മിര്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശിനെ ന്യൂസീലന്‍ഡ് നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് 6 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ന്യൂസീലന്‍ഡിന്റെ ജയത്തോടെ ഏറ്റവും തിരിച്ചടി നേരിട്ടത് ബംഗ്ലാദേഷ് താരം മുഷ്ഫിഖര്‍ റഹീമിനാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ വലിയൊരു നാണക്കേടിലേക്കാണ് മുഷ്ഫിഖര്‍ പേരുചേര്‍ത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം തോല്‍ക്കുന്ന താരമെന്ന നാണക്കേടാണ് മുഷ്ഫിഖറിനെ തേടിയെത്തിയിരിക്കുന്നത്. ഇത് 257ാമത്തെ മത്സരത്തിലാണ് മുഷ്ഫിഖര്‍ തോല്‍ക്കുന്നത്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നാണക്കേടില്‍ നിന്ന് രക്ഷപെട്ടു. 256 തോല്‍വികളുടെ ഭാഗമായിരുന്നു സച്ചിന്‍. മുഷ്ഫിഖര്‍ 257 തോല്‍വികളുടെ ഭാഗമായതോടെ സച്ചിന്‍ വലിയൊരു നാണക്കേടില്‍ നിന്നാണ് രക്ഷപെട്ടിരിക്കുന്നത്.
249 തവണ തോല്‍വി വഴങ്ങിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 241 മത്സരം തോറ്റപ്പോള്‍ മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസവുമായ സനത് ജയസൂര്യ 240 മത്സരവും തോറ്റു. ഷക്കീബ് അല്‍ ഹസന്‍ 234 മത്സരങ്ങളിലും പരാജയപ്പെട്ടു. കരിയറിന്റെ അവസാന ഘട്ടത്തിലൂടെ നീങ്ങുന്ന മുഷ്ഫിഖര്‍ക്ക് വലിയ നാണക്കേടായി ചതോല്‍വി മാറിയിരിക്കുകയാണ്.
രണ്ടാം ടെസ്റ്റിലും ആവേശകരമായ പോരാട്ടമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സില്‍ ഓള്‍ഔട്ടായി. 35 റണ്‍സുമായി ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായത് മുഷ്ഫിഖര്‍ റഹീമായിരുന്നു. ഷഹദത്ത് ഹൊസൈന്‍ 31 റണ്‍സും മെഹതി ഹസന്‍ മിറാസ് 20 റണ്‍സും നേടി. ബംഗ്ലാദേശിന്റെ ടോപ് ഓഡറിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മധ്യനിരക്കും വാലറ്റത്തിനുമായി.

ന്യൂസീലന്‍ഡിനായി മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ടും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിനും ബാറ്റിങ് തകര്‍ച്ച നേരിട്ടു. 180 റണ്‍സിനാണ് ന്യൂസീലന്‍ഡ് ഓള്‍ഔട്ടായത്. മധ്യനിരയില്‍ 87 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ന്യൂസീലന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 72 പന്തില്‍ നിന്ന് 9 ഫോറും 4 സിക്‌സുമാണ് ഫിലിപ്‌സ് പറത്തിയത്.
കെയ്ല്‍ ജാമിസന്‍ 20 റണ്‍സും നേടി. മറ്റൊരു കിവീസ് താരത്തിനും 20ന് മുകളില്‍ റണ്‍സ് നേടാനായില്ല. ബംഗ്ലാദേശിനായി മെഹതി ഹസന്‍ മിറാസും തയ്ജുല്‍ ഇസ്ലാമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷൊറിഫുല്‍ ഇസ്ലാമും നയീം ഹസനും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 144 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് നേടിയത്. 59 റണ്‍സ് നേടിയ സക്കീര്‍ ഹസന്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
6 ഫോറും 1 സിക്‌സുമാണ് താരം പറത്തിയത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 15 റണ്‍സാണ് നേടിയത്. തയ്ജുല്‍ ഇസ്ലാം 14 റണ്‍സും നേടി. അജാസ് പട്ടേല്‍ ന്യൂസീലന്‍ഡിനായി ആറ് വിക്കറ്റ് പ്രകടനം നടത്തി. 137 എന്ന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്കിറങ്ങിയ ബംഗ്ലാദേശ് നന്നായി വിയര്‍ത്തു. ഗ്ലെന്‍ ഫിലിപ്‌സിന്റെയും (40) മിച്ചല്‍ സാന്റ്‌നറുടേയും (35) പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ന്യൂസീലന്‍ഡിനെ രക്ഷിച്ചതും വിജയത്തിലേക്കെത്തിച്ചതും.