കമ്മിന്‍സിനും ബുംറയ്ക്കും ഇടമില്ല, ആറ് ഇന്ത്യക്കാര്‍ ടീമില്‍- 2023ലെ ബെസ്റ്റ് ഏകദിന 11 ഇതാ
2023 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആവേശകരമായ നിരവധി മത്സരങ്ങള്‍ ഈ വര്‍ഷം കാണാന്‍ സാധിച്ചു. ഏകദിന ലോകകപ്പിന്റെ ആവേശവും ഈ വര്‍ഷത്തെ എടുത്തു പറയേണ്ട സവിശേഷതയാണ്. ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് കിരീടം നേടിയത്. 2023 കടന്നുപോകാനൊരുങ്ങവെ ഈ വര്‍ഷത്തെ ബെസ്റ്റ് ഏകദിന 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന 11ന്റെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണുള്ളത്. രണ്ട് പേരും മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. 1584 റണ്‍സുമായി ഈ വര്‍ഷം ഏകദിനത്തിലെ റണ്‍വേട്ടക്കാരനില്‍ ഒന്നാമനായത് ശുബ്മാന്‍ ഗില്ലാണ്. ഇരട്ട സെഞ്ച്വറി പ്രകടനമടക്കം ഏകദിനത്തില്‍ കാഴ്ചവെക്കാന്‍ ഗില്ലിനായി. അഞ്ച് സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ 1255 റണ്‍സാണ് ഈ വര്‍ഷം ഏകദിനത്തില്‍ നേടിയത്.
ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍വി അറിയാതെ ഫൈനലിലേക്കെത്തിക്കാന്‍ രോഹിത്തിനായിരുന്നു. എന്നാല്‍ ഫൈനലില്‍ രോഹിത് ശര്‍മക്ക് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കോലി ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. 1377 റണ്‍സാണ് കോലി ഈ വര്‍ഷം നേടിയത്. ഏകദിന ലോകകപ്പിലൂടെ 50 ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിലേക്കെത്താനും കോലിക്കായിരുന്നു.
നാലാം നമ്പറില്‍ പാകിസ്താന്റെ ബാബര്‍ ആസമിനാണ് അവസരം. ഏകദിന ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് ബാബറാണ്. പ്രതീക്ഷിച്ച പ്രകടനം ടീമിനും ബാബറിനും കാഴ്ചവെക്കാനായില്ല. ഇതോടെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബറിനെ നീക്കിയിരുന്നു. ഈ വര്‍ഷം 25 മത്സരത്തില്‍ നിന്ന് 1065 റണ്‍സുമായി മികച്ച പ്രകടനം തന്നെയാണ് ബാബര്‍ കാഴ്ചവെച്ചത്. അഞ്ചാം നമ്പറില്‍ ഡാരില്‍ മിച്ചലിനാണ് അവസരം. ന്യൂസീലന്‍ഡ് താരം ഗംഭീര പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെച്ചിട്ടുള്ളത്.

1204 റണ്‍സാണ് മിച്ചല്‍ നേടിയത്. മധ്യനിരയിലെ വിശ്വസ്തനാണ് മിച്ചലെന്ന് പറയാം. അഞ്ച് സെഞ്ച്വറിയാണ് മിച്ചല്‍ നേടിയത്. ആറാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍ റിച്ച് ക്ലാസനെ പരിഗണിക്കാം. വിക്കറ്റ് കീപ്പറും ഫിനിഷറുമായ ക്ലാസന്‍ 924 റണ്‍സാണ് ഈ വര്‍ഷം നേടിയത്.
140 റണ്‍സാണ് ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെ പരിഗണിക്കാം. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജയെ സംബന്ധിച്ച് മികച്ച വര്‍ഷമാണ് കടന്ന് പോകുന്നത്. 820 റണ്‍സും 31 വിക്കറ്റുമാണ് ജഡേജ നേടിയത്.
എട്ടാം നമ്പറില്‍ സ്പിന്നറായി കുല്‍ദീപ് യാദവിനെ പരിഗണിക്കാം. 49 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായാണ് കുല്‍ദീപ് ഈ വര്‍ഷത്തെ യാത്രയാക്കുന്നത്. ഒമ്പതാം നമ്പറില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ് സ്ഥാനം. ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഷമി ഒന്നാം സ്ഥാനത്തായിരുന്നു. 43 വിക്കറ്റാണ് ഈ വര്‍ഷം ഏകദിനത്തില്‍ ഷമി നേടിയത്.
10ാം നമ്പറില്‍ പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്കാണ് അവസരം. 42 വിക്കറ്റാണ് ഇടം കൈയന്‍ പേസര്‍ നേടിയത്. 11ാമന്‍ ദക്ഷിണാഫ്രിക്കയുടെ യുവതാരം ജെറാള്‍ഡ് കോയിറ്റ്‌സിയാണ്. 31 വിക്കറ്റാണ് കോയിറ്റ്‌സി ഈ വര്‍ഷം നേടിയത്.
2023ലെ ബെസ്റ്റ് ഏകദിന 11: രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ബാബര്‍ ആസം, ഡാരില്‍ മിച്ചല്‍, ഹെന്‍ റിച്ച് ക്ലാസന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഷഹീന്‍ ഷാ അഫ്രീദി, ജെറാള്‍ഡ് കോയിറ്റ്‌സി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications