സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ഇടിവെട്ട് പ്രകടനങ്ങള്‍ക്കു ശേഷം സഞ്ജു സാംസണിന്റെ തീപ്പൊരി ഇന്നിങ്‌സുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ശനിയാഴ്ച വൈകീട്ട് സര്‍വീസസുമായിട്ടാണ് കേരളത്തിന്റെ ആദ്യ പോരാട്ടം.
ഇന്ത്യന്‍ കുപ്പായത്തില്‍ കഴിഞ്ഞ രണ്ടു പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ കുറിച്ച സഞ്ജു മാരക ഫോമിലാണ്. കേരളാ ടീമിനൊപ്പവും അദ്ദേഹം ഈ ഫോം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായതിനു ശേഷമാണ് സഞ്ജുവിന്റെ തലവര മാറിയത്.
ഇനി മുഷ്താഖ് അലി ട്രോഫിയില്‍ കേരളാ ടീമിലും അദ്ദേഹം ഇതേ റോള്‍ ഏറ്റെടുക്കുമോയെന്നാണ് അറിനായുള്ളത്. ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ സഞ്ജുവിലാണെങ്കിലും ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുറുപ്പുചീട്ടാവുക വെറ്ററന്‍ സ്റ്റാര്‍ ബാറ്റര്‍ സച്ചിന്‍ ബേബിയായിരിക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മാരക ഫോമില്‍
സഞ്ജു സാംസണ്‍ ഇന്ത്യക്കൊപ്പം മിന്നുന്ന ഫോമിലാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിലും കേരളാ ക്രിക്കറ്റ് ലീഗിലുമെല്ലാം (KCL T20) തകര്‍പ്പന്‍ പ്രകടനം നടത്തിയ ശേഷമാണ് സച്ചിന്‍ ബേബിയെത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നതെന്നു നിസംശയം പറയാം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല, റെഡ് ബോള്‍ ഫോര്‍മാറ്റിലും കസറുകയാണി സച്ചിന്‍.
പ്രഥമ കെസിഎല്ലിലെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. ഏരീസ് കൊല്ലം സെയിലേഴ്‌സ് കെസിഎല്‍ ചാംപ്യന്‍മാരായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ സച്ചിനായിരുന്നു. രണ്ടു സെഞ്ചറികളടക്കം 12 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 528 റണ്‍സാണ്. ഫൈനലിലുള്‍പ്പെടെ അദ്ദേഹം സെഞ്ച്വറിയോടെ മിന്നിക്കുകയും ചെയ്തു.
ഇപ്പോള്‍ രഞ്ജി ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കുന്ന അദ്ദേഹം അവിടെയും കസറുകയാണ്. രോഹന്‍ കുന്നുമ്മല്‍ (294 റണ്‍സ്) കഴിഞ്ഞാല്‍ ടീമിനു വേണ്ടി ഇത്തവണ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് സച്ചിനാണ്. അഞ്ചു മല്‍സരങ്ങളിലെ ഏഴിന്നിങ്‌സുകളിലായി അദ്ദേഹം 280 റണ്‍സ് നേടിക്കഴിഞ്ഞു. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.
ഓള്‍ടൈം സ്‌കോറര്‍
സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ കേരളത്തിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് സച്ചിന്‍ ബേബിയെന്നതാണ് രണ്ടാമത്തെ കാര്യം. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരങ്ങളെയെടുത്താല്‍ അവിടെ 15ാം സ്ഥാനത്തും അദ്ദേഹമുണ്ട്.
2021 മുതല്‍ മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുയാണ് സച്ചിന്‍. 70 ഇന്നിങ്‌സുകളിലായി 30.70 ശരാശരിയില്‍ 131.63 സ്‌ട്രൈക്ക് റേറ്റില്‍ 1781 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 10 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 79 റണ്‍സുമാണ്.
സച്ചിനു താഴെ കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് സഞ്ജു സാംസണ്‍. 68 ഇന്നിങ്‌സുകളിലായി 28.77 ശരാശരിയില്‍ 126.05 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 1698 റണ്‍സാണ്. 16 ഫിഫ്റ്റികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. സച്ചിനെപ്പോലെ തന്നെ അദ്ദേഹത്തിനും ടൂര്‍ണമെന്റില്‍ സെഞ്ച്വറി കുറിക്കാന്‍ ഇനിയുമായിട്ടില്ല.

ക്യാപ്റ്റന്‍സി
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത്തവണ കേരളത്തിനായി ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്റെ അധികച്ചുമതല കൂടി സഞ്ജു സാംസണിനുണ്ട്. നായകനെന്ന നിലയിലുള്ള സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങിനെയും ദോഷകരമായി ബാധിച്ചേക്കും.
നേരത്തേ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ വിക്കറ്റ് കീപ്പിങ് മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിനു കാര്യമായ ചുമതലകളൊന്നും ഇല്ലായിരുന്നു. ഈ കാരണത്താല്‍ അദ്ദേഹത്തിനു കൂടുതല്‍ ഫ്രീയായി സ്വതസിദ്ധമായ അറ്റാക്കിങ് ഗെയിം കാഴ്ചവയ്ക്കാനും കഴിഞ്ഞിരുന്നു.
പക്ഷെ കേരളത്തിനൊപ്പം ഇത്രയും ഫ്രീയായി സഞ്ജുവിനു കളിക്കാനായേക്കില്ല. നായകനായതിനാല്‍ തന്നെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യേണ്ടതായും വരും. മറുഭാഗത്തു സച്ചിന്‍ ബേബിക്കു അത്തരം സമ്മര്‍ദ്ദങ്ങളൊന്നും തന്നെയില്ല. കെസിഎല്ലിലും രഞ്ജി ട്രോഫിയിലും നിര്‍ത്തിയ ഇടത്തു നിന്നു തന്നെ ഈ ടൂര്‍ണമെന്റിലും തുടങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.