
സുനില്‍ ഗവാസ്‌കറാണ് ആദ്യമായി ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരന്‍. മുന്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ ഗവാസ്‌കര്‍ ടെസ്റ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ താരം കൂടിയാണ്. രണ്ടാമതായി ഈ നേട്ടത്തിലെത്തിയത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ്. 131 ടെസ്റ്റാണ് കപില്‍ ദേവ് കളിച്ചത്. 1983ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകനാണ് കപില്‍. ദിലീപ് വെങ്‌സര്‍ക്കാരാണ് ഈ പട്ടികയിലെ മൂന്നാമന്‍. 116 ടെസ്റ്റുകളാണ് വെങ്‌സര്‍ക്കാര്‍ കളിച്ചത്. 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ അപൂര്‍വ്വം താരങ്ങളിലൊരാളാണ് വെങ്‌സര്‍ക്കാര്‍.

നാലാം സ്ഥാനത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 200 ടെസ്റ്റുകള്‍ കളിച്ച ഏക താരം സച്ചിനാണ്. ടെസ്റ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരിലാണ്. ഇത് അത്ര പെട്ടെന്ന് തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കുന്നതുമല്ല. 15921 റണ്‍സും 51 സെഞ്ച്വറിയുമാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്റെ പേരിലുള്ളത്. വിരാട് കോലിയെ സച്ചിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുമ്പോഴും സച്ചിന്റെ ടെസ്റ്റ് റെക്കോഡ് തകര്‍ക്കാന്‍ കോലിക്ക് സാധിക്കില്ല.

അനില്‍ കുംബ്ലെയാണ് പട്ടികയിലെ അഞ്ചാമന്‍. ലെഗ് സ്പിന്നുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന കുംബ്ലെ ടെസ്റ്റിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനാണ്. 619 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ 10 വിക്കറ്റും നേടിയ മൂന്ന് ബൗളര്‍മാരിലൊരാളാണ് അനില്‍ കുംബ്ലെ. 132 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനും മുന്‍ നായകനുമായിരുന്ന രാഹുല്‍ ദ്രാവിഡും ഈ പട്ടികയിലുണ്ട്. 15 വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന്റെ വന്മതിലായിരുന്ന ദ്രാവിഡ് 163 ടെസ്റ്റാണ് കളിച്ചത്. 13288 റണ്‍സും ദ്രാവിഡിന്റെ പേരിലുണ്ട്.

വിവിഎസ് ലക്ഷ്മണാണ് ഏഴാം സ്ഥാനത്ത്. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ലക്ഷ്മണ്‍ 134 ടെസ്റ്റിലാണ് കളിച്ചത്. 8781 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. മധ്യനിരയില്‍ ഇന്ത്യക്കായി അത്ഭുത പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ലക്ഷ്മണിന് സാധിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് ഈ പട്ടികയിലെ എട്ടാമന്‍. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സാണ് ഗാംഗുലി നേടിയത്. ടോപ് ഓഡറില്‍ ഗംഭീര പ്രകടനം തന്നെ ഗാംഗുലിക്ക് അവകാശപ്പെടാനാവും.

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഈ നേട്ടത്തിലെത്തിയതാണ്. രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സാണ് നേടിയിട്ടുള്ളത്. 23 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഹര്‍ഭജന്‍ സിങ്ങാണ് ഈ പട്ടികയിലെ മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന്‍ ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഹാട്രിക്ക് നേടിയ ബൗളറാണ്. അവസാനമായി പേസര്‍ ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്കായി ഈ നേട്ടത്തിലെത്തിയത്. നിലവില്‍ 105 മത്സരം അദ്ദേഹം കളിച്ചിട്ടുണ്ട്.


Click it and Unblock the Notifications












