Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിന്റെ കഷ്ടകാലം തീര്‍ന്നില്ല, മുംബൈ ക്യാപ്റ്റന്‍സിയും പോയേക്കും? സൂര്യയുടെ 'ബെസ്റ്റ് ടൈം'

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്. അവസാന ടി20 ലോകകപ്പ് കിരീടം ഇന്ത്യ അലമാരയിലെത്തിച്ചത് ഹാര്‍ദിക്കിന്റെ മികവിലാണെന്ന് പറയാം. അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്.

എന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതോടെ ഹാര്‍ദിക്കിന്റെ കഷ്ടകാലം ആരംഭിച്ചിരിക്കുകയാണെന്ന് പറയാം. ഹാര്‍ദിക്കിനെ മാറ്റി സൂര്യകുമാര്‍ യാദവിനെയാണ് ഗംഭീര്‍ പുതിയ ടി20 നായകനാക്കിയിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം പോലും ഹാര്‍ദിക്കിന് നല്‍കാതെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. ഇതിന് പിന്നാലെ ഹാര്‍ദിക്കിന് മുന്നില്‍ ചില നിബന്ധനകളും ഗംഭീര്‍ വെച്ചിട്ടുണ്ടെന്നാണ് വിവരം.

ടെസ്റ്റ് കളിക്കണമെന്നും ഏകദിനത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നുമെല്ലാം ഗംഭീര്‍ ഹാര്‍ദിക്കിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതൊന്നും ഹാര്‍ദിക് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമെന്നാണ് വിവരം. എന്നാല്‍ ഹാര്‍ദിക്കിന്റെ കഷ്ടകാലം തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക്കിനെ നീക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

അവസാന സീസണില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. വേണ്ടത്ര ചര്‍ച്ചകളില്ലാതെയാണ് രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനത്തേക്കെത്തിച്ചത്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ തഴഞ്ഞാണ് ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയത്. മുംബൈ ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.

suryakumar yadav

ഇന്ത്യയുടെ അടുത്ത ടി20 നായകനാവുക ഹാര്‍ദിക് പാണ്ഡ്യയാവുമെന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ. എന്നാല്‍ ഗംഭീര്‍ വന്നതോടെ ഈ പദ്ധതികളെല്ലാം പൊളിഞ്ഞു. സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കിയതോട മുംബൈയും നായകനെ മാറ്റാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇന്ത്യയുടെ ടി20 നായകന്‍ ടീമിലുണ്ടായിട്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കാതിരിക്കുന്നത് മുംബൈയെ സംബന്ധിച്ച് വലിയ പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ തഴയാന്‍ മുംബൈയും നിര്‍ബന്ധിതരാവുന്നു.

ഹാര്‍ദിക്കിനെതിരേ സഹതാരങ്ങളുടെ പ്രതിഷേധവും ശക്തമാണ്. തന്നിഷ്ടക്കാരനായ ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ. ഇത് പല താരങ്ങള്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. സീനിയര്‍ താരങ്ങളോട് ബഹുമാനമില്ലാത്ത ഹാര്‍ദിക് യുവതാരങ്ങളോടും ഏകാധിപത്യ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അതുകൊണ്ടുതന്നെ തിലക് വര്‍മയടക്കം അവസാന സീസണില്‍ ഹാര്‍ദിക്കുമായി ഉടക്കിയിരുന്നു. ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് സൂര്യകുമാര്‍ തുടരുമെന്നുറപ്പാണ്.

അത്ര പെട്ടെന്ന് ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെ മാറ്റിയേക്കില്ല. അതുകൊണ്ടുതന്നെ മുംബൈക്ക് ഹാര്‍ദിക്കിനെ നായകസ്ഥാനത്ത് നിന്ന് മാറ്റേണ്ടതായി വരും. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഹാര്‍ദിക് കടന്ന് പോകുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് നായകസ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഹാര്‍ദിക്കിന് കഷ്ടകാലമാണ്. മുംബൈയുടെ നായകനായതോടെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരുമായുള്ള ബന്ധം മോശമായി.

അവസാന സീസണില്‍ മുംബൈ അവസാനക്കാരായി മാറുകയും ചെയ്തു. സ്വന്തം ആരാധകരില്‍ നിന്ന് കൂവല്‍ നേരിടേണ്ടി വന്നു. കുടുംബ ബന്ധത്തിലും തകര്‍ച്ച നേരിട്ടു. ഹാര്‍ദിക്കും ഭാര്യ നഡാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞുവെന്നാണ് വിവരം. ഇപ്പോഴിതാ ഇന്ത്യയുടെ നായകസ്ഥാനവും പോയിരിക്കുന്നു. ഗംഭീര്‍ പരിശീലകനായിരിക്കുമ്പോള്‍ ഹാര്‍ദിക്കിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമായേക്കില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ നിലപാട് എന്താകുമെന്നതാണ് കണ്ടറിയേണ്ടത്.

അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പുതിയ പരിശീലകന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. സഹതാരങ്ങള്‍ ഹാര്‍ദിക്കിനെ പിന്തുണക്കാത്തതിനാല്‍ മുംബൈയുടെ നായകസ്ഥാനത്ത് തുടരുക ഹാര്‍ദിക്കിന് പ്രയാസമാവുമെന്നുറപ്പ്.

Story first published: Saturday, July 20, 2024, 7:23 [IST]
Other articles published on Jul 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+