
യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ലോക ചാംന്‍മാരായ ഓസ്‌ട്രേലിയയുടെ തുറുപ്പുചീട്ടും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്ന ഡേവിഡ് വാര്‍ണറെ പീറ്റേഴ്‌സന്‍ തന്റെ ഇലവനില്‍ നിന്നും തഴഞ്ഞുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ ഫ്‌ളോപ്പായി മടങ്ങിയ ഇന്ത്യന്‍ ടീമിലെയും ആര്‍ക്കും ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല.
ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു വെടിക്കെട്ട് ഓപ്പണര്‍ കൂടിയായ വാര്‍ണര്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും 48.16 ശരാശരിയില്‍ 146.70 സ്‌ട്രൈക്ക് റേറ്റോടെ 289 റണ്‍സ് അദ്ദേഹം നേടിയിരുന്നു. പാകിസ്താന്‍ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ ആസം (303 റണ്‍സ്) കഴിഞ്ഞാല്‍ ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്തതും ബാബറായിരുന്നു. നിര്‍ണായക മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാനും വാര്‍ണര്‍ക്കു സാധിച്ചു. പാകിസ്താനെതിരായ സെമി ഫൈനലില്‍ 49ഉം ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ 53 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
ടി20 ലോകകപ്പിലെ മികച്ച ഇലവന്റെ ഓപ്പണര്‍മാരായി പീറ്റേഴ്‌സന്‍ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടു വിക്കറ്റ് കീപ്പര്‍മാരെയാണ്. ഒന്ന് ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലറാണെങ്കില്‍ മറ്റൊന്ന് പാകിസ്താന്‍ താരമായ മുഹമ്മദ് റിസ്വാനാണ്. മൂന്നാം നമ്പറില്‍ ബാബര്‍ ആസമാണുള്ളത്.

നാല്, അഞ്ച് സ്ഥാനങ്ങളില്‍ ശ്രീലങ്കയുടെ ചരിത് അസലെന്‍ക, സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം എന്നിവരാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ മധ്യനിര ബാറ്റര്‍മാര്‍ കൂടിയായിരുന്നു രണ്ടു പേരും. ആറും ഏഴും സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെയാണ് പീറ്റേഴ്‌സന്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാമതുള്ള ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയുമാണ് ഇവര്‍. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരമായിരുന്നു ഹസരംഗ. ഹാട്രിക്കടക്കം 16 വിക്കറ്റുകളായിരുന്നു താരം കൊയ്തത്.

പീറ്റേഴ്‌സന്റെ ഇലവനിലെ ഒരേയൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഓസ്‌ട്രേലിയന്‍ യുവതാരം ആദം സാംപയാണ്. ഹസരംഗ കഴിഞ്ഞാല്‍ ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകല്‍ വീഴ്ത്തിയത് സാംപയായിരുന്നു. 13 വിക്കറ്റുകള്‍ അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ ലഭിച്ചു. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. മൂന്നു ഫാസ്റ്റ് ബൗളര്‍മാരാണ് ഇലവനിലെ മറ്റുള്ളവര്‍. ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട്, സൗത്താഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ, പാകിസ്താന്‍ ഷഹീന്‍ ഷാ അഫ്രീഡി എന്നിവരാണിത്.
പീറ്റേഴ്‌സന്‍ തിരഞ്ഞെടുത്ത ലോകകപ്പ് ഇലവന്‍
മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ബാബര്‍ ആസം (പാകിസ്താന്‍), ചരിത് അസലെന്‍ക (ശ്രീലങ്ക), എയ്ഡന്‍ മര്‍ക്രാം (സൗത്താഫ്രിക്ക), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരംഗ (ശ്രീലങ്ക), ആദം സാംപ (ഓസ്‌ട്രേലിയ), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്), ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക), ഷഹീന്‍ ഷാ അഫ്രീഡി (പാകിസ്താന്‍).