സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളം നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായതോടെ സഞ്ജു സാംസണിനെ ഇനി എപ്പോഴായിരിക്കും കളിക്കളത്തില്‍ കാണാനാവുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വലിയ പ്രതീക്ഷയുമായി ഇറങ്ങിയ കേരളാ ടീം ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ആന്ധ്രാ പ്രദേശ്, മുംബൈ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. ഇതോടെ കേരളത്തിനു നോക്കൗട്ടിലേക്കു ടിക്കറ്റ് ലഭിച്ചതുമില്ല.
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററുടെ റോളിലും സഞ്ജുവിനു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ടൂര്‍ണമെന്റായിരുന്നു ഇത്. ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിനു അഞ്ചു കളിയില്‍ നിന്നും കുറിക്കാനായത് ഒരു ഫിഫ്റ്റി മാത്രമാണ്. ഇനി ഏതു ടൂര്‍ണമെന്റിലാണ് സഞ്ജു അടുത്തതായി കളിക്കുക? ഇതേക്കുറിച്ച് വിശദമായി നമുക്കു നോക്കാം.

അടുത്ത ടൂര്‍ണമെന്റേത്?
ഈ മാസം തന്നെ സഞ്ജു സാംസണിനെ ആരാധകര്‍ക്കു വീണ്ടും കളിക്കളത്തില്‍ കാണാന്‍ സാധിക്കും. 21 മുതല്‍ ആരംഭിക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലാണ് അദ്ദേഹം അടുത്തതായി കളിക്കാനിറങ്ങുക. ഈ ചാംപ്യന്‍ഷിപ്പില്‍ കേരളാ ടീമിനെ നയിക്കുന്നതും അദ്ദേഹം തന്നെയാവുമെന്നാണ് സൂചനകള്‍. കേരളാ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്തയാഴ്ച ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
വിജയ് ഹസാരെ ട്രോഫി 21ന് തുടങ്ങുമെങ്കിലും കേരളത്തിന്റെ ആദ്യത്തെ പോരാട്ടം 23ന് ബറോഡയുമായിട്ടാണ്. രാവിലെ 9.30 നാണ് മല്‍സരം തുടങ്ങുക. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 26ന് മധ്യപ്രദേശ്, 28നു ഡല്‍ഹി, 31ന് ബംഗാള്‍, ജനുവരി 3ന് ത്രിപുര, അഞ്ചിന് ബിഹാര്‍ എന്നിവരുമായിട്ടാണ്. ഗ്രൂപ്പ് ഇയിലാണ് കേരളം ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്.
സഞ്ജുവിനു നിര്‍ണായകം
സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ടൂര്‍ണമെന്റ് കൂടിയാണ് വിജയ് ഹസാരെ ട്രോഫി. അതുകൊണ്ടു തന്നെ കേരളത്തിന്റെ ജഴ്‌സിയില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നുറപ്പാണ്. അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കണമെങ്കില്‍ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിനു മിന്നിക്കേണ്ടതുണ്ട്.
കേരളത്തിനൊപ്പം മികച്ച സ്‌കോറുകള്‍ കുറിക്കാനായാല്‍ അതു അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലേക്കും വഴി തുറക്കും. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ഏകദിന പരമ്പരയും ഇതു തന്നെയാണ്. അതിനാല്‍ തന്നെ വിജയ് ഹസാരെ ട്രോഫി വഴി ഇന്ത്യന്‍ ടീമിലെത്തുകയും ഈ പരമ്പരയില്‍ കസറുകയും ചെയ്താല്‍ അതു ചാംപ്യന്‍സ് ട്രോഫി ടീമിലും ഇടം പിടിക്കാന്‍ സഞ്ജുവിനെ സഹായിച്ചേക്കും.
അടുത്ത വര്‍ഷം അവസാനത്തോടെയാണ് ടി20, ഏകദിന പരമ്പരകള്‍ക്കായി ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തുക. അഞ്ചു ടി20കളും മൂന്ന് അകദിനങ്ങളുമാണ് ഇംഗ്ലീഷ് ടീം ഇവിടെ കളിക്കുന്നത്. ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ടു വരെയാണ് ടി20 പരമ്പര. ഏകദിന പരമ്പര ഫെബ്രുവരി ആറു മുതല്‍ 12 വരെയാണ്.

മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം
സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജു സാംസണിന്റെ പ്രകടനമെടുത്താല്‍ ശരാശരിയെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 149.45 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹത്തിനു നേടാനായത് 136 റണ്‍സാണ്. ഒരു ഫിഫ്റ്റിയടക്കമാണിത്. സര്‍വീസസിനെതിരായ ആദ്യ കളിയില്‍ നേടിയ 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതു മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹത്തിനു കാര്യമായൊന്നും എടുത്തു കാണിക്കാനില്ല.
ഗോവയ്‌ക്കെതിരേ 14 ബോളില്‍ 31 റണ്‍സ് നേടാന്‍ സഞ്ജുവിനായെങ്കിലും കരുത്തരായ മുംബൈ, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് എന്നിവര്‍ക്കെതിരേയെല്ലാം തികഞ്ഞ പരാജയമായി മാറി. മഹാരാഷ്ട്രയ്‌ക്കെതിരേ 19ഉം മുംബൈയ്‌ക്കെതിരേ നാലും ആന്ധ്രയ്‌ക്കെതിരേ ഏഴും റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.