T20 World Cup: 'ഹര്‍ഷല്‍ പട്ടേല്‍ വേണ്ട', ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് ആകാശ് ചോപ്ര

മുംബൈ: രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം കുതിപ്പ് തുടരുകയാണ്. ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളെ ടി20യില്‍ വൈറ്റ് വാഷ് ചെയ്ത ഇന്ത്യ ടി20 ലോകകപ്പിന് മുന്നെ പടയൊരുക്കം ശക്തമാക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. 2021ലെ ലോകകപ്പില്‍ വാനോളം പ്രതീക്ഷകളുമായിപ്പോയി പ്ലേ ഓഫ് പോലും കാണാതെയാണ് ഇന്ത്യ മടങ്ങിയത്. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായി തിരിച്ചുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.
യുവതാരങ്ങള്‍ക്കെല്ലാം അവസരം നല്‍കി മികച്ച ടി20 ടീമിനെ സൃഷ്ടിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അവസരം നല്‍കുന്ന താരങ്ങളെല്ലാം തിളങ്ങിയതോടെ ആരെ തഴയും ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയും ഇന്ത്യക്കുണ്ട്. ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ആരൊക്കെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേലിനെ ഒഴിവാക്കിയാണ് ആകാശ് ബൗളിങ് നിരയെ നിര്‍ദേശിച്ചിരിക്കുന്നത്. 'ഹര്‍ഷല്‍ പട്ടേലിനെ ഞാന്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല. കാരണം അവന്‍ ക്ലിക്കാവുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ഹര്‍ഷലിന് എതിരാണോയെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ ഞാന്‍ അവന് എതിരല്ല. എന്നാല്‍ ഓസീസ് പിച്ചിന്റെ സാഹചര്യത്തിന് അവന്‍ യോജിച്ചതല്ല.

ബുംറക്കൊപ്പം ഡെത്ത് ഓവറില്‍ അവന്‍ മതിയാകുമെന്ന് കരുതുന്നില്ല. പേസ് ബൗളര്‍മാരില്‍ ബുംറ ഒഴിച്ചുകൂടാനാവാത്ത താരമാണ്. ഭുവനേശ്വര്‍ കുമാര്‍-ദീപക് ചഹാര്‍ എന്നിവരാണ് പിന്നീടുള്ളത്. ഇവരില്‍ ദീപക്കിന് ഞാന്‍ മുന്‍തൂക്കം നല്‍കും. ഭുവി നിലവിലെ സാഹചര്യത്തില്‍ നന്നായി പന്തെറിയുന്നുണ്ട്. എന്നാല്‍ ടൂര്‍ണമെന്റിന് ഇനിയും എട്ട് മാസത്തോളം ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഇവരിലൊരാള്‍ക്ക് പുറത്തുപോകേണ്ടി വരും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍ തുടരേണ്ടതായുണ്ട്. കാരണം മികച്ച പേസും ബൗണ്‍സും ഓസ്‌ട്രേലിയയില്‍ ആവിശ്യമാണ്. ഇവര്‍ക്ക് അതിന് കഴിവുണ്ട്. ഈ മൂന്ന് പേരില്‍ രണ്ട് പേരെ മാത്രം പരിഗണിച്ചാലും അത്ഭുതപ്പെടില്ല'- ആകാശ് ചോപ്ര പറഞ്ഞു.

സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ ബൗണ്‍സ് പിച്ചില്‍ ഷമിക്ക് തിളങ്ങാനായേക്കും. അതുകൊണ്ട് തന്നെ ഷമിയെ പൂര്‍ണ്ണമായും ഇന്ത്യക്ക് തള്ളിക്കളയാനാവില്ലെന്നാണ് ആകാശ് പറയുന്നത്.
'മുഹമ്മദ് ഷമി, ടി നടരാജന്‍, ഖലീല്‍ അഹമ്മദ്. ഈ മൂന്ന് പേരെയും പരിഗണിക്കാവുന്നതാണ്. ഇടം കൈയന്‍ പേസര്‍മാര്‍ ടീമിന്റെ എക്‌സ് ഫാക്ടറാണ്. എന്നാല്‍ മുഹമ്മദ് ഷമിയെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. ശര്‍ദുല്‍ ഠാക്കൂറിന്റെ കാര്യമാണ് സംശയം. കാരണം ശര്‍ദുലും ദീപക്കും ഒരേ ഗുണങ്ങളുള്ള താരങ്ങളാണ്. ശര്‍ദുല്‍ മധ്യ ഓവര്‍ ബൗളറാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും അധികം ആശ്രയിക്കാനാവില്ല. ദീപക് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. ഇവരെക്കാള്‍ ഡെത്ത് ഓവറില്‍ കേമന്‍ ഭുവിയാണ്'- ആകാശ് പറഞ്ഞു.

സ്പിന്‍ നിരയില്‍ ഇന്ത്യക്ക് ആശങ്കകളുണ്ട്. 2021ലെ ലോകകപ്പില്‍ തഴയപ്പെട്ട യുസ് വേന്ദ്ര ചഹാല്‍ ഇത്തവണ ടീമിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മറ്റുള്ളവര്‍ ആരൊക്കെയെന്നത് കണ്ടറിയണം. 'ചഹാലിനെ അവസാന ലോകകപ്പില്‍ ഇന്ത്യ പരിഗണിച്ചില്ല. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് പരിഗണിക്കാവുന്ന രണ്ട് പേര്‍ ചഹാലും രവീന്ദ്ര ജഡേജയുമാണ്'- ആകാശ് കൂട്ടിച്ചേര്‍ത്തു. മോശം ഫോമിലുള്ള കുല്‍ദീപ് യാദവിനെ ഇന്ത്യ പരിഗണിച്ചേക്കില്ല. എന്നാല്‍ രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications