നിലവിലെ ലോകത്തിലെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് ബൗളിങ് നിരയുള്ള ടീമുകളിലൊന്നാണ് ഇന്ത്യ. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനമാണ് പേസ് നിര കാഴ്ചവയ്ക്കുന്നത്. നേരത്തേ സ്പിന്‍ ബൗളിങായിരുന്നു ഇന്ത്യയുടെ കരുത്തെങ്കില്‍ ഇപ്പോള്‍ ആയുധം പേസ് ബൗളിങാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരാണ് ടെസ്റ്റില്‍ നിലവില്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. എതിര്‍ ടീം ബാറ്റിങ് നിരയുടെ ഉറക്കം കെടുത്തുന്ന പേസ് ബൗളിങ് നിരയുണ്ടെങ്കിലും വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ഇപ്പോഴും പിറകിലാണെന്നു കണക്കുകള്‍ അടിവരയിടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ പേസര്‍മാരുടെ ലിസ്റ്റെടുത്താല്‍ ആദ്യത്തെ പത്തില്‍ ഇന്ത്യയുടെ ഒരാള്‍ പോലുമില്ലെന്നു കാണാന്‍ കഴിയും.

2019നു ശേഷം ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ബൗളിങ് ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ 13 പേരെ നോക്കിയാല്‍ ഇന്ത്യയുടെ ഒരാള്‍ക്കു മാത്രമേ ഇടം ലഭിച്ചിട്ടുള്ളൂവെന്നത് ആശ്ചര്യപ്പെടുത്തും. ഷമിയാണ് ലിസ്റ്റിലെ ഒരേയൊരു ഇന്ത്യന്‍ സാന്നിധ്യം. അദ്ദേഹമാവട്ടെ 12ാം സ്ഥാനത്തുമാണ്. 138.25 കിമിയാണ് ഷമിയുടെ ശരാശരി വേഗം.
ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത് ഒരു സര്‍പ്രൈസ് താരമാണ്. ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനാണിത്. 145.41 കിമി വേഗവുമായാണ് അദ്ദേഹം ഒന്നാമനായത്. രണ്ടാമതെത്തിയത് ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് (വേഗത 143.53 കിമി). ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയയാണ് മൂന്നാമന്‍. 141.63 കിമിയാണ് അദ്ദേഹത്തിന്റെ ശരാശരി വേഗത.

വളരെ ചെറിയ വ്യത്യാസത്തില്‍ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് നാലാംസ്ഥാനക്കാരനായി. 141.12 കിമിയാണ് വുഡിന്റെ വേഗത. അഞ്ചാംസ്ഥാനത്തു പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ മൂസ ഖാനാണ്. 140.35 കിമി വേഗത്തിലാണ് താരം ബൗള്‍ ചെയ്യുന്നത്. ശ്രീലങ്കയുടെ ലഹിരു കുമാര (139.28 കിമി), ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് (139.23 കിമി), പാകിസ്താന്റെ നസീം ഷാ (139.07), വെസ്റ്റ് ഇന്‍ഡീസിന്റെ ഷാനോണ്‍ ഗബ്രിയേല്‍ (138.64 കിമി), ഓസ്‌ട്രേലിയയുടെ ജെയിംസ് പാറ്റിന്‍സണ്‍ (138.48 കിമി) എന്നിവരാണ് ആറു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ബൗളര്‍മാര്‍.