
സ്‌കോട്ട് ബോസ്വെല്‍ (14 ബോള്‍)
ഇംഗ്ലീഷ് ഫാസ്റ്റ് ബൗളറായിരുന്ന സ്‌കോട്ട് ബോസ്വെല്ലാണ് ലിസ്റ്റിലെ അഞ്ചാമന്‍. ഒരോവറില്‍ അദ്ദേഹമെറിഞ്ഞത് 14 ബോളുകളാണ്. ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന സി ആന്റ് ജി ഫൈനലില്‍ ലെസ്റ്റര്‍ഷെയും സോമര്‍സെറ്റും തമ്മിലുള്ള ഫൈനലിലായിരുന്നു ബോസ്വെല്ലിന്റെ മോശം ഓവര്‍.
ഫൈനലിനു മുമ്പുള്ള കളികളിലെല്ലാം ടീമിന്റെ ഏറ്റവും മികച്ച ബൗളറായിരുന്നു ബോസ്വെല്‍. എന്നാല്‍ കലാശക്കളിയില്‍ താരം ടീമിനെ നിരാശപ്പെടുത്തി.
ഈ ഓവര്‍ ബോസ്വെല്ലിന്റെ കരിയര്‍ തന്നെ പിന്നീട് ഇല്ലാതാക്കുകയും ചെയ്തു. അന്നത്തെ ഓവര്‍ മറക്കുവാന്‍ 10 വര്‍ഷത്തോളം തനിക്കു വേണ്ടി വന്നതായി താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഡാരില്‍ ടഫി (14 ബോള്‍)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്റെ ഏറ്റവും വിശ്വസ്തനായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ഡാരില്‍ ടഫി. അദ്ദേഹത്തിനും കരിയറില്‍ ഒരു മോശം ഓവര്‍ ബൗള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. 2005ല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിന മല്‍സരത്തില്‍ ടഫിയെറിഞ്ഞത് 14 ബോളുകളായിരുന്നു. ഇത്രയും മികച്ചൊരു ബൗളര്‍ക്കു ഇങ്ങനെയൊരു നാണക്കേടുണ്ടാവുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എങ്ങനെ ബൗള്‍ ചെയ്യണമെന്നു പോലും മറന്നതു പോലെയായിരുന്നു അദ്ദേഹം അന്നു പന്തെറിഞ്ഞത്.
ന്യൂസിലാന്‍ഡിനായി ആദ്യ ഓവറായിരുന്നു ടഫി ബൗള്‍ ചെയ്തത്. 14 ബോളുകളില്‍ നിന്നും 16 റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തു.
ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

കേര്‍ട്‌ലി ആംബ്രോസ് (15 ബോള്‍)
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ കേര്‍ട്‌ലി ആംബ്രോസും ഈ ലിസ്റ്റിലുണ്ടെന്നത് ആരെയും ആശ്ചര്യപ്പെടുത്തും. ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ ബൗള്‍ ചെയ്തവരുടെ ലിസ്റ്റില്‍ മൂന്നാനമാണ് അദ്ദേഹം.
1997ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു ആംബ്രോസിന്റെ മോശം ഓവര്‍. അന്നു 15 ബോളുകളാണ് അദ്ദേഹം ഒരോവറില്‍ എറിഞ്ഞത്. ഈ ഓവറില്‍ ഒമ്പതു നോ ബോളുകള്‍ ആംബ്രോസ് എറിയുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഓവര്‍ കൂടിയാണിത്.

മുഹമ്മദ് സമി (17 ബോള്‍)
പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരുടെ നിരയിലാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സമിയുടെ സ്ഥാനം. എന്നാല്‍ അദ്ദേഹത്തിനും കരിയറില്‍ ഒരു മോശം ദിവസമുണ്ടായിട്ടുണ്ട്. അന്നു ഒരോവറില്‍ 17 ബോളുകളെറിഞ്ഞായിരുന്നു സമി നാണക്കേട് കുറിച്ചത്.
2004ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു സമിയുടെ മാരത്തണ്‍ ഓവര്‍. ഷബീര്‍ അഹമ്മദിനൊപ്പം പാകിസ്താനു വേണ്ടി ന്യൂബോള്‍ എറിഞ്ഞത് സമിയായിരുന്നു. ആദ്യത്തെ ഓവര്‍ മെയ്ഡനാക്കി സമി തുടക്കം ഗംഭീരമാക്കി. പക്ഷെ തന്റെ രണ്ടാമത്തെ ഓവറില്‍ 17 ബോളുകളാണ് അദ്ദേഹമെറിഞ്ഞത്. ഏഴു വൈഡുകളും നാലു ബോളുകളും ഇതില്‍പ്പെടും. ഈ ഓവറില്‍ വിട്ടുകൊടുത്തത് 22 റണ്‍സായിരുന്നു.
പാന്റ്‌സിനുള്ളില്‍ ടിഷ്യു വച്ച് കളിച്ച സച്ചിന്‍! അതും ലോകകപ്പില്‍- സംഭവമറിയാം

ബെര്‍ട്ട് വാന്‍സ് (22 ബോള്‍)
ഒരോവറില്‍ ഏറ്റവുമധികം ബോളുകളെറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡ് ന്യൂസിലാന്‍ഡിന്റെ മുന്‍ താരം ബെര്‍ട്ട് വാന്‍സിനു അവകാശപ്പെട്ടതാണ്. ഒരു ആഭ്യന്തര മല്‍സരത്തില്‍ അദ്ദേഹമെറിഞ്ഞത് 22 ബോളുകളായിരുന്നു. 1989-90 സീസണിലെ ഷെല്‍ ട്രോഫിയുടെ ഫൈനലിലായിരുന്നു വാന്‍സിന്റെ ഈ ഓവര്‍. കാന്റര്‍ബെറിക്കെതിരേ നടന്ന ഫൈനലില്‍ വെല്ലിങ്ടണിനു വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചത്. 22 ബോളുകളെറിഞ്ഞ ഈ ഓവറില്‍ വാന്‍സ് 77 റണ്‍സും വിട്ടുകൊടുത്തു.


Click it and Unblock the Notifications











