
രണ്ടു ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയും രാജ്യത്തിനു നേടിത്തന്ന ധോണി ഇപ്പോഴും കളി തുടരുകയാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. ധോണിക്കു ശേഷം ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും എന്നാല്‍ പല കാരണങ്ങളാലും അദ്ദേഹത്തേക്കാള്‍ നേരത്തേ വിരമിക്കുകയും ചെയ്ത ചില ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ആര്‍പി സിങ്
മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങാണ് ഇക്കൂട്ടത്തിലെ ആദ്യത്തെയാള്‍. മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹം 2005ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കം കുറിച്ചത്. സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു അരങ്ങേറ്റ മല്‍സരം. മികച്ച പ്രകടനങ്ങളിലൂടെ ആര്‍പി ദേശീയ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

14 ടെസ്റ്റുകളും 58 ഏകദിനങ്ങളും അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഇവയില്‍ 5.48 എന്ന മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിയാനും സാധിച്ചു. ഏകദിനത്തില്‍ 69ഉം ടെസ്റ്റില്‍ 40ഉം വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഐപിഎല്ലിലും ആര്‍പി കളിക്കുകയും 90 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പക്ഷെ പരിക്കുകള്‍ ആര്‍പിയുടെ കരിയറില്‍ വില്ലനായി മാറി. ഒടുവില്‍ 2018ല്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയും ചെയ്തു.

പ്രഗ്യാന്‍ ഓജ
ഇടംകൈന്‍ സ്പിന്‍ ബൗളറായിരുന്ന പ്രഗ്യാന്‍ ഓജ 2005ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റ് ക്രിക്കറ്റിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 24 ടെസ്റ്റുകളില്‍ നിന്നും 2.69 ഇക്കോണമി റേറ്റില്‍ 113 വിക്കറ്റുകള്‍ നേടാന്‍ ഓജയ്ക്കു സാധിച്ചു. കൂടാതെ 18 ഏകദിനങ്ങളും ആറു ടി20യും അദ്ദേഹം കളിക്കുകയും ചെയ്തു.

2013ല്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ ടെസ്റ്റിലാണ് ഓജ അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മുംബൈയിലെ വാംഖഡെയിലായിരുന്നു മല്‍സരം. ഈ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഓജയായിരുന്നു.
രവീന്ദ്ര ജഡേജ ഉയര്‍ന്നുവന്നതോടെ ഓജയുടെ കരിയര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ 2020ല്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയുമായിരുന്നു.

മുനാഫ് പട്ടേല്‍
വലംകൈയന്‍ ഫാസ്റ്റ് ബൗളഫായ മുനാഫ് പട്ടേല്‍ 2006 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. 13 ടെസ്റ്റുകളിലും 70 ഏകദിനങ്ങളിലും അദ്ദേഹം കളിക്കുകയും ചെയ്തു. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോാകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ മുനാഫുമുള്‍പ്പെട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
140 കിമി വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നുവന്നതോടെ 2011ലെ ലോകകപ്പിനു ശേഷം മുനാഫിന്റെ അവസരങ്ങല്‍ കുറഞ്ഞു. 2018ല്‍ ക്രിക്കറ്റില്‍ നിന്നു അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രവീണ്‍ കുമാര്‍
ഇന്ത്യയുടെ മറ്റൊരു വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായിരുന്നു പ്രവീണ്‍ കുമാര്‍. 2007ല്‍ ചിരവൈരികളായ പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള തന്ത്രശാലിയായ ബൗളറായിരുന്നു പ്രവീണ്‍. ഇന്ത്യക്കു വേണ്ടി ആറു ടെസ്റ്റുകളില്‍ നിന്നും 27ഉം 68 ഏകദിനങ്ങളില്‍ നിന്നും 77ഉം വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
2008ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ തിരാഷ്ട്ര ഏകദിന പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ പ്രവീണിനു സാധിച്ചിരുന്നു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ കന്നി നിശ്ചിത ഓവര്‍ പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. മികച്ച പ്രകടനം നടത്തിയിട്ടും പ്രവീണിനു കൂടുതല്‍ അവസരങ്ങള്‍ പിന്നീട് ലഭിച്ചില്ല. യുവതാരങ്ങളുടെ കുത്തൊഴുക്കില്‍ അദ്ദേഹം ടീമിനു പുറത്തായി. 2018ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ട്വിറ്ററിലൂടെ പ്രവീണ്‍ അറിയിക്കുകയായിരുന്നു.


Click it and Unblock the Notifications











