മുംബൈ: ഇന്ത്യന്‍ ടീമില്‍ തനിക്കു ഇപ്പോഴും സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തത് വെറുതെയല്ലെന്നുബാറ്റിങിലെ മറ്റൊരു ഫ്‌ളോപ്പ് ഷോയിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ രണ്ടാമത്തെ കളിയിലും മികച്ചൊരു സ്‌കോര്‍ കുറിക്കാന്‍ കേരള ക്യാപ്റ്റനായില്ല. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശിനെതിരേ നടന്ന ആദ്യ കളിയില്‍ രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിട്ടിരുന്നു.
ഇന്നു സര്‍വീസസുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ വലിയൊരു ഇന്നിങ്‌സുമായി സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ക്കൂടി അദ്ദേഹം അവരെ നിരാശപ്പെടുത്തി. 22 ബോളില്‍ 22 റണ്‍സെടുത്ത് സഞ്ജു ക്രീസ് വിടുകയായിരുന്നു. വെറും 100 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഓരോ ഫോറും സിക്‌സറുമാണ് കേരള ക്യാപ്റ്റന്‍ നേടിയത്.

മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അതു ഫിഫ്റ്റി പ്ലസ് സ്‌കോറിലോ, സെഞ്ച്വറിയിലോ എത്തിക്കാന്‍ സഞ്ജുവിനായില്ല. 11ാം ഓവറില്‍ എപി ശര്‍മയുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനു മുഹമ്മദ് അസ്ഹറുദ്ദീന്‍ (1), രോഹന്‍ കുന്നുമ്മല്‍ (12) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷമാണ് പവര്‍പ്ലേയില്‍ തന്നെ സഞ്ജു ക്രീസിലെത്തിയത്. നാലാം ഓവറില്‍ തന്നെ അദ്ദേഹം ബാറ്റിങിന് എത്തിയിരുന്നു.
വിഷ്ണു വിനോദിനൊപ്പം വളരെ ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് സഞ്ജു ശ്രമിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 45 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പതിഞ്ഞ താളത്തില്‍ കളിച്ച ശേഷം 11ാം ഓവറില്‍ സ്‌കോറിങിനു വേഗത കൂട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഞ്ജു പുറത്താവുന്ന്. ഈ കളിയിലെ ഇന്നിങ്‌സ് അദ്ദേഹത്തെ തീര്‍ച്ചയായും നിരാശപ്പെടുത്തുമെന്നുറപ്പാണ്.
കാരണം ടൂര്‍ണമെന്റിലെ ഓരോ ഇന്നിങ്‌സുകളും സഞ്ജുവിനു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരം കൂടിയാണ്. ഇവയാണ് അദ്ദേഹം ഓരോന്നായി തുലച്ചു കൊണ്ടിരിക്കുന്നത്. ഏഷ്യാ കപ്പിനു മുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. അതിനു ശേഷം ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര എന്നിവയിലെല്ലാം അദ്ദേഹം ദേശീയ ടീമില്‍ നിന്നും തഴയപ്പെടുകയും ചെയ്തു.

ഇതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകര്‍ മാത്രമല്ല ചില മുന്‍ താരങ്ങളും ഏഷ്യന്‍ ഗെയിംസ്, ഓസീസുമായുള്ള പരമ്പര എന്നിവയില്‍ സഞ്ജുവിന്റെ അസാന്നിധ്യം ചോദ്യം ചെയ്തിരുന്നു. അടുത്ത മാസം അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
ലോകകപ്പിനു ശേഷം നടക്കുന്ന പരമ്പരയായതിനാല്‍ പല സീനിയര്‍ താരങ്ങള്‍ക്കും ഓസീസിനെതിരേ ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഈ കാരണത്താല്‍ തന്നെ ഉറപ്പായും ഇന്ത്യന്‍ ടീമില്‍ തനിക്കു ഇടമുണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് സഞ്ജു. അതിനു മുന്നോടിയായി സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച അവസരം കൂടിയാണ് മുഷ്താഖ് അലി ട്രോഫി.
വിഷ്ണു വിനോദിന് സെഞ്ച്വറി
സര്‍വീസസുമായുള്ള മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു തിളങ്ങിയില്ലെങ്കിലും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ വിഷ്ണു വിനോദ് കേരളത്തിനായി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചു. മൂന്നാമനായി ഇറങ്ങിയ വിഷ്ണു പുറത്താവാതെ 109 റണ്‍സാണ് നേടിയത്. വെറും 62 ബോളുകളിലായിരുന്നു ഇത്. 15 ഫോറുകളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
24 ബോളില്‍ നിന്നും അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 42 റണ്‍സ് നേടിയ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 190 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് സര്‍വീസസിനു കേരളം നല്‍കിയിരിക്കുന്നത്. നിശ്ചിത 20 ഓവറില്‍ കേരളം മൂന്നു വിക്കറ്റിനു 189 റണ്‍സെന്ന മികച്ച സകോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.