മൊഹാലി: പ്രഥമ ലോ ചാമ്പ്യന്‍ഷിപ്പ് ലീഗ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ ചിരവൈരികളായ പാകിസ്താന്‍ ചാമ്പ്യന്‍സിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. യുവരാജ് സിങ്ങിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യയുടെ കിരീട നേട്ടം. മത്സരശേഷം ടെലിവിഷന്‍ അവതാരകയായ ഷെഫാലി ബാഗയ്ക്ക് യുവരാജ് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ അവതാരകയുടെ ആവശ്യപ്രകാരം ഓള്‍ടൈം ബെസ്റ്റ് 11നെ യുവരാജ് സിങ് തിരഞ്ഞെടുത്തിരിക്കുകയാണ്.
തികച്ചും അപ്രതീക്ഷിതമായ പ്ലേയിങ് 11നാണ് യുവരാജ് തിരഞ്ഞെടുത്തിരിക്കുന്നത്. എംഎസ് ധോണിയേയും സൗരവ് ഗാംഗുലിയേയും വീരേന്ദര്‍ സെവാഗിനേയും തഴഞ്ഞാണ് യുവരാജ് ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായി സച്ചിന്‍ ടെണ്ടുല്‍ക്കറേയും രോഹിത് ശര്‍മയേയുമാണ് യുവി തിരഞ്ഞെടുത്തത്. രണ്ട് പേരും മികച്ച റെക്കോഡുള്ളവരാണ്. സച്ചിന്‍ ലോക ക്രിക്കറ്റ് ഇതിഹാസമാണ്. സച്ചിന്റെ കടുത്ത ആരാധകനാണ് യുവരാജ്. അതുകൊണ്ടുതന്നെ സച്ചിനെ യുവി ഉള്‍പ്പെടുത്തി.
എന്നാല്‍ യുവരാജിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ തീപ്പൊരി ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിനേയും നായകന്‍ സൗരവ് ഗാംഗുലിയേയും തഴഞ്ഞതാണ് അവിശ്വസനീയമായത്. യുവരാജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് യുവരാജ് ടീമില്‍ സജീവമാകുന്നതും പ്രശസ്തിയിലേക്കെത്തുന്നതും. രോഹിത് ശര്‍മയുമായും യുവരാജിന് അടുത്ത സൗഹൃദമുണ്ട്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ താരമാണ് രോഹിത്.
മൂന്നാം നമ്പറില്‍ മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ്ങിനെയാണ് യുവരാജ് പരിഗണിച്ചത്. ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും മികച്ച റെക്കോഡുള്ള പോണ്ടിങ് ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. നാലാം നമ്പറില്‍ വിരാട് കോലിയെയാണ് പരിഗണിച്ചത്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായ കോലിയുമായും യുവരാജിന് അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ യുവിയുടെ ഓള്‍ടൈം 11ല്‍ കോലിക്കും ഇടമുണ്ട്.

അഞ്ചാം നമ്പറില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നായകനുമായിരുന്ന എബി ഡിവില്ലിയേഴ്‌സിനാണ് അവസരം. അതിവേഗം റണ്‍സുയര്‍ത്തുന്ന ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഏകദിനത്തിലെ വേഗ സെഞ്ച്വറി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന ഡിവില്ലിയേഴ്‌സിനെ 360 ഡിഗ്രി താരമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ആറാം നമ്പറില്‍ ആദം ഗില്‍ക്രിസ്റ്റിനാണ് അവസരം. മുന്‍ ഓസീസ് താരവും വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇതിഹാസ വിക്കറ്റ് കീപ്പറുമായിരുന്നു ആദം ഗില്‍ക്രിസ്റ്റിനെയാണ് യുവരാജ് പരിഗണിച്ചത്.
ഇന്ത്യക്ക് മൂന്ന് ലോകകപ്പ് നേടിത്തന്ന നായകനും സൂപ്പര്‍ ഫിനിഷറുമായ ധോണിയുമായി യുവരാജിന് അത്ര നല്ല സൗഹൃദമല്ല ഉള്ളത്. അതുകൊണ്ടുതന്നെ യുവരാജ് ധോണിയെ തന്റെ ഓള്‍ടൈം 11 നിന്ന് തഴഞ്ഞു. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ ധോണി പിന്തുണച്ചില്ലെന്ന് പലവട്ടം യുവരാജ് ആരോപിച്ചിരുന്നു. യുവരാജ് നായകനായി വരുമെന്ന് കരുതിയിരുന്നപ്പോഴാണ് ധോണി യുവിയെ മറികടന്ന് നായകനായി വളര്‍ന്നത്. ഇതും യുവരാജിന് ധോണിയോടുള്ള ബന്ധം മോശമാവാനുള്ള കാരണമാണ്.
ഏഴാം നമ്പറില്‍ മുന്‍ ഓസീസ് ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണിനാണ് അവസരം. അത്ഭുത സ്പിന്നറായി ഒരു കാലഘട്ടത്തെയാകെ ഞെട്ടിച്ച ബൗളറാണ് ഷെയ്ന്‍ വോണെന്ന് പറയാം. എട്ടാം നമ്പറില്‍ മുന്‍ ശ്രീലങ്കന്‍ സ്പിന്നറും ഇതിഹാസവുമായ മുത്തയ്യ മുരളീധരനെയാണ് യുവി പരിഗണിച്ചത്. അനില്‍ കുംബ്ലയേയും ഹര്‍ഭജന്‍ സിങ്ങിനേയും യുവി തഴഞ്ഞു. ഒമ്പതാം നമ്പറില്‍ മുന്‍ ഓസീസ് പേസറായ ഗ്ലെന്‍ മഗ്രാത്തിനാണ് അവസരം.
മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് ബാറ്റ്‌സ്മാനെ വട്ടം കറക്കിയ പേസറാണ് മഗ്രാത്ത്. 10ാം നമ്പറില്‍ മുന്‍ പാകിസ്താന്‍ പേസര്‍ വസിം അക്രമാണ്. റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവാണ് അദ്ദേഹം. അവസാനമായി മുന്‍ ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടറായ ആന്‍ഡ്രൂ ഫ്‌ളിന്റോഫിനെയാണ് യുവി പരിഗണിച്ചത്.