ഐപിഎല്‍: മുംബൈയുടെ മുന്നേറ്റം തടയാന്‍ കെകെആറിനാവുമോ? ഈഡനില്‍ ഇടിവെട്ട് പോരാട്ടം
കൊല്‍ക്കത്ത: രണ്ടു തുടര്‍ ജയങ്ങളുമായി ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുന്ന മുംബൈ ഇന്ത്യന്‍സ് ഹാട്രിക് ജയം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഏറ്റുമുട്ടും. രാത്രി എട്ടു മണിക്കു കെകെആറിന്റെ ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനിലാണ് മല്‍സരം. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മുംബൈക്കു ഈ മല്‍സരത്തില്‍ ജയം അനിവാര്യമാണ്.
10 മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ആറു തോല്‍വിയുമടക്കം എട്ടു പോയിന്റുമായി മുംബൈ അഞ്ചാംസ്ഥാനത്തുണ്ട്. രണ്ടു പോയിന്റ് മുകളിലായി കൊല്‍ക്കത്തയാണ് തൊട്ടു മുകളിലുള്ളത്. കെകെആറിനെ അവരുടെ മൈതാനത്ത് മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ മുംബൈക്കു നാലാംസ്ഥാനത്തക്കു മുന്നേറാം.

മുംബൈ മാജിക്ക് ആവര്‍ത്തിക്കുമോ?
പുറത്താവലിന്റെ വക്കില്‍ നിന്നും നേരത്തേയും അവിസ്മരണീയ തിരിച്ചുവരവ് നടത്തിയിട്ടുള്ള മുംബൈ സമാനമായൊരു മാജിക്കാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ച മുംബൈ ഇതിന്റെ സൂചനയാണ് നല്‍കുന്നത്. തുടര്‍ച്ചായി രണ്ടാമത്തെ കളിയിലാണ് മുംബൈയും കെകെആറും നേര്‍ക്കുനേര്‍ വരുന്നത്. മെയ് ആറിന് മുംബൈയില്‍ നടന്ന മല്‍സരത്തില്‍ കെകെആറിനെ രോഹിത്തും സംഘവും 13 റണ്‍സിനു പരാജയപ്പെടുത്തിയിരുന്നു. ഇതേ പ്രകടനം ഈഡനിലും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് മുംബൈ.

ടോപ്പ് ഫോറില്‍ തുടരാന്‍ കെകെആര്‍
ജയത്തോടെ ടോപ്പ് ഫോര്‍ സ്ഥാനം നിലനിര്‍ത്താനവാവുമെന്ന പ്രതീക്ഷയിലാണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 10 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.
ഈ സീസണില്‍ സമ്മിശ്ര പ്രകടനമാണ് കെകെആര്‍ നടത്തുന്നത്. അവസാനത്തെ അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച കൊല്‍ക്കത്ത മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു.

കണക്കുകളില്‍ മുംബൈ മുന്നില്‍
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കെകെആറിന് ആശ്വാസം നല്‍കുന്നതല്ല കാര്യങ്ങള്‍. 22 മല്‍സരങ്ങളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 17ലും ജയം മുംബൈക്കായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കു വിജയിക്കാനായത്. ഈഡന്‍ ഗാര്‍ഡനിലും മുംബൈക്കു തന്നെയാണ് മുന്‍തൂക്കം. എട്ടു മല്‍സരങ്ങളില്‍ മുംബൈ ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ രണ്ടു കളിയിലാണ് കൊല്‍ത്ത ജയം നേടിയത്.

രോഹിത്തിന് നൂറാം മല്‍സരം
ട്വന്റി 20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ 100ാമത് മല്‍സരമാണിത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം. എംഎസ് ധോണി, ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരാണ് സെഞ്ച്വറി ക്ലബ്ബിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.
തകര്‍പ്പന്‍ പ്രകടനത്തോടെ ക്യാപ്റ്റന്‍ കുപ്പായത്തില്‍ തന്റെ 100ാം മല്‍സരം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹിറ്റ്മാനെന്നു വിളിപ്പേരുള്ള രോഹിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications