അടുത്ത ഐപിഎല്‍ ഫ്‌ളോപ്പ്!! ആരാധകരെ ഹരം കൊള്ളിക്കില്ല... ഫ്‌ളോപ്പാവാന്‍ കാരണങ്ങളുമുണ്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ടൂര്‍ണമെന്റാണ് ഐപിഎല്ലെന്ന് നിസംശയം പറയാം. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള പല താരങ്ങളും ഐപിഎല്ലിന്റെ സംഭാവനയാണ്. ഐപിഎല്ലിലെ പ്രകടനമാണ് ടീം സെലക്ഷനിലെ പ്രധാന ചൂണ്ടുപലകയായി ബിസിസിഐ തന്നെ ഇപ്പോള്‍ വച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളും വലിയ വിജയമായി മാറിയിരുന്നു.
എന്നാല്‍ 2019 ഏപ്രില്‍- മെയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണ്‍ മുന്‍ ടൂര്‍ണമെന്റുകള്‍ പോലെ അത്ര വിജയകരമായി മാറാന്‍ സാധ്യത കുറവാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

പ്രമുഖ താരങ്ങള്‍ക്കു വിശ്രമം?
ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യ തങ്ങളുടെ ചില പ്രധാനപ്പെട്ട കളിക്കാര്‍ക്കു ഐപിഎല്ലില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരടക്കമുള്ളവര്‍ക്കു അടുത്ത ടൂര്‍ണമെന്റില്‍ വിശ്രമം നല്‍കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്. ലോകകപ്പിനു മുമ്പ് ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുമോയെന്ന ആശങ്കയാണ് ഇതിനു കാരണം.
കോലിയുടെ ഈ ആവശ്യം ബിസിസിഐ അംഗീകരിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ചില പ്രമുഖ താരങ്ങളെ അടുത്ത ഐപിഎല്ലില്‍ കണ്ടെന്നു വരില്ല. ഇത് ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയാവുകയും അത് മല്‍സരഫലങ്ങളെ തന്നെ ബാധിക്കാനും കാരണമായേക്കും.

വിദേശ താരങ്ങളുടെ അസാന്നിധ്യം
ഐപിഎല്ലിനു തൊട്ടുപിന്നാലെയാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇത് മുന്നില്‍ കണ്ട് പല വിദേശ സൂപ്പര്‍ താരങ്ങളെയും അവരുടെ ദേശീയ ടീമുകള്‍ ഐപിഎല്ലിന്റെ പകുതിയില്‍ വച്ചു തന്നെ തിരിച്ചുവിളിക്കാന്‍ സാധ്യത കൂടുതലാണ്. ലോകകപ്പ് പരിശീലന ക്യാംപുകളും മറ്റും നേരത്തേ തുടങ്ങുന്നതിനാല്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്കും നാട്ടിലേക്കു മടങ്ങേണ്ടിവരും.
മെയ് മാസത്തില്‍ തങ്ങളുടെ താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയും തങ്ങളുടെ കളിക്കാരെ മെയ് മാസത്തില്‍ തിരിച്ചുവിളിച്ചേക്കും. കാരണം മെയ് 30നു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടുമായി ദക്ഷിണാഫ്രിക്ക ഏറ്റുമുട്ടുന്നുണ്ട്.

ഇന്ത്യക്കു പുറത്തേക്ക് മാറ്റിയേക്കും
ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഐപിഎല്ലിന്റെ അടുത്ത സീസണ്‍ വിദേശത്തേക്കു മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യ വേദിയായില്ലെങ്കില്‍ യുഎഇ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലൊന്നായിരിക്കും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുക.
ഐപിഎല്‍ ഇന്ത്യക്കു പുറത്തേക്കു മാറ്റിയാല്‍ ഇത് വരുമാനത്തിന്റെ കാര്യത്തില്‍ വലിയ ഇടിവ് തന്നെയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തങ്ങളുടെ പ്രിയ ടീമിന്റെ പ്രകടനം നേരിട്ടു കാണാന്‍ കഴിയാത്തതിനാല്‍ ആരാധകര്‍ ഐപിഎല്ലിനെ കൈവിടാനും സാധ്യതയുണ്ട്.
ആദ്യപാദം വിദേശത്ത് നടത്തി രണ്ടാംപാദം ഇന്ത്യയിലേക്കു കൊണ്ടുവന്നാലും അത് ക്ലിക്കാവാന്‍ സാധ്യതയില്ല. കാരണം, രണ്ടാംപാദത്തില്‍ പല വിദേശ താരങ്ങളും തങ്ങളുടെ ടീമുകള്‍ക്കായി ഐപിഎല്ലില്‍ കളിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications