ധാക്ക: പന്തേറിലെ വ്യത്യസ്തകൊണ്ട് എതിരാളികളെ വീഴ്ത്തി താരമായി മാറിയ ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ടൂര്‍ണമന്റുകളില്‍ കളിക്കുന്നതില്‍ നിന്നും വിലക്കി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് താരത്തെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരിക്കുന്നത്.
ബംഗ്ലാദേശിന്റെ മികച്ച ബൗളറായി മാറുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും തുടര്‍ച്ചയായുള്ള ടി20 ലീഗുകള്‍ താരത്തിന്റെ കരിയറിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റ് ബോല്‍ഡ് കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. തുടര്‍ച്ചയായ മത്സരങ്ങള്‍ മുസ്താഫിസുര്‍ റഹ്മാന് വിട്ടുമാറാത്ത പരിക്കാണ് സമ്മാനിക്കുന്നതെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
ബംഗ്ലാദേശിനായി ഇതുവരെ 10 ടെസ്റ്റുകളും 27 ഏകദിന മത്സരങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. പരിക്കുമൂലം അടുത്തിടെ നടന്ന വിന്‍ഡീസ് പര്യടനത്തില്‍ യുവതാരത്തിന് കളിക്കാന്‍ കഴിഞ്ഞില്ല. വിന്‍ഡീസിനോട് 2-0ത്തിനും അഫ്ഗാനിസ്ഥാനോട് 3-0ത്തിനും ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞപ്പോഴും മുസ്താഫിസുര്‍ പരിക്കുമൂലം പുറത്തായിരുന്നു.
ഫ്രാഞ്ചൈസികള്‍ക്കുവേണ്ടി വിദേശ ടി20 ലീഗുകളില്‍ താരത്തിന് കളിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസുമുള് ഹസന് പറഞ്ഞു. ഫ്രാഞ്ചൈസി ലീഗുകകളില്‍ കളിക്കുമ്പോള്‍ താരത്തി പരിക്കുപറ്റുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിയുന്നില്ല. മുസ്താഫിസുര്‍ റഹ്മാന് വിശ്രമം ആവശ്യമാണ്. ബോര്‍ഡിന് കീഴില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുകയാണ് ആദ്യ ലക്ഷ്യം. പിന്നീടുമാത്രമേ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കുന്ന കാര്യം ആലോചിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.