മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ സഞ്ജു സാംസണിനു കീഴില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരവും ജയിച്ച് കേരളം കുതിക്കുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ലോകകപ്പില്‍ തുടരെ അഞ്ചാം വിജയം കൊയ്തതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസം തന്നെ സഞ്ജുവും സംഘവും അഞ്ചാം വിജയവുമായി കരുത്തുകാട്ടിയത്. ഗ്രൂപ്പ് ബിയില്‍ സിക്കിമിനെ കേരളം ഇന്നു വാരിക്കളയുകയായിരുന്നു. 132 റണ്‍സിന്റെ വമ്പന്‍ ജയമാണ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കേരളം സ്വന്തമാക്കിയത്.
സിക്കിമിനെതിരേ ടോസിനു ശേഷം സഞ്ജു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനം ശരിവച്ചുകൊണ്ട് ബാറ്റിങ് നിര തകര്‍ത്തടിച്ചു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ അപരാജിത സെഞ്ച്വറിയുമായി ഹീറോയായി മാറിയപ്പോള്‍ 20 ഓവറില്‍ മൂന്നു വിക്കറ്റിനു 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ കേരളം പടുത്തുയര്‍ത്തി. 56 ബോളില്‍ രോഹന്‍ അടിച്ചെടുത്തത് 101 റണ്‍സാണ്. 14 ഫോറും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

79 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 43 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വരുണ്‍ നായനാര്‍ ഒമ്പതു റണ്‍സെടുത്തപ്പോള്‍ എം അജിനാസ് 25 റണ്‍സും നേടി.
മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെയാണ് സിക്കിം തകര്‍ന്നടിഞ്ഞത്. ഒമ്പതു വിക്കറ്റിനു 89 റണ്‍സ് മാത്രമേ 20 ഓവറില്‍ അവര്‍ക്കു നേടാനായുള്ളൂ. അംഗുര്‍ മാലിക്ക് (26*), ആശിഷ് ഥാപ്പ (25) എന്നിവരൊഴികെ മറ്റാരും കേരള ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത മനു കൃഷ്ണന്‍, പികെ മിഥുന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിക്കിമിന്റെ കഥ കഴിച്ചത്.
എവിടെ സഞ്ജു?
ക്യാപ്റ്റന്‍സിയില്‍ കസറിയെങ്കിലും സഞ്ജു ബാറ്റ് ചെയ്യാതെ മാറിനിന്നത് ആരാധകരെ നിരശപ്പെടുത്തി. അഞ്ചു പേര്‍ കേരളത്തിനായി ബാറ്റ് ചെയ്യാനിറങ്ങിയിട്ടും സഞ്ജു വിട്ടുനില്‍ക്കുകയായിരുന്നു. നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ അദ്ദേഹത്തിനു തീര്‍ച്ചയായും ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷെ നാലാം നമ്പറില്‍ അജ്‌നാസിനെയും അഞ്ചാമനായി അബ്ദുള്‍ ബാസിത്തിനെയും സഞ്ജു ക്രീസിലേക്കു അയക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇതു രണ്ടാം തവണയാണ് ബാറ്റിങിനിറങ്ങാതെ അദ്ദേഹം സ്വയം വിട്ടുനിന്നത്. നേരത്തേ ബിഹാറുമായുള്ള മൂന്നാം റൗണ്ട് മല്‍സരത്തിലും സഞ്ജു ബാറ്റ് ചെയ്യാതെ മറ്റുള്ളവര്‍ക്കു തിളങ്ങാന്‍ അവസരമൊരുക്കി കൊടുത്തിരുന്നു. അന്നു കേരളത്തിനായി ആറു പേര്‍ ബാറ്റ് ചെയ്തിട്ടും സഞ്ജുവിനെ മാത്രം ഗ്രൗണ്ടില്‍ ആരാധകര്‍ക്കു കാണാനായില്ല.

ഈ ടൂര്‍ണമെന്റില്‍ കേരളത്തിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത മാസം ഇന്ത്യന്‍ ടീമിലേക്കു സഞ്ജുവിനെ തിരികെ വിളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്തവയ്ക്കാനായിട്ടില്ല. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച രണ്ടു ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. രണ്ടു മല്‍സരങ്ങളിലാവട്ടെ ബാറ്റിങിനു ഇറങ്ങിയതുമില്ല.
ഹിമാചല്‍ പ്രദേശുമായുള്ള ആദ്യ മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത സഞ്ജുവിന് രണ്ടു ബോളില്‍ നേടാനായത് ഒരു റണ്‍സ് മാത്രം. സര്‍വീസസിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 22 ബോളില്‍ 22 റണ്‍സെടുത്ത് പുത്താവുകയായിരുന്നു. അതിനു ശേഷമായിരുന്നു ബിഹാറുമായുള്ള മല്‍സരം.
എന്നാല്‍ ചണ്ഡീഗഡുമായുള്ള നാലാമത്തെ ഗ്രൂപ്പ് മല്‍സത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സഞ്ജു കസറി. നാലാമനായി ഇറങ്ങിയ അദ്ദേഹം 32 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 52 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
ഈ ഫിഫ്റ്റിക്കു ശേഷം ഇന്നു ദുര്‍ബലരായ സിക്കിമിനെതിരേ സഞ്ജു മറ്റൊരു കിടിലന്‍ ഇന്നിങ്‌സ് കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അവരെ തീര്‍ത്തും നിരാശപ്പെടുത്തി അദ്ദേഹം ബാറ്റ് ചെയ്യാതെ പുറത്തിരിക്കുകയായിരുന്നു.