2023 കടന്ന് പോവുകയാണ്. മികച്ച പല ക്രിക്കറ്റ് പോരാട്ടങ്ങളും കണ്ടാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. വാശിയേറിയ പല മത്സരങ്ങളും കണ്ടു. ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സ്വന്തമാക്കിയതും ഈ വര്‍ഷത്തെ പ്രധാന കാഴ്ചയാണ്. 2023ലെ ബെസ്റ്റ് പ്ലേയിങ് 11നെ പല പ്രമുഖരും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.
രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണുള്ളത്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കൊന്നും അവസരമില്ല. ഖ്വാജ 52ന് മുകളില്‍ ശരാശരിയിലാണ് ഈ വര്‍ഷം ടെസ്റ്റില്‍ കസറിയത്. കരുണരത്‌നയുടെ ശരാശരി 60ന് മുകളിലാണ്. മൂന്നാം നമ്പറില്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണുള്ളത്.
പരിക്ക് മൂലം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി. എന്നാല്‍ 7 മത്സരത്തില്‍ നിന്ന് 696 റണ്‍സാണ് വില്യംസണ്‍ നേടിയത്. നാലാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനാണ് അവസാനം. മുന്‍ ഇംഗ്ലണ്ട് നായകനായ റൂട്ട് ക്ലാസിക് ബാറ്റ്‌സ്മാനാണ്. ഈ വര്‍ഷവും മികച്ച പ്രകടനമാണ് റൂട്ട് കാഴ്ചവെച്ചത്.
അഞ്ചാം നമ്പറിലും ഇംഗ്ലണ്ട് താരമാണ്. ഭാവി സൂപ്പര്‍ താരമെന്ന വിശേഷണം നേടിയ ഹാരി ബ്രൂക്കാണ് അഞ്ചാം നമ്പറില്‍. പരിമിത ഓവറില്‍ ശരാശരിയെങ്കിലും ടെസ്റ്റില്‍ ബ്രൂക്ക് ഗംഭീര ഫോമിലാണ്.
ആറാം നമ്പറില്‍ ലോര്‍ക്കാന്‍ ടക്കറിനാണ് അവസരം. വിക്കറ്റ് കീപ്പറും ലോര്‍ക്കാനാണ്. അയര്‍ലന്‍ഡുകാരനായ താരം 44 ശരാശരിയില്‍ 351 റണ്‍സാണ് നേടിയത്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഗംഭീര പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. 33 വിക്കറ്റും 281 റണ്‍സുമാണ് ജഡേജയുടെ സമ്പാദ്യം. എട്ടാം നമ്പറില്‍ മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനാണ് അവസരം. 41 വിക്കറ്റാണ് സ്പിന്നറായ അശ്വിന്‍ നേടിയത്.

ഒമ്പതാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറും ഓസ്‌ട്രേലിയന്‍ നായകനുമായ പാറ്റ് കമ്മിന്‍സാണുള്ളത്. ഈ വര്‍ഷം പ്രകടനംകൊണ്ടും നായകനെന്ന നിലയിലും കമ്മിന്‍സ് ഹീറോയായിരുന്നു. ആഷസ് ടെസ്റ്റടക്കം ഓസ്‌ട്രേലിയക്ക് നേടിക്കൊടുക്കാന്‍ കമ്മിന്‍സിനായിരുന്നു. ഒമ്പതാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയാണുള്ളത്. സൂപ്പര്‍ പേസറായ റബാഡ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 11മന്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണുള്ളത്. 38 വിക്കറ്റാണ് പേസര്‍ സ്വന്തമാക്കിയത്.
വിരാട് കോലി, ബാബര്‍ ആസം എന്നിവര്‍ക്കൊന്നും ഈ ടെസ്റ്റ് 11ല്‍ ഇടം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ഈ വര്‍ഷത്തെ ടെസ്റ്റ് പ്രകടനങ്ങള്‍ ശരാശരി മാത്രമാണ്. മികവിനൊത്ത പ്രകടനം പല താരങ്ങളും കാഴ്ചവെച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ സര്‍വാധിപത്യമാണ് ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റിലും കണ്ടത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബെസ്റ്റ് ടെസ്റ്റ് 11- ഉസ്മാന്‍ ഖ്വാജ, ദിമുത് കരുണരത്‌ന, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലോര്‍ക്കര്‍ ടക്കര്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ് (c), കഗിസോ റബാഡ, സ്റ്റുവര്‍ട്ട് ബ്രോഡ്