ചെന്നൈ: എംഎസ് ധോണി എന്ന താരവും നായകനും ആര്‍ക്കും പിടികൊടുക്കാത്ത വ്യക്തിയാണ്. എന്ത് ചെയ്യുമെന്നോ എങ്ങനെയൊക്കെയാവും അദ്ദേഹത്തിന്റെ തീരുമാനങ്ങളെന്നോ മനസിലാക്കാനും പ്രവചിക്കാനും അസാധ്യമാണ്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യന്‍ നായകനെന്ന നിലയില്‍ അലമാരയിലെത്തിച്ച അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങളും സ്വന്തമാക്കി.
ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം എപ്പോഴും അപ്രതീക്ഷിതമായിരുന്നു. ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനവും ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ധോണി നടത്തിയത്. നിലവില്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായി ഐപിഎല്ലില്‍ അദ്ദേഹം കളി തുടരുന്നുണ്ട്. ധോണി ഐപിഎല്ലില്‍ നിന്ന് എപ്പോള്‍ വിരമിക്കുമെന്നതാണ് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത്.
ഇപ്പോഴിതാ ധോണി എപ്പോള്‍ വിരമിക്കുമെന്ന് ആര്‍ക്കും പറയാനാവില്ലെന്നും അദ്ദേഹത്തില്‍ നിന്നത് ആര്‍ക്കും അറിയാനാവില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെ യുവ ഓപ്പണര്‍ റുതുരാജ് ജയ്ഗ്വാദ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപന സമയത്തെ സംഭവങ്ങളും റുതുരാജ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

'ധോണി എന്ന് ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നത് സംബന്ധിച്ച് യാതൊരു വിവരവും അറിയില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ആ സമയത്ത് ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഞങ്ങള്‍ 10-12 പേര്‍ ചെന്നൈയില്‍ പരിശീലനം നടത്തുന്നുണ്ടായിരുന്നു.ഏകദേശം 6.30യോടെ ഞങ്ങളുടെ പരിശീലനം അവസാനിച്ചു. ഏഴ് മണിയോടെ മഹിഭായി അടക്കം ഞങ്ങളെല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയി.
അപ്പോഴാണ് ആരോ പറയുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ മഹിഭായ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന്. അങ്ങനെ ഒരു തീരുമാനം എടുക്കുന്നുവെന്നതിന്റെ യാതൊരു സൂചനയും അത് വരെ ഇല്ലായിരുന്നു. ഒരു ചര്‍ച്ചയും അത് സംബന്ധിച്ച് നടന്നില്ല.ആര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരിക്കലും അദ്ദേഹത്തില്‍ നിന്ന് അറിയാന്‍ സാധിക്കില്ല'-ജയ്ഗ്വാദ് പറഞ്ഞു.
2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്തായതിന് പിന്നാലെ ഏറെ നാള്‍ ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് 2020ലെ ഐപിഎല്‍ കളിക്കാനാണ് അദ്ദേഹം എത്തിയത്. ചെന്നൈയില്‍ പരിശീലനം നടത്തി ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. സുരേഷ് റെയ്‌നയും അന്ന് തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.