മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ രണ്ടാം ഫിഫ്റ്റിയുമായി മിന്നിച്ചിരിക്കുകയാണ് കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഡിവൈ പാട്ടീല്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ ആറാം മല്‍സരത്തില്‍ ഒഡീഷയ്‌ക്കെതിരേയാണ് നാലാം നമ്പറില്‍ ഇറങ്ങി അദ്ദേഹം ക്യാപ്റ്റന്റെ കളി കെട്ടഴിച്ചത്. അപാരാജിത ഫിഫ്റ്റിയുമായി ടീമിനെ മികച്ച ടോട്ടലില്‍ എത്തിക്കുന്നതില്‍ സഞ്ജു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
55 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നാലു വീതം ഫോറും സിക്‌സറും സഞ്ജുവിന്റെ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു. 177.42 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. സഞ്ജുവിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 184 റണ്‍സെന്ന മികച്ച ടോട്ടും പടുത്തുയര്‍ത്തി. ഓപ്പണര്‍ വരുണ്‍ നായനാര്‍ (48), വിഷ്ണു വിനോദ് (35) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വരുണ്‍ 38 ബോളില്‍ ഒമ്പതു ഫോറുകളടിച്ചപ്പോള്‍ വിഷ്ണു 33 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സുമടിച്ചു. പക്ഷെ കഴിഞ്ഞ മല്‍സരത്തിലെ സെഞ്ച്വറി വീരന്‍ രോഹന്‍ കുന്നുമ്മലിനു 16 റണ്‍സ് മാത്രമേ നേടാനായുള്ളൂ. കേരളത്തിന്റെ തുടക്കം മോശമായിരുന്നു. നാലാം ഓവറില്‍ ടീം സ്‌കോര്‍ 30ല്‍ നില്‍ക്കെ രോഹനെ ടീമിനു നഷ്ടമായി.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ വരുണിനു കൂട്ടായി വിഷ്ണു വന്നതോടെ കേരളം പിടിമുറുക്കി. 60 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ സഖ്യത്തിനു സാധിച്ചു. ഇതോടെ 12ാം ഓവറില്‍ തന്നെ കേരള ടോട്ടല്‍ 90 കടന്നു.
വരുണ്‍ മടങ്ങിയ ശേഷമായിരുന്നു സഞ്ജുവിന്റെ വരവ്. മികച്ച ഫോമില്‍ കാണപ്പെട്ട അ്‌ദ്ദേഹം വിഷ്ണുവിനൊപ്പം ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി കേരളത്തെ ശക്തമായ നിലയിലെത്തിച്ചു. 65 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. കേരള ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.
155ല്‍ വച്ച് വിഷ്ണു പുറത്തായതോടെ ഈ ജോടി വേര്‍പിരിഞ്ഞത്. ആറു റണ്‍സിന്റെ വ്യത്യസത്തിലാണ് വിഷ്ണുവിനെയും അബ്ദുള്‍ ബാസിത്തിനെയും (5) കേരളത്തിനു നഷ്ടമായത്. എന്നാല്‍ സഞ്ജുവും സല്‍മാന്‍ നിസാറും 11* (4 ബോള്‍, 1 ഫോര്‍, 1 സിക്‌സ്) ചേര്‍ന്ന് കേരളത്തെ 183 റണ്‍സിലെത്തിക്കുകയായുന്നു.
ആറ മല്‍സരങ്ങളില്‍ നിന്നും നാലാം ഫിഫ്റ്റി നേടിയതോടെ ഇന്ത്യന്‍ ടീമിലേക്കു വൈകാതെ മടങ്ങിയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു. മൂന്നു ടൂര്‍ണമെന്റുകളിലും ഒരു ദ്വിരാഷ്ട്ര പരമ്പരയിലുമടക്കം അടുത്തിടെ ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹം തുടര്‍ച്ചയായി തഴയപ്പെട്ടിരുന്നു. എന്നാല്‍ മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തോടെ സഞ്ജു വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ലോകകപ്പിനു ശേഷം അടുത്ത മാസം അവസാനത്തോടെ ഓസ്ട്രേലിയക്കതിരേ നാട്ടില്‍ ഇന്ത്യ അഞ്ചു ടി20കളുടെ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയിലൂടെ തനിക്കു ടീമില്‍ മടങ്ങിയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു. ഓസീസിനെതിരേ രണ്ടാംനിര ടീമിനെയാവും ഇന്ത്യ പരീക്ഷിച്ചേക്കുക.
അതേസമയം, സിക്കിമുമായുള്ള അവസാന കളിയില്‍ കേരളത്തിനായി ബാറ്റ് ചെയ്യാതെ മാറിനിന്ന സഞ്ജു ഇന്നു കിടിലന്‍ ഫിഫ്റ്റിയുമായി ആരാധകരുടെ നിരാശ മായ്ക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിനെതിരായ ആദ്യ കളിയില്‍ ഒരു റണ്‍സിനു പുറത്തായ അദ്ദേഹം സര്‍വീസസിനെതിരേ 22 റണ്‍സിനും വിക്കറ്റ് കൈവിട്ടിരുന്നു. ബിഹാറുമായുള്ള മൂന്നാമത്തെ മല്‍സരത്തില്‍ സഞ്ജു ബാറ്റ് ചെയ്തതുമില്ല. ആറു പേര്‍ ബാറ്റിങിന് ഇറങ്ങിയിട്ടും അദ്ദേഹം ബാറ്റ് ചെയ്യാതിരുന്നത് ആരാധകര്‍ നിരാശരാക്കുകയും ചെയ്തു.
നാലാമത്തെ മല്‍സരത്തല്‍ ചണ്ഡീഗഡിനെതിരേ സഞ്ജു ടൂര്‍ണമെന്റിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തി. 32 ബോളില്‍ 52 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. പക്ഷെ സിക്കിമിനെതിരേ അഞ്ചു പേര്‍ ബാറ്റ് ചെയ്തിട്ടും സഞ്ജു ക്രീസിലിറങ്ങാതെ മാറിനില്‍ക്കുകയായിരുന്നു.
കേരളത്തിനു ആറാം ജയം
ഒഡീഷയെയും തകര്‍ത്ത് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ ആറാമത്തെ വിജയം കൊയ്തിരിക്കുകയാണ് കേരളം. 50 റണ്‍സിന്റെ വിജയമാണ് സഞ്ജുവിനു കീഴില്‍ കേരളം സ്വന്തമാക്കിയത്.
184 റണ്‍സിന്റെ വിജയലക്ഷ്യലേക്കു ബാറ്റ് വീശിയ ഒഡീഷ 18.1 ഓവറില്‍ 133 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. കേരളത്തിനായി ജലജ് സക്‌സേന അഞ്ചും ശ്രേയസ് ഗോപാല്‍ നാലും വിക്കറ്റുകളെടുത്തു.