ഐപിഎല്‍: ഡു ഓര്‍ ഡൈ... രണ്ടും കല്‍പ്പിച്ച് മുംബൈയും ആര്‍സിബിയും, ലക്ഷ്യം ജയം മാത്രം
ബെംഗളൂരു: ഐപിഎല്ലില്‍ നിലനില്‍പ്പ് തേടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുഖാമുഖം. രാത്രി എട്ടിന് ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. ടൂര്‍ണമെന്റ് പാതിവഴി പിന്നിട്ടുനില്‍ക്കെ മുംബൈയുടെയും ആര്‍സിബിയുടെയും പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിസാണ്. എട്ടു ടീമുകളുള്ള ഐപിഎല്ലില്‍ മുംബൈ ആറാമതും ആര്‍സിബി ഏഴാമതുമാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമിനെയും തുണയ്ക്കില്ല.
ഇരുടീമും സീസണില്‍ ഏഴു മല്‍സരങ്ങള്‍ വീതമാണ് കളിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. ഇനി ഏഴു കളികളില്‍ ബാക്കിനില്‍ക്കെ എല്ലാ മല്‍സരങ്ങളും ബാംഗ്ലൂരിനും മുംബൈക്കും ഒരുപോലെ നിര്‍ണായകമാണ്.

ആര്‍സിബിയെ വലയ്ക്കുന്ന ബൗളിങ്
ബൗളര്‍മാരാണ് ഈ സീസണില്‍ ആര്‍സിബിയുടെ തോല്‍വിക്കു മുഖ്യ കാരണക്കാര്‍. എത്ര വലിയ ടോട്ടല്‍ ബാറ്റ്‌സ്മാന്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ ബൗളിങ് നിരയ്ക്കു സാധിക്കുന്നില്ല. അവസാനമായി കളിച്ച മല്‍സരങ്ങളില്‍ ചെന്നൈക്കെതിരേ 206ഉം കൊല്‍ക്കത്തയ്‌ക്കെതിരേ 175ഉം റണ്‍സ് നേടിയിട്ടും ആര്‍സിബിക്കു ജയിക്കാന്‍ കഴിഞ്ഞില്ല.
ആദ്യം ബൗളിങ് തിരഞ്ഞെടുത്തപ്പോഴും വ്യത്യസ്തമല്ല കാര്യങ്ങള്‍. ഒട്ടേറെ റണ്‍സാണ് ബൗളര്‍മാര്‍ എതിര്‍ ടീമിനു വിട്ടുകൊടുത്തത്.
ബാറ്റിങില്‍ സീസണില്‍ ഇതുവരെ 9.13 എന്ന മികച്ച ശരാശരിയിലാണ് ആര്‍സിബി റണ്‍സ് നേടിയിട്ടുള്ളത്. പക്ഷെ ബൗളര്‍മാര്‍ 9.63 എന്ന അതിനേക്കാള്‍ വലിയ റണ്‍റേറ്റില്‍ റണ്‍സ് വഴങ്ങുന്നത് അവര്‍ക്കു തിരിച്ചടിയാവുകയായിരുന്നു.

മുംബൈയുടെ തിരിച്ചുവരവ്
തുടര്‍ച്ചയായ തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ആര്‍സിബിയുടെ തട്ടകത്തിലെത്തുന്നത്.
ഈ സീസണില്‍ മുംബൈയും ആര്‍സിബിയും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന കളിയില്‍ ആര്‍സിബിയെ മുംബൈ 46 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. സീസണില്‍ മുംബൈയുടെ ആദ്യ ജയം കൂടിയായിരുന്നു ഇത്.

ക്യാപ്റ്റന്‍മാര്‍ തുറുപ്പുചീട്ടുകള്‍
ഇരുടീമിന്റെയും തുറുപ്പുചീട്ടുകള്‍ അവരുടെ ക്യാപ്റ്റന്‍മാര്‍ തന്നെയാണ്. മുംബൈയുടെ വിജയസാധ്യതകള്‍ രോഹിത്തിന്റെ പ്രകടനത്തെ ആശ്രയിച്ചാണെങ്കില്‍ കോലിയുടെ ഇന്നിങ്‌സിലാണ് ആര്‍സിബിയുടെ പ്രതീക്ഷ.
രോഹിത്തിനെ കൂടാതെ ഈ സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോററായ സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, എവിന്‍ ലൂയിസ് എന്നിവരിലും മുംബൈക്ക് ഏറെ പ്രതീക്ഷയുണ്ട്.
അതേസമയം, കോലിയെക്കൂടാതെ ചില ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ ആര്‍സിബി നിരയിലുണ്ട്. അസുഖത്തെ തുടര്‍ന്നു തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നിന്നും വിട്ടുനിന്ന സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് മുംബൈക്കെതിരേ കളിക്കുമോയെന്ന കാര്യം ഉറപ്പില്ല. ഡിവില്ലിയേഴ്‌സിനു പകരം കളിച്ച മറ്റൊരു വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലം 28 പന്തില്‍ 38 റണ്‍സോടെ തിളങ്ങിയിരുന്നു.

ചഹലും യാദവും
പേസര്‍ ഉമേഷ് യാദവും സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലും ഫോമിലേക്കുയര്‍ന്നാല്‍ മാത്രമേ ബാംഗ്ലൂരിന് ജയം സ്വപ്‌നം കാണേതുള്ളൂ. ചില മല്‍സരങ്ങളില്‍ ഗംഭീരമായി പന്തെറിഞ്ഞിട്ടുള്ള യാദവ് പക്ഷെ മറ്റു മല്‍സരങ്ങളില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. സീസണില്‍ ഇതുവരെ ഏഴു വിക്കറ്റുകള്‍ നേടിയിട്ടുള്ള ചഹലാണ് ആര്‍സിബി നിരയില്‍ ഏറ്റവും കുറച്ച് റണ്‍സ് വഴങ്ങിയിട്ടുള്ള ബൗളര്‍.
അതേസമയം, മിച്ചെല്‍ മക്ലെനഗന്‍, മയാങ്ക് മര്‍ക്കാന്‍ഡെ, ജസ്പ്രീത് ബുംറ എന്നിവരുള്‍പ്പെടുന്ന ശക്തമായ ബൗളിങ് നിരയാണ് മുംബൈയുടേത്. കോലിയെ മക്ലെനഗന്‍ ഇതുവരെ നാലു തവണ പുറത്താക്കിയപ്പോള്‍ ഡിവില്ലിയേഴ്‌സിനെ ക്രുനാല്‍ പാണ്ഡ്യയും നാലു വട്ടം പുറത്താക്കിയിട്ടുണ്ട്.

കണക്കുകളില്‍ മുംബൈ മുന്നില്‍
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബാംഗ്ലൂരിനെതിരേ മികച്ച റെക്കോര്‍ഡാണ് മുംബൈക്കുള്ളത്. ഇതുവരെ 22 തവണയാണ് ഇരുടീമും ഐപിഎല്ലില്‍ മാറ്റുരച്ചത്. ഇതില്‍ 14ലും ജയം മുംബൈക്കൊപ്പമായിരുന്നു. എട്ടെണ്ണത്തിലാണ് ആര്‍സിബിക്കു ജയിക്കാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications