For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍ ഏഷ്യയില്‍ മാത്രം പുലിയോ? ഏഴിന്നിങ്‌സിലും ഫ്‌ളോപ്പ്, 30 റണ്‍സ് പോലുമില്ല!

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവുമെന്ന് എല്ലാവരും ചൂണ്ടിക്കാട്ടുന്ന താരമാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം കഴിഞ്ഞ ഐപിഎല്ലിലും കസറിയിരുന്നു. ഈ വര്‍ഷം ഏകദിനത്തിലെ കന്നി ഡബിള്‍ സെഞ്ച്വറിയും ടി20യില്‍ ആദ്യ സെഞ്ച്വറിയുമെല്ലാം കുറിച്ചതോടെയാണ് ഗില്ലിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നത്.

അതിനു ശേഷം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മൂന്നു സെഞ്ച്വറികളടക്കം 900നടുത്ത് റണ്‍സ് വാരിക്കൂട്ടിയതോടെ അദ്ദേഹം ലോക ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഏഷ്യക്കു പുറത്ത് ഗില്ലിന്റെ പ്രകടനം കണ്ടതോടെ ആരാധകര്‍ സംശയത്തിലായിരിക്കുകയാണ്.

SHUBMAN GILL

സൂപ്പര്‍ താരമാവുമെന്നു നേരത്തേ വാഴ്ത്തിയ ഗില്ലിന്റെ പ്രകടനങ്ങള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല എന്നതാണ് ഇതിനു കാരണം. ഇന്ത്യയിലെയും ഏഷ്യയിലെയും സ്ലോ പിച്ചുകളില്‍ മാത്രം കളിക്കാനറിയുന്നവനെന്ന ചീത്തപ്പേരിലേക്കു നീങ്ങുകയാണ് യുവതാരം.

ടെസ്റ്റില്‍ ഏഷ്യക്കു പുറത്ത് ഗില്ലിന്റെ അവസാനത്തെ കുറച്ച് ഇന്നിങ്‌സുകളെടുത്താല്‍ അതു ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല. ബാറ്റിങില്‍ ഇനിയം ചില പോരായ്മകള്‍ ഗില്ലിനു പരിഹരിക്കേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ എല്ലാ തരത്തിലുള്ള പിച്ചുകളിലും തിളങ്ങാന്‍ അദ്ദേഹത്തിനു കഴിയുകയൂള്ളൂവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ സമാപിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഗില്ലിനെ അവസാനമായി കണ്ടത്. തന്റെ ഓപ്പണിങ് സ്ഥാനം അരങ്ങേറ്റക്കാരനായ യശസ്വി ജയ്‌സ്വാളിനു വിട്ടുകൊടുത്ത് മൂന്നാം നമ്പറില്‍ ഇറങ്ങിയ താരത്തിന്റെ തീരുമാനം പരാജയമായി മാറി. 10 ബോളില്‍ വെറും ആറു റണ്‍സ് മാത്രമേ ഗില്ലിനു ഈ പൊസിഷനില്‍ നേടാനായുള്ളൂ. ഇന്ത്യ ഇന്നിങ്‌സ് ജയം നേടിയതിനാല്‍ തന്നെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചതുമില്ല.

ഏഷ്യക്കു പുറത്തു കളിച്ചിട്ടുള്ള അവസാനത്തെ നാലു ടെസ്റ്റുകളെടുത്താല്‍ അതില്‍ ഒന്നില്‍പ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ ഗില്ലിനു സാധിച്ചിട്ടില്ല. ഏഴ് ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 30 റണ്‍സ് താരം തികച്ചിട്ടില്ല. ഒരു തവണ മാത്രമാണ് 20നു മുകളില്‍ ഗില്‍ നേടിയത്.

ഓസ്‌ട്രേലിയക്കെതിരേ കളിച്ച രണ്ടു ടെസ്റ്റുകളില്‍ 8, 28, 18, 13 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനെതിരേ 4, 17 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു. ഏറ്റവും അവസാനമായി വിന്‍ഡീസുമായുള്ള ടെസ്റ്റിലും ഗില്‍ നിരാശപ്പെടുത്തി.

ഏകദിനം, ടി20 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റില്‍ ഗില്ലിനു അത്രത്തോളം മികവ് പുലര്‍ത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഏകദിനത്തില്‍ 65.55 എന്ന ഗംഭീര ബാറ്റിങ് ശരാശരിയാണ് താരത്തിന്റേത്. ടി20യിലാവട്ടെ 40.7 ശരാശരിയുമുണ്ട്.

പക്ഷെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഗില്ലിന്റെ ശരാശരി 32 പോലുമില്ല. നിലവില്‍ 31.97 എന്ന അത്ര അഭിമാനിക്കാവുന്ന ശരാശരിയല്ല താരത്തിനുള്ളത്. ഈ മോശം ശരാശരിക്കു പ്രധാന കാരണങ്ങളിലൊന്ന് ഏഷ്യക്കു പുറത്തെ മോശം പ്രകടനങ്ങള്‍ തന്നെയാണ്.

SHUBMAN GILL

2019-20ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയായിരുന്നു ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം. ബോഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ നടന്ന ടെസ്റ്റിലാണ് താരം ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഈ പരമ്പരയില്‍ ബ്രിസ്ബണില്‍ നടന്ന നിര്‍ണായകമായ ടെസ്റ്റില്‍ നേടിയ 91 റണ്‍സ് ഗില്ലിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. ചിറ്റഗോങില്‍ നടന്ന ടെസ്റ്റില്‍ ഗില്‍ 152 ബോൡ നിന്നും 110 റണ്‍സെടുക്കുകയായിരുന്നു. അതിനു ശേഷം ഈ വര്‍ഷം ഓസീസിനെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം സെഞ്ച്വറിയും താരം കണ്ടെത്തി. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിലായിരുന്നു ഗില്‍ 128 റണ്‍സുമായി തിളങ്ങിയത്.

പക്ഷെ വിദേശത്തു ഇനിയുമൊരു സെഞ്ച്വറി നേടിയിട്ടില്ലെന്നതു താരത്തിനു ക്ഷീണമാണ്. വിന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ വലിയൊരു ഇന്നിങ്‌സുമായി ഏഷ്യക്കു പുറത്ത് കളിക്കാന്‍ അറിയാത്തവനെന്ന ചീത്തപ്പേര് മായ്ക്കാനായിരിക്കും ഗില്ലിന്റെ ശ്രമം.

Story first published: Sunday, July 16, 2023, 16:57 [IST]
Other articles published on Jul 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+