മുന്‍ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണറും രണ്ട് തവണ ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുള്ള താരമാണ് മാത്യു ഹെയ്ഡന്‍. ഇപ്പോഴും ആരാധക മനസില്‍ സ്ഥാനമുള്ള ഹെയ്ഡന്‍ വിരമിച്ച ശേഷവും പരിശീലക റോളിലും അവതാരകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും അദ്ദേഹം സജീവമാണ്. ഇപ്പോഴിതാ എക്കാലത്തേയും മികച്ച ഏകദിന ലോകകപ്പ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മാത്യു ഹെയ്ഡന്‍.
രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഹെയ്ഡന്റെ ഓള്‍ടൈം ലോകകപ്പ് 11ല്‍ ഇടമുള്ളതെന്നതാണ് എടുത്തു പറയേണ്ടത്. ആരൊക്കെയാണ് ഹെയ്ഡന്റെ ലോകകപ്പ് 11 ഉള്ളതെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി ആദം ഗില്‍ക്രിസ്റ്റിനൊപ്പം വീരേന്ദര്‍ സെവാഗിനെയാണ് ഹെയ്ഡന്‍ നിര്‍ദേശിച്ചത്. ഗില്‍ക്രിസ്റ്റ് ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്. ഗംഭീര റെക്കോഡുള്ള വിക്കറ്റ് കീപ്പറായ ഗില്‍ക്രിസ്റ്റാണ് ഈ പ്ലേയിങ് 11ന്റെ കീപ്പറും. സെവാഗ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ഓപ്പണറാണ്.
ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഒരു കാലത്ത് സെവാഗ്. മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങ്ങിനെയാണ് ഹെയ്ഡന്‍ തിരഞ്ഞെടുത്തത്. ഈ പ്ലേയിങ് 11ന്റെ നായകനും പോണ്ടിങ്ങാണ്. രണ്ട് തവണ ഓസ്‌ട്രേലിയയെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് പോണ്ടിങ്. ഏകദിനത്തില്‍ 10000ലധികം റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇപ്പോഴും എക്കാലത്തേയും മികച്ച നായകന്മാരുടെ പട്ടികയില്‍ പോണ്ടിങ്ങിന് സ്ഥാനമുണ്ടാവും.
നാലാം നമ്പറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ് സ്ഥാനം. ലോക ക്രിക്കറ്റിന്റെ ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വളരെയധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരങ്ങളിലൊരാളാണ് ഹെയ്ഡന്‍. ആറ് തവണ ലോകകപ്പ് കളിച്ച താരങ്ങളിലൊരാളാണ് സച്ചിന്‍. 1992 മുതല്‍ 2011വരെയാണ് സച്ചിന്‍ ഇത്രയും ലോകകപ്പ് കളിച്ചത്. ലോകകപ്പ് കിരീടം നേടി വിരമിക്കാന്‍ ഭാഗ്യം ലഭിച്ച സൂപ്പര്‍ താരങ്ങളിലൊരാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

അഞ്ചാം നമ്പറില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ബ്രയാന്‍ ലാറക്കാണ് അവസരം. ടെസ്റ്റില്‍ ഒറ്റക്ക് 400 റണ്‍സടിച്ച് ലോക റെക്കോഡിട്ട താരമാണ് ലാറ. ഏകദിനത്തിലും മോശമല്ലാത്ത റെക്കോഡ് ലാറക്ക് അവകാശപ്പെടാനാവും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ലാറ ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങളിലൊരാളായിരുന്നു. ആറാം നമ്പറില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറായ ജാക്‌സ് കാലീസിനെയാണ് ഹെയ്ഡന്‍ തിരഞ്ഞെടുത്തത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറായ ഹെയ്ഡന്‍ എക്കാലത്തേയും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഏഴാം നമ്പറില്‍ മുന്‍ പാക് സൂപ്പര്‍ പേസറായ വസിം അക്രത്തിനാണ് അവസരം. റിവേഴ്‌സ് സ്വിങ്ങുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ ബൗളറാണ് അക്രം. എട്ടാം നമ്പറില്‍ മറ്റൊരു പാക് പേസറായ വഖാര്‍ യൂനിസിനെയാണ് ഹെയ്ഡന്‍ തിരഞ്ഞെടുത്തത്. സ്പിന്‍ നിരയില്‍ രണ്ട് ഇതിഹാസങ്ങളെയാണ് ഹെയ്ഡന്‍ പരിഗണിച്ചത്.
ഷെയ്ന്‍ വോണും മുത്തയ്യ മുരളീധരനുമാണിത്. രണ്ട് പേരും ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ച സ്പിന്നര്‍മാരാണ്. 11ാമനായി ഗ്ലെന്‍ മഗ്രാത്തിനാണ് അവസരം. ഓസീസ് ഇതിഹാസ പേസര്‍മാരിലൊരാളാണ് ഗ്ലെന്‍ മഗ്രാത്ത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ഹെയ്ഡന്‍ പരിഗണിച്ചില്ല. രോഹിത് ശര്‍മ ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. വിരാട് കോലിയുടെ ലോകകപ്പ് റെക്കോഡുകളും മോശമല്ല.
അതിലും കൗതുകം ഹെയ്ഡന്‍ ധോണിയെ പരിഗണിച്ചില്ലെന്നതാണ്. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ് ധോണി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും തകര്‍പ്പന്‍ റെക്കോഡുള്ള ധോണിയെ ഹെയ്ഡന്‍ തഴയുകയായിരുന്നു.