Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു ആഷസ്... സ്റ്റോക്‌സും ആര്‍ച്ചറുമില്ലാതെ ഇംഗ്ലണ്ട്, ടീമിനെ പ്രഖ്യാപിച്ചു

1

ലണ്ടന്‍: ടെസ്റ്റിലെ എക്കാലത്തെയും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കുന്ന 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ചില പ്രമുഖ താരങ്ങളുടെ അഭാവം ഇംഗ്ലീഷ് ടീമില്‍ കാണാന്‍ കഴിയും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, പേസ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചര്‍, പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ തുടങ്ങിയവരൊന്നും ഇംഗ്ലണ്ട് ടീമില്‍ ഇല്ല. ജോ റൂട്ട് തന്നെയാണ് ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ വൈസ് ക്യാപ്റ്റനുമാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരം ഡിസംബര്‍ എട്ടു മുതല്‍ ബ്രിസ്ബണിലാണ്. അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത് എന്നീവിടങ്ങളിലാണ് ശേഷിച്ച ടെസ്റ്റുകള്‍.

ഇംഗ്ലണ്ടിന്റെ 17 അംഗ സംഘത്തില്‍ ഒരു പുതുമുഖം പോലുമില്ല. എല്ലാവരും ഇതിനകം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചവരാണ്. എന്നാല്‍ 17 പേരില്‍ 10 പേരും ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ആഷസ് കളിക്കാന്‍ പോവുന്നത്. ഇത് ടീമിനു തിരിച്ചടിയായേക്കുമെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ ആശങ്ക.

മാനസികസമ്മര്‍ദ്ദം കാരണം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാല ബ്രേക്കെടുത്തിരിക്കുകയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സ്‌റ്റോക്‌സ്. ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലുമൊന്നും സ്റ്റോക്‌സില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ആര്‍ച്ചര്‍, കറെന്‍ എന്നിവര്‍ക്കാവട്ടെ പരിക്കാണ് ആഷസ് നഷ്ടമാക്കിയത്. ഇംഗ്ലണ്ട് ടീം ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ആര്‍ച്ചര്‍ക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും അദ്ദേഹം കളിച്ചിരുന്നില്ല. കൈമുട്ടിനേറ്റ പരിക്കുകാരണം ഈ വര്‍ഷം മുഴുവന്‍ ആര്‍ച്ചര്‍ക്കു കളിക്കാനില്ല.

2

കറെനാവട്ടെ പരിക്കേറ്റത് ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കളിക്കുന്നതിനിടെയായിരുന്നു. തുടര്‍ന്ന് പ്ലേഓഫില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. ടി20 ലോകകപ്പിലും കറെന്‍ കളിക്കുന്നില്ല. പുറംഭാഗത്തേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നു ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതു ഭേദമാവാന്‍ സമയമെടുക്കുമെന്നതിനാലാണ് ആഷസില്‍ നിന്നും കറെനെ ഒഴിവാക്കിയിരിക്കുന്നത്. ഓലി സ്‌റ്റോണും പരിക്കു കാരണം ആഷസില്‍ കളിക്കുന്നില്ല. വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ കരിയറിലെ ഒരുപക്ഷെ അവസാനത്തെ ആഷസ് കൂടിയായിരിക്കും ഇത്. പരമ്പരയ്ക്കു ശേഷം അദ്ദേഹം വിരമിച്ചേക്കുമെന്നാണ് സൂചനകള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അടുത്തിടെ വിരമിച്ചതിനാല്‍ മോയിന്‍ അലി ആഷസ് സംഘത്തില്‍ ഇല്ല. ജാക്ക് ലീച്ചും ഡൊമിനിക്ക് സിബ്ലിയുമാ ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയിലാണ് അലി അവസാനമായി ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ മോശം പ്രകടനം കാരണം ഒഴിവാക്കപ്പെട്ട സാക്ക് ക്രോളി, ഡാന്‍ ലോറന്‍സ് എന്നിവരെ ഇംഗ്ലീഷ് ടീമിലേക്കു തിരികെ വിളിച്ചിട്ടുണ്ട്. നിലവിലെ ആഷസ് വിജയികള്‍ ഓസ്‌ട്രേലിയയാണ്. 2019ലെ അവസാന പരമ്പര 2-2നു സമനിലയില്‍ അവസാനിച്ചപ്പോള്‍ തൊട്ടുമുമ്പത്തെ ജേതാക്കളെന്ന നിലയില്‍ ഓസീസ് ട്രോഫി നിലനിര്‍ത്തുകയായിരുന്നു.

ആഷസിനുള്ള ഇംഗ്ലണ്ട് ടീം

ജോ റൂട്ട് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍‌സ്റ്റോ, ഡോം ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ട്‌ലര്‍, സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡേവിഡ് മലാന്‍, ക്രെയ്ഗ് ഒവേര്‍ട്ടണ്‍, ഓലി പോപ്പ്, ഓലി റോബിന്‍സണ്‍, ക്രിസ് വോക്‌സ് , മാര്‍ക്ക് വുഡ്.

Story first published: Sunday, October 10, 2021, 19:55 [IST]
Other articles published on Oct 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+