ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യ ഒന്നാംറാങ്ക് നിലനിര്‍ത്തി. രണ്ടാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായുള്ള അകലം പുതിയ റാങ്കിങില്‍ ഇന്ത്യ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നേരത്തേ നാലു പോയിന്റായിരുന്നു ഇരുടീമും തമ്മിലുള്ള വ്യത്യാസമെങ്കില്‍ ഇപ്പോള്‍ അതു 13 പോയിന്റാക്കി ഉയര്‍ത്തിയിട്ടുണ്ട്. 125 പോയിന്റുമായാണ് ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്. ഇന്ത്യക്കു നാലു പോയിന്റ് അധികം ലഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു പോയിന്റ് കുറയുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയെങ്കിലും ഓസ്‌ട്രേലിയ റാങ്കിങില്‍ മൂന്നാംസ്ഥാനത്തുണ്ട്. നാലു പോയിന്റ് അധികമായി ലഭിച്ച ഓസീസിന് 106 പോയിന്റാണുള്ളത്. ന്യൂസിലന്‍ഡ് (102), ഇംഗ്ലണ്ട് (98) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 94 പോയിന്റോടെ ശ്രീലങ്ക ആറാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 86 പോയിന്റുള്ള പാകിസ്താന്‍ ഏഴാംസ്ഥാനത്തു തുടരുകയാണ്.
അതേസമയം, ബംഗ്ലാദേശ് റാങ്കിങില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. നാലു പോയിന്റ് കൂടുതല്‍ നേടിയ ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി എട്ടാംസ്ഥാനത്തേക്കു കയറി. 75 പോയിന്റാണ് ബംഗ്ലാദേശിന്റെ സമ്പാദ്യം. തൊട്ടു താഴെയുള്ള വിന്‍ഡീസ് എട്ടു പോയിന്റ് പിന്നിലാണ്. വെറും രണ്ടു പോയിന്റ് മാത്രമുള്ള സിംബാബ്‌വെയാണ് പത്താം സ്ഥാനത്തുള്ളത്.