കളിക്കാന്‍ ആളില്ല, ബാറ്റിങ് പരിശീലകനെ പന്ത്രണ്ടാമനാക്കി ന്യൂസിലാന്‍ഡ്
സിഡ്‌നി: ന്യൂസിലാന്‍ഡിന്റെ ഓസ്‌ട്രേലിയാ സന്ദര്‍ശനം ദുരന്തനാടകമായി മാറുകയാണ്. പരുക്കുകളും ആരോഗ്യപ്രശ്‌നങ്ങളും ന്യൂസിലാന്‍ഡ് ക്യാംപിനെ വലയ്ക്കുന്നു. കളത്തിനകത്തും പുറത്തും പിടിച്ചുനില്‍ക്കാന്‍ പെടാപാട് പെടുകയാണ് കിവികള്‍. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ദിനമായപ്പോഴേക്കും റിസര്‍വ് ബെഞ്ചില്‍ കളിക്കാരില്ലാത്ത സ്ഥിതി. ഒടുവില്‍ ബാറ്റിങ് പരിശീലകന്‍ പീറ്റര്‍ ഫുള്‍ട്ടണാണ് വെള്ള ജഴ്‌സിയിട്ട് ടീമിലെ പന്ത്രണ്ടാമനായത്.

പരമ്പരയുടെ തുടക്കം മുതല്‍ക്കെ പരുക്കുകളോട് മല്ലിടുകയാണ് ന്യൂസിലാന്‍ഡ് ടീം. ആദ്യം പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ ടീമില്‍ നിന്നും മടങ്ങി. പെര്‍ത്തില്‍ 11 ഓവറുകള്‍ എറിഞ്ഞ താരം പേശിവലിവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. മെല്‍ബണ്‍ ടെസ്റ്റിലാണ് ന്യൂസിലാന്‍ഡിനേറ്റ അടുത്ത ആഘാതം. ആദ്യ ഇന്നിങ്‌സില്‍ ഫോമിലേക്കുയര്‍ന്ന പേസ് ബൗളര്‍ ട്രെന്‍ഡ് ബൗള്‍ട്ടിനെ പരുക്ക് പിടികൂടി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ബൗള്‍ട്ടിന്റെ ശ്രമം പരുക്കില്‍ കലാശിച്ചു. ശേഷം സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ നായകന്‍ കെയ്ന്‍ വില്യംസണും മധ്യനിര ബാറ്റ്‌സ്മാന്‍ ഹെന്റി നിക്കോള്‍സിനും ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍ സാന്‍ടറിനും വൈറസ് ബാധയേറ്റതോടെ ന്യൂസിലാന്‍ഡ് ടീം സമ്പൂര്‍ണ പ്രതിസന്ധിയിലായി. മൂവരെയും കൂടാതെയാണ് ഓസ്‌ട്രേലിയക്കെതിരെ കിവികള്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങിയത്.

ഇതിനിടയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാത്ത 23 -കാരന്‍ ഗ്ലെന്‍ ഫിലിപ്‌സിനെ മുന്‍ കരുതലെന്നവണ്ണം ന്യൂസിലാന്‍ഡ് ടീം വിളിച്ചുവരുത്തി. പക്ഷെ ഇവിടംകൊണ്ട് തീരുന്നില്ല സന്ദര്‍ശകരുടെ ദുരിതമുഖം. സിഡ്‌നി ടെസ്റ്റിലെ ആദ്യ ദിനം ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റിക്ക് പരുക്കേറ്റു. വിരലിനാണ് താരത്തിന് പരുക്ക്. രണ്ടാം ദിനമായപ്പോഴേക്കും ഓള്‍ റൗണ്ടര്‍ ജീത്ത് റാവലിനെയും ആരോഗ്യപ്രശ്‌നങ്ങള്‍ വലച്ചു.

ഇതോടെയാണ് മുന്‍ ന്യൂസിലാന്‍ഡ് ഓപ്പണറും ഇപ്പോഴത്തെ ബാറ്റിങ് പരിശീലകനുമായ പീറ്റര്‍ ഫുള്‍ട്ടണ്‍ ടീമിലെ പന്ത്രണ്ടാമനായി വെള്ളക്കുപ്പായമിട്ടത്. എന്തായാലും പന്ത്രണ്ടാമന്റെ റോളില്‍ ടീം സൗത്തിക്കൊപ്പം ഡ്രസിങ് റൂമിലിരിക്കുന്ന പീറ്റര്‍ ഫുള്‍ട്ടണിന്റെ ചിത്രം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ 454 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിരിക്കുന്നത്. ന്യൂസിലാന്‍ഡിനായി കോളിന്‍ ഡി ഗ്രാന്‍ഡോമും നീല്‍ വാഗ്നറും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടോസ് ആസില്‍ രണ്ടും വില്യം സോമര്‍വില്‍, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റും ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കി. രണ്ടാം ദിനം പൂര്‍ണമാവുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് കുറിച്ചിട്ടുണ്ട് ന്യൂസിലാന്‍ഡ്. നായകന്‍ ടോം ലാതമും ടോം ബ്ലണ്ടലുമാണ് ക്രീസില്‍.
Image Source: Black Caps
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications