
മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുപോയ വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച ഇതിഹാസമാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി തുടങ്ങി പല വമ്പന്‍ റെക്കോഡുകളും ഇപ്പോഴും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിക്കറ്റ് നേടുകയെന്നത് ഏതൊരു ബൗളറെയും സംബന്ധിച്ച് വലിയ സ്വപ്‌നമാണ്. പല ബൗളര്‍മാരും ഏറ്റവും ആഗ്രഹിക്കുന്നതും സച്ചിന്റെ വിക്കറ്റ് നേട്ടത്തിനായാവും. ഇന്ത്യയുടെ അപൂര്‍വ്വ താരങ്ങള്‍ക്ക് സച്ചിന്റെ വിക്കറ്റ് നേടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴാണ് ഇന്ത്യയുടെ ചില താരങ്ങള്‍ക്ക് സച്ചിനെ പുറത്താക്കാന്‍ സാധിച്ചത്. അത്തരമൊരു ഭാഗ്യം ലഭിച്ച താരങ്ങളിലൊരാളാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിങ്. ഇടം കൈയന്‍ പേസര്‍ 2000ല്‍ നടന്ന രഞ്ജി ട്രോഫിയിലാണ് സച്ചിന്റെ വിക്കറ്റ് നേടിയത്.
ആ സംഭവം ഇപ്പോള്‍ ഓര്‍ത്തെടുക്കുകയാണ് ആര്‍പി സിങ്. 'സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് നേടിയാല്‍ നമ്മളായിട്ടത് ഓര്‍മ്മിപ്പിക്കേണ്ടതായുണ്ട്. ഞാന്‍ സച്ചിന്‍ ഭാജിയോട് അന്ന് വിക്കറ്റ് നേടിയ കാര്യം പറഞ്ഞു. മികച്ച പന്തായിരുന്നു അത്. ഞാനത് നഷ്ടപ്പെടുത്തി. ഇനിയൊരിക്കലും അതുണ്ടാകില്ല.

പിന്നീട് നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഞാന്‍ അന്ന് ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിനൊപ്പമായിരുന്നു. സച്ചിന്‍ അന്ന് ഞങ്ങള്‍ക്കെതിരേ സെഞ്ച്വറി നേടിയിരുന്നു. അന്ന് എനിക്ക് കാര്യമായി അടികിട്ടിയില്ലെന്നത് മാത്രമാണ് ആശ്വസിക്കാനാവുന്ന കാര്യം- ആര്‍പി സിങ് പറഞ്ഞു.
ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ആര്‍പി സിങ്. വലിയൊരു കരിയര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ പരിക്ക് താരത്തെ തളര്‍ത്തി. ഇന്ത്യക്കായി 14 ടെസ്റ്റും 58 ഏകദിനവും 10 ടി20യുമാണ് കളിച്ചത്. 2005 സെപ്തംബറില്‍ ഇന്ത്യന്‍ ടീമിലേക്കെത്തി 2011 സെപ്തംബറിലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.
സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാന്‍ കുറവാണെന്ന് പറയാം. നേരത്തെ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗുമായും സച്ചിന് ഇത്തരത്തിലുള്ള അനുഭവമുണ്ട്. സച്ചിന്റെ വിക്കറ്റ് നേടിയ ഹോഗ് പിന്നീട് ഓട്ടോഗ്രാഫ് ആവിശ്യപ്പെട്ടപ്പോള്‍ ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്ന് സച്ചിന്‍ എഴുതി നല്‍കിയിരുന്നു.

പിന്നീടൊരിക്കലും ഹോഗിന് സച്ചിന്റെ വിക്കറ്റ് നേടാനായിട്ടില്ല. സച്ചിന്റെ റെക്കോഡുകളില്‍ പലതും ഇനിയും തകര്‍ക്കപ്പെട്ടേക്കും. എങ്കിലും സച്ചിന്‍ ലോക ക്രിക്കറ്റില്‍ സൃഷ്ടിച്ച സ്വാധീനത്തിന് പകരം വെക്കാന്‍ ഇനിയൊരു താരം ജനിക്കേണ്ടിയിരിക്കുന്നു.
സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡുകള്‍ തകര്‍ക്കുന്നതിന് തൊട്ടടുത്താണ് വിരാട് കോലി. സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറി റെക്കോഡും കോലി ചിലപ്പോള്‍ തകര്‍ത്തേക്കും. എങ്കിലും ആരാധക മനസിലെ സച്ചിന്റെ സ്ഥാനം മറ്റെല്ലാവരെക്കാളും മുകളില്‍ത്തന്നെയാണ്.
സച്ചിന്റെ കാലഘട്ടത്തില്‍ അദ്ദേഹം നേരിട്ട ബൗളര്‍മാര്‍ വസിം അക്രം, വഖാര്‍ യൂനിസ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് എന്നിങ്ങനെ നീണ്ടുപോവും. ഇവരെല്ലാം ലോക ക്രിക്കറ്റിനെ വിറപ്പിച്ചവരാണ്. ഇവരെയെല്ലാം നേരിട്ടാണ് സച്ചിന്റെ ഇത്രയും വലിയ കരിയറെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.