു സ്പിന്നറായ ആര്‍ അശ്വിനാണ് സ്ഥാനം. ഏഴ് മത്സരത്തില്‍ നിന്ന് 40 വിക്കറ്റുമായി അശ്വിന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒമ്പതാം നമ്പറില്‍ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണാണുള്ളത്. 45 വിക്കറ്റുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ ലിയോണ്‍ തലപ്പത്താണുള്ളത്.
10ാം നമ്പറില്‍ ഇംഗ്ലണ്ട് സീനിയര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണുള്ളത്. എട്ട് ടെസ്റ്റില്‍ നിന്ന് 38 വിക്കറ്റാണ് ബ്രോഡ് വീഴ്ത്തിയത്. 11ാമന്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡാണ്. 7 ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കൊന്നും ഈ പ്ലേയിങ് 11ല്‍ അവസരമില്ല.