ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷ്ദീപ് സിങ് ഡെത്ത് ഓവറുകളിലെ തന്റെ അസാധാരണ മിടുക്ക് ഒരിക്കല്‍ക്കൂടി പുറത്തെടുത്തപ്പോള്‍ ചരിത്രത്തിലാദ്യമായി സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ പഞ്ചാബ് കിരീടം ചൂടി. 400നു മുകളില്‍ റണ്‍സ് പിറന്ന ടി20 പോരില്‍ ബറോഡയ്‌ക്കെതിരേ 20 റണ്‍സിന്റെ ജയത്തോടെയാണ് പഞ്ചാബ് ചാംപ്യന്‍മാരായത്. അര്‍ഷ്ദീപെറിഞ്ഞ 19ാം ഓവറാണ് മല്‍സരത്തിലെ ടേണിങ് പോയിന്റായി മാറിയത്. അവിശ്വസനീയ ബൗളിങായിന്നു ഈ ഓവറില്‍ അദ്ദേഹം കാഴ്ചവച്ചത്. വെറും നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അര്‍ഷ്ദീപ് പിഴുതു.
ബറോഡയ്ക്കു ജയിക്കാന്‍ അവസാന രണ്ടോവറില്‍ ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ വേണ്ടിയിരുന്നത് 33 റണ്‍സായിരുന്നു. 31 ബോളില്‍ നിന്നും 45 റണ്‍സുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ഏഴു ബോളില്‍ നിന്നും 25 റണ്‍സ് വാരിക്കൂട്ടിയ വിഷ്ണു സോളങ്കിയുമായിരുന്നു ക്രീസില്‍. സിദ്ധാര്‍ഥ് കൗളെറിഞ്ഞ 18ാം ഓവറില്‍ 24 റണ്‍സ് ഇരുവരും അടിച്ചെടുത്തിരുന്നു.

പക്ഷെ ഡെത്ത് ഓവറുകളില്‍ തനിക്കെതിരേ സ്‌കോറിങ് അത്ര എളുപ്പമല്ലെന്നു അര്‍ഷ്ദീപ് കാണിച്ചുതന്നു. കിരീടം സ്വപ്‌നം കണ്ട ബറോഡയെ ഞെട്ടിച്ചുകൊണ്ട് ഓവറിലെ ആദ്യ ബോളില്‍ തന്നെ ക്യാപ്റ്റന്‍ കൂടിയായ ക്രുനാലിനെ അര്‍ഷ്ദീപ് പുറത്താക്കുകയായിരുന്നു. പുള്‍ ഷോട്ടിനു ശ്രമിച്ച ക്രുനാലിനെ ലോങ് ഓണില്‍ അന്‍മോല്‍പ്രീത് സിങാണ് പിടികൂടിയത്.
പുതുതായി ക്രീസിലെത്തിയ ശിവാലിക്ക് ശര്‍മയാണ് രണ്ടാമത്തെ ബോള്‍ നേരിട്ടത്. പക്ഷെ ഇതു വൈഡില്‍ കലാശിക്കുകയായിരുന്നു. അടുത്ത ബോളില്‍ ശിവാലിക്കിനെയും പുറത്താക്കി അര്‍ഷ്ദീപ് ബറോഡയെ ഞെട്ടിക്കുകയായിരുന്നു. പുള്‍ ഷോട്ട് കളിച്ച താരത്തിനു ടൈമിങ് പാളിയപ്പോള്‍ ലോങ് ഓണില്‍ കിടിലനൊരു ഡൈവിങ് ക്യാച്ചിലൂടെ അന്‍മോല്‍പ്രീത് സിങ് പുറത്താക്കുകയായിരുന്നു.
വലംകൈയന്‍ ബാറ്ററായ ഭാനു പാനിയയാണ് തുടര്‍ന്നു ക്രീസിലെത്തിയത്. മൂന്നാമത്തെ ബോളില്‍ പാനിയയും അടുത്ത ബോളില്‍ സോളങ്കിയും സിംഗിളുകള്‍ നേടി. അഞ്ചാമത്തെ ബോളില്‍ പാനിയയെയും അര്‍ഷ്ദീപ് വീഴ്ത്തി. ഓഫ് സ്റ്റംപിന് പുറത്ത് ഒരു താഴ്ന്ന ഫുള്‍ ടോസായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. പാനിയയുടെ ഷോട്ട് ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നേരെ നമാന്‍ ധീറിന്റെ കൈകളിലേക്കാണ് വന്നത്. അഞ്ചാമത്തെ ബോള്‍ വൈഡാക്കിങ്കെിലും അവസാന ബോളില്‍ അര്‍ഷ്ദീപ് റണ്ണൊന്നും വഴങ്ങിയതുമില്ല. നാലോവറില്‍ 23 റണ്‍സിനു നാലു വിക്കറ്റുകളാണ് പേസര്‍ വീഴത്തിയത്.

ഈ ഓവറോടെ കളി പൂര്‍ണമായും പഞ്ചാബിലേക്കു തിരിയുകയും ചെയ്തു. ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ 20ാം ഓവറില്‍ ബറോഡയ്ക്കു ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ എട്ടു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. ഒരു വിക്കറ്റും കൈവിട്ടു. ഇതോടെ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബറോഡ ഏഴു വിക്കറ്റിനു 203 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.
നേരത്തേ മൂന്നാം നമ്പറില്‍ കളിച്ച അന്‍മോല്‍പ്രീതിന്റെ കിടിലന്‍ സെഞ്ച്വറിയാണ് പഞ്ചാബിനെ നാലു വിക്കറ്റിനു 223 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അന്‍മോല്‍പ്രീത് വെറും 61 ബോളില്‍ 10 ഫോറും ആറു സിക്‌സറുമടക്കം 113 റണ്‍സ് വാരിക്കൂട്ടി. 27 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കം 61 റണ്‍സ് അടിച്ചെടുത്ത നെഹാല്‍ വദേരയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. മറുപടിയില്‍ 61 റണ്‍സെടുത്ത അഭിമന്യു സിങാണ് ബറോഡയുടെ ടോപ്‌സ്‌കോറര്‍.