സയ്ദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പുതിയൊരു താരോദയത്തെക്കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. ഫൈനലിലുള്‍പ്പെടെ മുംബൈയ്ക്കായി ഫിനിഷറുടെ റോളില്‍ കസറിയ സൂര്യാന്‍ഷ് ഷെഡ്‌ഗെയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ മധ്യപ്രദേശിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് മുംബൈ ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും 21 കാരനായ സൂര്യാന്‍ഷാണ്.
മുംബൈയ്ക്കായി ഏഴാം നമ്പറില്‍ ഇറങ്ങിയാണ് സൂര്യാന്‍ഷ് കത്തിക്കയറിയത്. വെറും 15 ബോളില്‍ പുറത്താവാതെ താരം വാരിക്കൂട്ടിയത് 36 റണ്‍സാണ്. മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്. നേരത്തേ ബൗളിങില്‍ ഒരു വിക്കറ്റും താരം വീഴ്ത്തിയിരുന്നു. ഇതാണ് കളിയിലെ താരമായും സൂര്യാന്‍ഷ് തിരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുക്കിയത്.

സൂര്യാന്‍ഷിന്റെ പ്രകടനം
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത്തവണ മുംബൈയുടെ ഒമ്പതു മല്‍സരങ്ങളിലും സൂര്യാന്‍ഷ് ഷെഡ്ഗെയ്ക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇവയില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങിനിറങ്ങി നിര്‍ണായക ഇംപാക്ടുണ്ടാക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തിരുന്നു.
251.92 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ 131 റണ്‍സ് സൂര്യാന്‍ഷ് നേടുകയും ചെയ്തു. നേരിട്ടതാവട്ടെ വെറും 52 ബോളുകളുമാണ്. ഫൈനലില്‍ പുറത്താവാതെ നേടിയ 36 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 13 സിക്‌സറുകള്‍ പറത്തിയ സൂര്യാന്‍ഷ് ഏഴു ഫോറുകളും നേടി.
ടൂര്‍ണമെന്റിലെ അവസാനത്തെ അഞ്ചു ഇന്നിങ്‌സുകളെടുത്താല്‍ 36* (32 റണ്‍സിന് ഒരു വിക്കറ്റ്), 6* (11 റണ്‍സിന് രണ്ടു വിക്കറ്റ്), 36* (36 റണ്‍സിന് രണ്ടു വിക്കറ്റ്), 30*, 1* എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. വളരെ അനായാസം വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവാണ് സൂര്യാന്‍ഷിനെ അപകടകാരിയാക്കി മാറ്റുന്നത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ബൗളറെയും തല്ലിപ്പറത്താനുള്ള കൈക്കരുത്ത് വലംകൈയന്‍ ബാറ്റര്‍ക്കുണ്ട്.
ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം
മുഷ്താഖ് അലി ട്രോഫിയില്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെയുടെ വെടിക്കെട്ട് ഏറ്റവുമധികം സന്തോഷിപ്പിക്കുക പഞ്ചാബ് കിങ്‌സിനെയാണ്. കാരണം അടുത്ത ഐപിഎല്‍ സീസണില്‍ അവര്‍ക്കു വേണ്ടി കളിക്കാനൊരുങ്ങുകയാണ് അദ്ദേഹം. കഴിഞ്ഞ മെഗാ ലേലത്തിലാണ് അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു സൂര്യാന്‍ഷിനെ പഞ്ചാബ് സ്വന്തമാക്കിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിന്റെ സര്‍പ്രൈസ് ഫിനിഷറായിരുന്നു ശശാങ്ക് സിങ്. ഞെട്ടിക്കുന്ന പ്രകടനമാണ് അവര്‍ക്കു വേണ്ടി താരം കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ ലേലത്തിനു മുമ്പ് ശശാങ്കിനെ പഞ്ചാബ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. അടുത്ത സീസണില്‍ ശശാങ്കിനൊപ്പം സൂര്യാന്‍ഷ് കൂടി ചേരുന്നതോടെ അതു മാരക കോമ്പിനേഷനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു സൂര്യാന്‍ഷ്. പകരക്കാരനായാണ് താരത്തെ അവര്‍ ടീമിലെത്തിച്ചത്. പക്ഷെ എല്‍എസ്ജിക്കു വേണ്ടി കളിക്കാനുള്ള ഭാഗ്യം സൂര്യാന്‍ഷിനു ലഭിച്ചില്ല.
സൂര്യാന്‍ഷിന്റെ കരിയര്‍
സൂര്യാന്‍ഷ് ഷെഡ്‌ഗെയുടെ കരിയറെടുത്താല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. മൂന്നു ഫിഫ്റ്റികളടക്കം 343 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സാണ്. ടി20യില്‍ ഒമ്പതു മല്‍സരങ്ങളാണ് സൂര്യാന്‍ഷ് ഇതിനകം കളിച്ചത്. ഇവയെല്ലാം ഇത്തവണത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലുമാണ്. ടി20യില്‍ എട്ടു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.