For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃത്ഥ്വിയും ദേവ്ദത്തും കാത്തിരിക്കണം, ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തില്ല: റിപ്പോര്‍ട്ട്

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനം നടത്തി കൈയടി നേടിയവരാണ് പൃത്ഥ്വി ഷായും ദേവ്ദത്ത് പടിക്കലും. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പൃത്ഥ്വി ഷാ മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തുപോയപ്പോള്‍ യുവതാരം ദേവ്ദത്ത് പടിക്കല്‍ ദേശീയ ടീമിലേക്കുള്ള ആദ്യ വിളിക്കായാണ് കാത്തിരിക്കുന്നത്. ഐപിഎല്ലില്‍ ആര്‍സിബികൊപ്പം തിളങ്ങിയ ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കുവേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്ക് ഇരുവരെയും പരിഗണിക്കില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകളുള്ളത്.

ബിസിസി ഐ

ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും മികച്ച പ്രകടനം നടത്തിയെങ്കിലും അവസരത്തിനായി കാത്തിരിക്കണമെന്നും ഇംഗ്ലണ്ട് പരമ്പരയിലേക്ക് പരിഗണിക്കില്ലെന്നും മുതിര്‍ന്ന വൃത്തം വ്യക്തമാക്കിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

പൃത്ഥ്വി ഷാ

ഇരുവരും ഓപ്പണര്‍മാരാണ്. പൃത്ഥ്വി ഷാ സെമി ഫൈനല്‍ വരെ 7 മത്സരത്തില്‍ നിന്ന് 754 റണ്‍സാണ് നേടിയത്. മുംബൈ ഫൈനലിലേക്ക് യോഗ്യത നേടിയതില്‍ നിര്‍ണ്ണായക പങ്കാണ് പൃത്ഥ്വിക്കുള്ളത്. ദേവ്ദത്ത് 7 മത്സരത്തില്‍ നിന്ന് നേടിയത് 737 റണ്‍സാണ്. ഇരുവരും നാല് സെഞ്ച്വറി വീതം നേടിയിട്ടുമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവസരം കാത്ത് നിരവധി താരങ്ങള്‍ പുറത്തുള്ളതിനാലാണ് ഇരുവര്‍ക്കും അവസരം നിഷേധിക്കപ്പെടുന്നത്.

ദേവ്ദത്തും പൃത്ഥ്വിയും

ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍,ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം അവസരം തേടുന്നവരാണ്. അതിനാല്‍ ഓപ്പണര്‍മാരായ ദേവ്ദത്തും പൃത്ഥ്വിയും ടീമിലേക്കെത്താന്‍ സാധ്യത വളരെ കുറവാണ്. നേരത്തെ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം കോലിയും രോഹിതും ഏകദിന പരമ്പരയും കളിക്കുമെന്നാണ് വിവരം.

ദേവ്ദത്തും പൃത്ഥ്വിയും

ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുണ്ട്. അതിനാല്‍ ഈ വരുന്ന ഐപിഎല്ലില്‍ തിളങ്ങിയാല്‍ ദേവ്ദത്തിനും പൃത്ഥ്വിക്കും ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ താരസമ്പന്നമായ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കയറിപ്പറ്റുക ഇരുവര്‍ക്കും പ്രയാസമാവും. രോഹിതും രാഹുലും തന്നെയാവും ടി20 ലോകകപ്പിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ സാധ്യത.

വിജയ് ഹസാരെ ട്രോഫി

വിജയ് ഹസാരെ ട്രോഫി ഫൈനല്‍ പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശ് 313 എന്ന വമ്പന്‍ വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 13.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തിട്ടുണ്ട്. 39 പന്തില്‍ 10 ഫോറും നാല് സിക്‌സുമടക്കം 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പൃത്ഥ്വി ഷായുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.

Story first published: Sunday, March 14, 2021, 15:08 [IST]
Other articles published on Mar 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+