മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ജേതാക്കളായാണ് സഞ്ജു സാംസണ്‍ നയിച്ച കേരള ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഏഴാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മല്‍സരത്തില്‍ അസമിനോടു തോറ്റെങ്കിലും അതു കേരളത്തിനു ക്ഷീണമായില്ല. ആദ്യത്തെ ആറു മല്‍സരങ്ങളിലും ജയിച്ച് സഞ്ജുവും സംഘവും നേരത്തേ തന്നെ നോക്കൗണ്ട് റൗണ്ടിലേക്കു ടിക്കറ്റ് വാങ്ങിയിരുന്നു. 24 പോയിന്റ് നേടിയാണ് കേരളം ഗ്രൂപ്പ് ബി ചാംപ്യന്‍മാരായത്.
ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരവ് ലക്ഷ്യമിടുന്ന സഞ്ജുവിന്റെ പ്രകടനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം അദ്ദേഹത്തിനു ബാറ്റിങില്‍ കാഴ്ചവയ്ക്കാനായിട്ടില്ലെന്നു കാണാം. ഏഴു മല്‍സരങ്ങളില്‍ അഞ്ചു ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 34.50 ശരാശരിയില്‍ 138 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്. ഈ ഫിഫ്റ്റികള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള മൂന്നു ഇന്നിങ്‌സുകളിലും സഞ്ജു ഫ്‌ളോപ്പായി മാറി.

യഥാര്‍ഥത്തില്‍ ബാറ്റിങില്‍ മറ്റൊരാളായിരുന്നു ഗ്രൂപ്പുഘട്ടത്തില്‍ കേരളത്തിന്റെ ഹീറോ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദായിരുന്നു അത്. പക്ഷെ എല്ലാവരുടെയും ശ്രദ്ധ മുഴുവന്‍ സഞ്ജുവിലേക്ക് ആയതിനാല്‍ ഐപിഎല്ലില്‍ മംബൈ ഇന്ത്യന്‍സിന്റെ താരം കൂടിയായ വിഷ്ണുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഗ്രൂപ്പുഘട്ടത്തില്‍ കേരളത്തിനായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് വിഷ്ണുവാണ്.
ഏഴു ഇന്നിങ്‌സുകളില്‍ നിന്നായി 57.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ വിഷ്ണു വാരിക്കൂട്ടിയത് 346 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടെയാണിത്. 161.68 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഗ്രൂപ്പുഘട്ടത്തില്‍ കേരളത്തിനു വേണ്ടി ഏറ്റവുമധികം ഫോറുകളും സിക്‌സറുകളുമടിച്ചതും വിഷ്ണു തന്നെയാണ്. 42 ഫോറുകളടിച്ച താരം 14 സിക്‌സറുകളും തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. സഞ്ജുവാകട്ടെ വെറും 10 ഫോറും എട്ടു സിക്‌സറുമാണ് അഞ്ചിന്നിങ്‌സുകളില്‍ നിന്നും നേടിയത്.
ഹിമാചല്‍ പ്രദേശുമായുള്ള ആദ്യ മല്‍സരത്തില്‍ 27 ബോളില്‍ 44 റണ്‍സുമായാണ് ടൂര്‍ണമെന്റില്‍ വിഷ്ണുവിന്റെ തുടക്കം. സര്‍വീസസിനെതിരേ 62 ബോളില്‍ പുറത്താവാതെ 109 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ബിഹാറിനെതിരേ 17 ബോളില്‍ 32ഉം ചണ്ഡീഗഡിനെതിരേ 23 ബോളില്‍ 42ഉം സിക്കിമിനെതിരേ 43 ബോളില്‍ 79ഉം ഒഡീഷയ്‌ക്കെതിരേ 33 ബോളില്‍ 35ഉം അസമിനെതിരേ ഒമ്പതു ബോളില്‍ അഞ്ചു റണ്‍സിനും വിഷ്ണു പുറത്താവുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് വിഷ്ണു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 23 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം 842 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ലിസ്റ്റ് എ ക്രിക്കറ്റില്‍ 46 മല്‍സരങ്ങളില്‍ നിന്നും അഞ്ചു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കം 1562 റണ്‍സും വിഷ്ണു സ്‌കോര്‍ ചെയ്തു.
ടി20യിലാവട്ടെ 60 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കം 1574 റണ്‍സും വിഷ്ണു സ്‌കോര്‍ ചെയ്തു. വിക്കറ്റ് കീപ്പര്‍ മാത്രമല്ല ഓള്‍റൗണ്ടറും കൂടിയാണ് താരം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒമ്പതു കളിയില്‍ നിന്നും ആറു വിക്കറ്റുകളും വിഷ്ണു വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ മുംബൈ ടീമിന്റെ ഭാഗമാണ് അദ്ദേഹം.